Friday, October 25, 2024

ചായ ( കവിത)

 ചായ 

(കവിത : സജീവ്കുമാർ ശശിധരൻ )



നാട് തിളച്ചു 

തുളുമ്പിതെറിക്കുന്നു 

നിറമുള്ള കോപ്പയിലെ 

ചായപോലെ .


ആറിതണുത്താലും 

കൊള്ളുകില്ല .

ഏറെ തിളച്ചാലും 

കൊള്ളുകില്ല .


പലരുചി ചായയെ

മോന്തികുടിച്ചിട്ട് 

അവരുപറഞ്ഞു 

രുചി ഒന്നുതന്നെ .  


രുചി ചത്ത നാവിനെ 

ഞാനെന്ത് ചൊല്ലുവാൻ 

ചില തിള തുള്ളികൾ

ചെന്ന് വീണതാവാം . 



Monday, October 7, 2024

ദിനം : ചെറുകഥ

 ദിനം 

(ചെറുകഥ )


ഒരു വെളുത്ത് വരയിട്ട പേപ്പർ മുന്നിൽ  കൈയ്യിൽ കറുത്ത മഷിയിൽ ഹീറോ പെൻ . ചുറ്റും പത്തോളം പെൺകുട്ടികൾ  എല്ലാവരും ഓർമ്മകളിൽ പരതുന്നു . കഥ എഴുത്ത് മത്സരം . പേര് കൊടുക്കുമ്പോൾ  അറിഞ്ഞിരുന്നില്ല . ആണായി ഞാൻ മാത്രമായിരിക്കുമെന്ന് . മത്സരത്തിന് കയറുമ്പോൾ ആൺകുട്ടികളിൽ പലരും പറഞ്ഞു . " ഡാ , നീ എന്ത് എഴുതിയാലും കാര്യമില്ല . പെണ്ണെഴുത്തിലാ കാര്യം , മറിയാമ്മ ടീച്ചർ വെട്ടി വെയിലത്ത് വെയ്ക്കും " 

മറിയാമ്മ ; ആൺകുട്ടികളുടെ പേടിസ്വപ്നം . വേണ്ടായിരുന്നു , ഞാൻ എന്ത് എഴുതിയാലും അവർ വെട്ടും  . വരകൾ നിറഞ്ഞ  പേപ്പർ എന്നെ നോക്കി കളിയാക്കി . 'ദിനം 'എന്ന വിഷയം മറിയാമ്മ ടീച്ചർ ബോർഡിൽ എഴുതിയിട്ടു . " മുപ്പത് മിനിറ്റ് സമയം "  ടീച്ചർ  പറഞ്ഞു . പിന്നെ എൻ്റെ അടുത്തേയ്ക്ക് വന്നു , ചിരിച്ചു . " ആ  നീയുമുണ്ടോ ? " , ഞാനും ഒരു ചിരിവരുത്തി . ചുറ്റുമുള്ള തരുണീമണികളെ ഒളികണ്ണിട്ട് നോക്കി . എല്ലാരിലും ഒരു പുച്ഛഭാവം .  ഞാൻ എൻ്റെ ചിന്തയിൽ തിരഞ്ഞു . ഒന്നുമില്ല . രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ അച്ഛൻ പറഞ്ഞ കാര്യം ഓർമ്മവന്നു . " വിഷയം ചുറ്റിലുമുണ്ട് . ഒന്നും കിട്ടിയില്ലേ നിനക്ക് ഇന്ന് നടന്ന കാര്യങ്ങൾ ഏഴുതിവെയ്ക്ക് , ഒന്നും എഴുതാതിരിക്കരുത് ." ഇതാണ് എൻ്റെ ദിനം , നിങ്ങൾ വായിക്കുന്ന ഈവരികൾ . ഈ നിമിഷം . ഇനി ഞാൻ എൻ്റെ പേര്കൂടി എഴുതി ചേർക്കുമ്പോൾ ഈ ചെറുകഥ പൂർത്തിയാകും . വെട്ടിയെറിഞ്ഞാലും ഇല്ലെങ്കിലും .


സജീവ്കുമാർ ശശിധരൻ 

Sunday, September 29, 2024

ജലകന്യക : കവിത

 ജലകന്യക 

കവിത : സജീവ്കുമാർ ശശിധരൻ 



കടലവൾ 

മുടിയാഴിച്ചടുന്ന നേരമാ 

കരിമണൽ 

കൂടിയൊരു ശിൽപ്പമായി .


ഈടയിലായെപ്പഴോ 

ഒരു മുത്ത് വന്നൊരാ 

പ്രതിമയെ തോട്ടതിൽ 

ജീവനായി .


ഞാൻ നോക്കി നിൽക്കവേ 

ആ പെൺ പ്രതിമയെ 

ഒരു തിര വന്നങ്ങ് 

കൊണ്ടുപോയി .


ദൂരേയ്ക്ക് നീന്തി 

അകലുന്ന പെണ്ണെന്നെ 

കണ്ടവൾ മാടി 

വിളിച്ചു പിന്നെ .


നീന്തുവാനറിയാതെ  

ചാടുന്ന ഞാനുമാ  

ആഴത്തിലെവിടെയോ 

താണുപോയി .


കണ്ണ് തുറന്നു ഞാൻ 

നോക്കുന്ന നേരത്ത് 

മുത്തുകൾ ചിപ്പികൾ 

പവിഴമല .


വട്ടം വലംവെച്ച 

പെണ്ണിനെ കണ്ടുഞാൻ 

കാലുകളില്ലാത്ത 

ജലകന്യക .



Thursday, September 5, 2024

ആത്മഹത്യ : കവിത

 ആത്മഹത്യ 

കവിത :സജീവ്കുമാർ ശശിധരൻ 


നേരുള്ള നുണയൊന്നു 

ചൊല്ലി ഞാനവളോട് .

അവളുടെ ചിരിയിൽ 

കണ്ടെൻ്റെ  ആനന്ദം .


തള്ളുവാനിനിയില്ല 

കൈകൾക്ക് ബലമില്ല 

ഒരുതുള്ളി വിഷമുണ്ട് 

അത് ഞാൻ പകുക്കില്ല 


ദിനമെന്നെ വരിയുന്ന 

വിഷമുള്ള കരിസർപ്പം 

നൊടി,പോലുമോടാതെ 

നോക്കിച്ചിരിക്കുന്നു .


കടലുപോലിളകുന്നു 

ചിന്തതൻ  കാഠിന്യം .

മുഷ്‌ടിയിൽ ചിരിക്കുന്നു  

വിഷമെന്ന ആ തുള്ളി .


ഇരുളാണ് ചുറ്റുമെൻ 

നെഞ്ചിലുമിരുളാണ്. 

നേരുള്ള നുണയിലോ  

ഉറങ്ങുന്നു  സുന്ദരി .


ചുണ്ടിലാ ചിരിയുണ്ട് 

എന്നിലെ   ആനന്ദം .

ആ  നൊടി ആ തുള്ളി 

ദൂരേക്കെറിഞ്ഞു ഞാൻ 


അറിയാതെ അവളോട്‌ 

ചേർന്ന് കിടന്നു ഞാൻ 

അവളുടെ ആ ചിരി 

എന്നിൽ പടർന്നുവോ 


ദിനമുണ്ട് ,ഈ ചിരി 

മായാതെ നോക്കണം 

കരി സർപ്പം വരിയട്ടെ  

ചരിക്കണം ചിരിയോടെ .

Sunday, August 25, 2024

എൻ്റെ പക:കവിത

 എൻ്റെ പക 

(കവിത : സജീവ്കുമാർ ശശിധരൻ )

 

കൈബലമല്ലയെൻ 

കടലാസ് പകചൊല്ലും .


ഒരു വരി നൂറാണ് 

ആ നൂറിൽ ഞാനുണ്ട് .


തിളകോരി വെച്ചപോൽ 

പൊഴിയുന്ന വാക്കുണ്ട് .


അതിലോരോ വാക്കിലും 

പകയുണ്ട് ,പൊരുളുണ്ട് .


വരുണുണ്ട് മാരിപോൽ 

മറക്കണ്ട പങ്കാളി .

Tuesday, August 20, 2024

യക്ഷിയും ഞാനും : കവിത

 യക്ഷിയും ഞാനും 

(കവിത : സജീവ്കുമാർ ശശിധരൻ )



ഒരിക്കൽ ,ഒരുനാൾ 

ഒരു പാതിരാവിൽ .

ഓമനയാളെത്തി 

ഓരോല തന്നു .


പ്രണയമൂറി 

പടരുന്ന പോൽ  

പകിടകളിപോലൊരു 

മധുരലേഖനം 


നിണ മിറ്റ്‌ വീഴുന്ന 

ലിപികളിൽ 

കണ്ടെൻ്റെ ഗളമതിൽ 

ആഴുന്ന ദ്രമ്ഷ്ഠകളും 


നേരം വെളുക്കുവാൻ 

കാക്കാതെയന്നുഞാൻ 

പാഞ്ഞും പറന്നും  

നഗരമെത്തി .


നിലകളിലൊന്നിൽ 

നീളുന്ന ജീവിതം

ഇടതടമില്ലെയെൻ 

നിണമിറ്റുപോയ്‌ .


നടന്നുമിഴഞ്ഞും

വീടെത്തിയെന്നുടെ 

ജനവാതിൽ തള്ളി 

തുറന്നിട്ടു ഞാൻ .


പട്ടിട്ട് ചാന്തിട്ട് 

കരിവളയിട്ടവൾ 

കാറ്റായ് വരുന്നതും 

നോക്കിനിന്നു .


എൻ്റെ ഭയമെന്ന 

ചിന്തയും ഞാൻ മറന്നു.

എൻ്റെ ഹൃദയം തുറന്ന് 

ഞാൻ കാത്തിരുന്നു .

Tuesday, August 13, 2024

പ്രജയുടെ സ്വതന്ത്രത : കവിത

 

പ്രജയുടെ സ്വതന്ത്രത

കവിത : സജീവ്കുമാർ ശശിധരൻ 

 

ഉണ്ടെന്നുചൊല്ലി 

ഞാൻ കേട്ടിരുന്നു .

നെഞ്ചിലൊരായിരം 

പൂവിടർന്നു .


വെള്ള നിറമുള്ള 

പൂക്കളെ ഞാൻ  

തോളോട് ചേർത്തു 

പറന്നു പൊങ്ങാൻ .


ഞാനുമെൻകൂട്ടരും 

ഓടിയോടി 

ചെന്നൊരു മാമല    

ഉച്ചത്തിലായ് 


താഴേക്ക്  പാറി

പറന്നുപൊങ്ങാൻ 

താഴേക്ക് ചാടി 

ചിറകടിച്ചു .


ഏറെ പറന്നില്ല

ചിറക് ചോർന്നു .

പാറിപ്പറന്നവർ 

ചിതറിവീണു 


വാടിക്കരിഞ്ഞൊരെൻ 

ചിറകുമെൻ്റെ 

വാടയും ചേർത്ത് 

പറന്നകന്നു .


 വായുവിൽ കാലു 

ചവിട്ടിഞാനും 

വീഴാതെ ചുറ്റും 

പതറി നോക്കി 


ഉണ്ടത് കോടികൾ 

ഉണ്ടുകൂടെ 

ഗന്ധം മറഞ്ഞൊരാ 

മൂഢ ജനം .

Sunday, August 11, 2024

കുട്ടികവിതകൾ

  കുട്ടികവിതകൾ 


1. വോട്ടുകൾ 

കവിത : സജീവ്കുമാർ ശശിധരൻ 


അവനാണ് നല്ലവൻ 

ഇവനാണ് നല്ലവൻ 

വിരലിലെ പൊട്ടിൽ 

കറുത്ത ലോകം  


2.ആഴം 

കവിത : സജീവ്കുമാർ ശശിധരൻ 


ഒരുകുടംവെള്ളത്തിനാഴം പറഞ്ഞവർ , 

കടലിന്റെ  ആഴം മറന്നു പോയി.

അളവില്ലയെന്നവർ ഊറിച്ചിരിച്ചിട്ട് 

കൈയ്യിട്ട്‌ കാലിട്ട് താഴ്ന്നുപോയി 


3.ആ നിമിഷം 

കവിത : സജീവ്കുമാർ ശശിധരൻ 


ആ നിമിഷം ഞാൻ 

അറിഞ്ഞൂ   പ്രീയേ

നിൻ്റെയേറുന്ന നോവിലെൻ   

ജന്മത്തിൻ ആകുലത .

 

Friday, August 9, 2024

പ്രണയമാനസം : കവിത

 

പ്രണയമാനസം 

കവിത : സജീവ്കുമാർ ശശിധരൻ 


നിറയാതിരിക്കുന്ന 

ഹൃദയത്തിലാത്തുള്ളി 

നിണമായിരുന്നു നീ 

കൂട്ടുകാരി . 


കരിനീല മിഴിയാൽ 

കവർന്നുനീയെന്നെ നിൻ 

കരളിൻ്റെയുള്ളിൽ 

അടച്ചു പെണ്ണേ . 


താഴിട്ടുപൂട്ടിയാ   

വാതിലിൻ  ചാവിനീ 

വാകമരത്തിൽ  

എറിഞ്ഞുടച്ചു . 


തീ പൂക്കളുതിരുന്ന 

വാകമരച്ചോട്ടിൽ

ആയിരം ചാവി 

അതിലൊന്നു  ഞാനോ 


പ്രണയത്തിലെന്ത് 

ഞാൻ പറയേണ്ടു 

പരിഭവമില്ല

നീയെൻ പ്രണയമാണ് . 

Thursday, August 8, 2024

ഒരു വിളി : കവിത

 ഒരു വിളി : 


കവിത : സജീവ് കുമാർ ശശിധരൻ 


കവിതയായ് മൂളി നിന്നെ 

കൂടെ ഞാൻ കൊണ്ട് പോകാം .

കരിവള വാങ്ങിത്തരാം , പെണ്ണേ 

കടലും കടന്നു പോകാം .


പ്രണയമറിയാത്തവർ 

പ്രാകൃതചേഷ്ടയോടെ 

പലതും പറഞ്ഞിടുമ്പോൾ, പെണ്ണേ 

പതറണ്ട ഞാനുണ്ടടോ .


നീണ്ടു നിവർന്ന് ലോകം 

നിൻ്റെ  മുൾമുനപോലുള്ള ദേശം 

താമസ്സമെന്തു പെണ്ണേ 

നമ്രത വേണ്ട പോരൂ .

Monday, July 29, 2024

എന്ത് നേടി : കവിത

 എന്ത് നേടി ?

(കവിത : സജീവ്കുമാർ ശശിധരൻ ) 


ആ കൊമ്പ് ഞാൻ മുറിച്ചു 

അന്തിയിൽ ആയിരം 

കൊക്കുകളുരുമുന്നരാ 

മരം ഞാൻ മുറിച്ചു .


ആ മല ഞാനിടിച്ചൂ 

ആയിരമായിരം 

ജീവനുകളൂറുന്ന 

മാമല ഞാൻ പൊടിച്ചു .


നാടൊട്ടു ഞാൻ നിറച്ചു 

തരിനീര് പോലും 

താഴാത്ത മണ്ണിലായ് 

വിഷവിത്ത് ഞാൻ വിതച്ചു. 


വരികെട്ടി ഞാൻ തിരിച്ചു .

മതമെന്ന വാളിനാൽ 

ആളെ വരഞ്ഞിട്ട് 

മുളകിൻ്റെ  അര നിറച്ചു . 


പോർ കണ്ട് ഞാൻ ചിരിച്ചു 

ആയിരമാണ്ടുകൾ 

ആസ്വദിപ്പാനായി 

ഖജനാവ് ഞാൻ നിറച്ചു . 


പല വല ഞാൻ വിരിച്ചു 

പുൽക്കൊടി തുമ്പിലെ 

തുള്ളിവെള്ളത്തിനും 

കരമിട്ട് ഞാൻ  ചിരിച്ചു .


നാളുകളോ ചരിച്ചു 

ചിരിവന്നു ചിരിവന്ന് 

ഏറെ ചിരിച്ചൊരെൻ 

നെഞ്ചിൻ്റെ ഇടിനിലച്ചു .  


ആളുകളും ചിരിച്ചു 

ആയിരമാണ്ടുകൾ 

ആശിച്ച രാജനെ

ഓടയിലേക്കെറിഞ്ഞു .

Wednesday, July 24, 2024

ഒരു മുറി : കവിത

 ഒരു മുറി 

( കവിത : സജീവ്കുമാർ ശശിധരൻ )



എവിടെയിരുന്നാ 

മനം ചിരിപ്പൂ .

കനമൊട്ടു കൂടി 

കരഞ്ഞിരിപ്പൂ .


കടലാസിലെഴുതി 

കളയുന്നുഞാൻ 

ചിരികളും കണ്ണുനീർ 

കഥനങ്ങളും .


ചിലർ അതെല്ലാം 

ഒതുക്കി വെക്കും 

അറിയാതെ അവിടെ 

അടഞ്ഞുപോകും 


മനസ്സൊരു മാന്ത്രിക 

മുറിയല്ലയോ 

അറിയണം താഴും 

നീയല്ലയോ .


ചുമടുകൾ കൂടി 

എടുത്തുവെച്ചാൽ 

അടയുന്ന വാതിൽ 

തുറക്കുകില്ല .


തരി തരിയായി 

പുറത്തെറിയൂ 

ചുമടുകൾ പോട്ടെ 

മനം തളിർക്കും .


നീ തന്നെ നിൻ താങ്ങും  

അറിയണം നീ 

ആ മുറി വാതിൽ 

കാക്കണം നീ .

Thursday, July 18, 2024

നഗരവും അവരും : ചെറുകഥ

 നഗരവും അവരും 

ചെറുകഥ : സജീവ്കുമാർ ശശിധരൻ 


ആളുകൾ ഒഴുകിഎത്തി . നഗരം തല ഉയർത്തിപ്പിടിച്ച് നിന്നു . ആ നഗരം തന്നെ ഒരു രാജ്യമായിരുന്നു . അതിന്റെ തിളക്കത്തിൽ  ആളുകൾ അങ്ങോട്ട് ഒഴുകി വന്നു . വളരെ താഴ്ന്ന സ്വദേശികളുടെ എണ്ണവും അവരുടെ അജ്ഞതയും വിദേശികളെ അങ്ങോട്ട് വരുത്തുവാൻ ആ നഗരം തീരുമാനിച്ചു . അനേകം ആതമാവുകൾ അങ്ങോട്ട് ചേക്കേറി . അവർ ആ ആയിരങ്ങൾ തണലുകളായിരുന്നു , ലക്ഷങ്ങളുടെ  തണലുകൾ . നാളുകൾ കൊഴിഞ്ഞു . നഗരത്തിന് തലക്കനം വന്നുതുടങ്ങി . അവർ നിയമങ്ങളുണ്ടാക്കി . അവർ വരുമാനമുണ്ടാക്കി . അവർ വന്നവരെ പണിയെടുപ്പിച്ചു . അവർ വന്നവരിൽ നിന്നും പഠിച്ചു . ഒടുവിൽ അവർ  വന്നവരെ പഠിപ്പിക്കാനും  തുടങ്ങി . വന്നവരുടെ സമ്പാദ്യം ആ നഗരം അവരറിയാതെ തിന്നുകൊണ്ടിരുന്നു .

ഒരിക്കൽ നഗരത്തിന് തോന്നി , ഇനി ഈ ആളുകളെന്തിന് എല്ലാവരും പോകട്ടെ , വെറുതെ പറഞ്ഞാൽ പോകില്ല . അവർ മടുത്ത് പോക്കണം . ഇനി നല്ല നിലയിലുള്ള വരുമാനമുള്ള ആളുകൾ മതി . ഇത് ഞങ്ങൾ  സ്വദേശികളുടെ നഗരമാണ് . ഞങ്ങളുടെ നഗരം ഞങ്ങൾക്ക് .  അവർ  പറഞ്ഞുതുടങ്ങി . അവർ ജോലികൾ കൈയ്യേറിത്തുടങ്ങി . അവശ്യ സാധനവിലകൾ കൂട്ടി , താമസം ചിലവേറി , മരുന്നും വെള്ളവുമൊക്കെ വിലകൂട്ടി . ശമ്പളത്തിലെ അക്കങ്ങൾ വെട്ടിക്കുറക്കപ്പെട്ടു . എന്നിട്ടും ആൾക്കാർ പിടിച്ചു നിന്നു .  നഗരം പണിസ്ഥലങ്ങളിൽ അവരുടെ ആളുകളെ തിരുകി കയറ്റി.  പതിയെ വന്നവർ തിരിച്ചറിഞ്ഞു , ഞങ്ങൾ വിദേശികളാണ് . അന്നും ഇന്നും എന്നും . ഒരോരുത്തരായി പഴയ കൂട്ടിലേക്ക് പറന്നുതുടങ്ങി . നഗരം ആനന്ദിച്ചു . അങ്ങെ ഒഴിഞ്ഞുതുടങ്ങിയവർ ആദ്യമാദ്യം നഗരത്തിന് സന്തോഷമായിരുന്നെങ്കിൽ  അവർ തിരിച്ചറിഞ്ഞു തുടങ്ങി , ആ ആളുകളായിരുന്നു നഗരത്തിൻ്റെ  നട്ടെല്ലെന്ന് , പക്ഷേ താമസിച്ചു പോയിരുന്നു . വിശ്വാസം നഷ്ടമായ ലക്ഷങ്ങൾ ഒഴിഞ്ഞുപൊയ്കൊണ്ടിരുന്നു . ഒടുവിൽ അവസാന ആളും പടിയിറങ്ങി . 


                     നഗരത്തിൽ  വല്ലപ്പോഴും നാട് കാണാൻ വരുന്നവർ മാത്രമായി . പിന്നെ പിന്നെ അതും നിലച്ചു . താമസിക്കാനാളില്ലാത്ത  കെട്ടിടങ്ങൾ . ഓടിക്കാൻ ആൾക്കാരില്ലാത്ത വാഹനങ്ങൾ , പഠിക്കാൻ സ്കൂളുകളിൽ കുട്ടികളില്ല , ഹോട്ടലുകളിൽ ആളുകളില്ല . പല വലിയ മാളുകളും പൂട്ടിപ്പോയിരിക്കുന്നു .  ആ നഗരം അപകടം മണത്തു . വീണ്ടും ആൾക്കാരെ തിരികെ വിളിക്കാൻ ശ്രമിച്ചു . ഒരാളുപോലും തിരിഞ്ഞു നോക്കിയില്ല . അവർക്ക്     വിശ്വാസം നഷ്ടമായിരുന്നു . നഗരത്തിൽ നിന്നും എല്ലാം ഉപേക്ഷിച്ചുകൊണ്ട് അവർ തങ്ങളുടെ  കൂടുകളിൽ  വിശ്വാസപൂർവ്വം  തിരികെഎത്തി.   പക്ഷേ അവിടെയും അവർ വിരുന്നുകാരായിരുന്നു . മധുരവുമായി സമ്മാനങ്ങളുമായി വരുന്ന വിരുന്നുകാർ . തങ്ങൾ തിരികെ  പോകാതെ വന്നപ്പോഴാണ് അവർക്ക്   അത് മനസ്സിലായത്  അവിടേയും  അവർ  ഒറ്റപ്പെട്ടു . അവഗണ , പരിഹാസം , അവരുടെ നാട് ഒരുപാട് മൂന്നോട്ട് പോയിരുന്നു . അവർ മനസ്സിലാക്കിയിരുന്നതിലും ഒരു പാട് മുന്നിൽ . ആ മാറ്റത്തിൽ അവർക്കിടമുണ്ടായിരുന്നില്ല . 

അങ്ങനെ ഇരിക്കെ  അങ്ങ് ദൂരെ മറ്റൊരു നഗരം പിറന്നു . അവർ എല്ലാവരേയും  കൈയാട്ടി വിളിക്കുന്ന കണ്ട് ആ വിരുന്നുകാർ  അങ്ങോട്ടോടി . ആ നഗരത്തിൻ്റെ   വാതിൽ കടന്നതും അവൻ ഉറക്കെ ഉറക്കെ ശ്വാസമെടുത്തു. സ്വാതന്ത്യമുള്ള  ഒരു പുതിയ കൂടിലേക്ക്  വീണ്ടും  അവൻ . അവൻ പ്രവാസി . 

Tuesday, July 16, 2024

ഞാനും അവളും : കവിത

 ഞാനും അവളും 


കവിത ( സജീവ്കുമാർ ശശിധരൻ ) 


ചില്ലായിരുന്നു ഞാൻ 

കൂട്ടുകാരീ 

അന്നും കടന്നു നീ 

പോയിരുന്നു .


കാർമുകിൽ  നോക്കി  

കറുത്തു വീണ്ടും .

കാരണം

മാരിവില്ലായിരുന്നു .


കേരം തകർക്കുന്ന 

മിന്നൽ വിട്ടാ  

ജനയിതാവെന്നെ  

ഭയപ്പെടുത്തി . 


ഇല്ല പിന്നോട്ടില്ല 

ഞാനുറച്ചു .

എന്നില്ലാ വർണ്ണങ്ങൾ 

ഞാൻ നിറച്ചു .


ഏഴ് വർണ്ണം ചേർന്ന് 

ഞാൻ കറുത്തു . 

കരിമുകിൽ താതനും 

പുഞ്ചിരിച്ചു .


അവൾ വരും കാലം 

നോക്കി നിൽപ്പൂ  

മഴവില്ലവൾ

എൻ്റെ മഴയാണവൾ 

Thursday, July 11, 2024

വനദേവത : കവിത

 വനദേവത 

(കവിത : സജീവ്കുമാർ ശശിധരൻ )



ഉളെളൻ്റെ   ഉള്ളിൽ 

ഇരുളാണ് പെണ്ണേ 

കാടാണ് പെണ്ണേ  

മൃഗങ്ങളുണ്ട് .


നടവഴി വിട്ടുനീ 

ഉള്ളുകണ്ടാൽ 

മറുവഴിയില്ല 

തിരിച്ചുപോകാൻ .


എവിടേയോ 

ഉള്ളിൽ പൂക്കളുണ്ട് .

മിന്നിത്തിളങ്ങും 

വെളിച്ചമുണ്ട് .


പിന്നെ കഴിപ്പാൻ

ഫലങ്ങളുണ്ട് 

നിന്നെയുറക്കാൻ 

കിളികളുണ്ട് .


അറിയില്ല , നീ 

വന്നെടുത്തുകൊൾക

വനമാണ് ഞാൻ,

നീ വനദേവത . 

മുള്ളുകൾ : കവിത

 മുള്ളുകൾ 

(കവിത : സജീവ്കുമാർ ശശിധരൻ )



മിഴികളടയ്ക്കാതെ 

കാത്തിരുന്നു 

മരണംവരുമ്പോൾ 

ചിരിച്ചുകാട്ടാൻ 


ചരമം കുറിക്കുന്ന 

കത്തിലെൻ്റെ 

സമയം കുറിക്കുവാൻ 

കാത്തിരിപ്പൂ  .


മരണം ജയിച്ചാൽ 

മരിച്ചിടാമെൻ 

കദനമൊഴുക്കും 

മറവിയാക്കാം.


മിഴികളടഞ്ഞുപോയി 

കനവുവന്നു .

കനവിലൊരായിരം 

പൂക്കൾ പൂത്തു .


അതിലൊരു പൂവോ 

മനം മയക്കി .

ഹൃദയം നിറയ്ക്കുന്ന 

ചിരി പടർത്തി .


ഉടലവൾ  കാട്ടി 

ഭയന്നുഞാനോ  

ആ ചിരി ,പിന്നിലും 

കദനമുണ്ട് .


ഇനിയും മരിക്കുവാൻ 

കാക്കണോ ഞാൻ 

സമയമുണ്ടേറെ 

നടന്ന് തീർക്കാൻ  


മുള്ളുള്ള വഴിയിലും 

പൂവ്  പൂക്കും 

മുള്ളുപോയി ആ വഴി 

മെത്തയാകും . .

Tuesday, July 2, 2024

കൂരയും കുടിയനും : കവിത

 കൂരയും കുടിയനും 

കവിത : സജീവ്കുമാർ ശശിധരൻ 



മാനമിരുളുന്നുണ്ട് 

മേഘം ആറിത്തണുക്കണുണ്ട്  .


നേരമുരളണുണ്ട് .

നേരം പോയ കാറ്റും പറക്കണുണ്ട് .


മിന്നലടിക്കണുണ്ട് 

കൂടെ കൂടെ മദ്ദളകൊട്ടുമുണ്ട് 


കാലെൻ്റെ ആടുന്നുണ്ട് 

പാതിയെന്നെ കോപമായി നോക്കണുണ്ട് 


ആടിക്കളിക്കണുണ്ട് 

കൂര രണ്ട് മോന്തിയപോലെയുണ്ട് .


കോപമായി നോക്കണുണ്ട് 

കൂര വീണാ നാളെയെൻകാലനുണ്ട് .

Thursday, June 27, 2024

പ്രണയമാണ് : കവിത

 പ്രണയമാണ് 


( കവിത : സജീവ്കുമാർ ശശിധരൻ )



നിലവിളക്കിൻ തിരി 

ഉതിരുന്ന നിൻപ്രഭ 

മുഖകാന്തിയെന്നിൽ 

തെളിഞ്ഞുനിൽപ്പൂ  .


നിശ മരിക്കുന്നില്ല 

വിരഹിണിയല്ല നീ 

പ്രണയമെന്നുള്ളിൽ 

നിന്നോടാണ് .


പരിഭമില്ല , ഞാൻ 

പറയുകയില്ലയെൻ 

കരൾ പിടയ്ക്കുന്നൊരാ 

പ്രണയ വാക്ക് .


അറിയാത്ത മുഖമുള്ള 

അഭിനയ പ്രതിഭ ഞാൻ 

ആ വാക്ക് ചൊല്ലുവാൻ 

ആളുമല്ല .


വിധിവരുമാദിനം

വന്നെത്തുമെന്നുടെ 

വഴിവെട്ടി നിന്നെ 

ഞാൻ ആനയിക്കും  .


കരളു കവിഞ്ഞൊരെൻ 

പ്രണയമൊഴുക്കി നിൻ 

കരളുനിറച്ചു ഞാൻ 

പ്രണയമാകും .

എൻ്റെ ഭയം : കവിത

 എൻ്റെ  ഭയം 


കവിത ( സജീവ്കുമാർ ശശിധരൻ )



മാട് ചവച്ചിറക്കും 

വീണ്ടും തിന്നും 

ആള് അയവെട്ടുമോ 


കേളൻ ചിരിച്ചുവെന്നാൽ 

പോഷകൻമാർ

പാഷാണവുംകഴിക്കും 


ആളുകളേറെയുണ്ട് 

വിഡ്ഢിപ്പെട്ടി 

കീറി നീറി ചിലയ്ക്കും .


നാവ് നീളെപറഞ്ഞാൽ 

മാളോർക്കെന്ത് 

നാല് നാളിൽ മറക്കും .


ആതുര വേളയിലും 

ആനന്ദിക്കും 

ആർത്തിപിടിച്ചകൂട്ടം 


കാണുന്ന കണ്ണുകളിൽ 

നാളെയല്ല .ഇന്നിൻ്റെ 

ഭീതിയാണ് .


വീട് കരഞ്ഞുപോയാൽ 

പിന്നെ പിന്നെ 

നാട് കരിഞ്ഞു പോകും .


നാടേ കരിഞ്ഞുപോയി 

പിന്നെയെന്ത്  രാജനും 

രാജവാക്കും .

   

Tuesday, June 25, 2024

എൻ്റെ അക്ഷരങ്ങൾ : കവിത

 എൻ്റെ  അക്ഷരങ്ങൾ 


( കവിത : സജീവ്കുമാർ ശശിധരൻ )


കാലമൊരു കാപട്യ 

ചിരി വരച്ചു .

ഉലയുന്ന വീടിനോ 

തീ പിടിച്ചു .


നോവുകൾ വേവുന്ന 

ഓർമ്മയുടെ മരുഭൂമി 

അക്ഷരം തന്നുപോയി 

ഞാൻ വിളമ്പും  


അക്ഷരത്തുള്ളിയാൽ 

അമ്മാനമാടുന്ന 

അരയർക്കുനൽകുവാൻ 

ഞാൻ ചരിച്ചു .


കടലുകാണാൻ വന്ന 

ഇടയൻ്റെ  കൗതുകം 

കടലു കൊള്ളാമടോ 

മീൻപിടിക്കാം .


അക്ഷര മുത്തുകൾ 

ഏറെ പണിപ്പെട്ട് 

അർത്ഥത്തിലാക്കി

ഞാൻ അരയനായി .


സ്രാവുകൾ വാളകൾ 

അറിയാത്ത മീനുകൾ  

വലപൊട്ടി അരയന്നു 

ക്ഷീണമായി .


അക്ഷരി വരും .

വാക്കുണ്ട് ,വലകെട്ടും

വക്രതയല്ലഞാൻ 

തളരില്ല ഞാൻ

അതിഥി : കവിത

 അതിഥി

കവിത : സജീവ്കുമാർ ശശിധരൻ 



നാടുകാണാൻ വന്നു  വേനൽ 

നാട് നീങ്ങി പോണു മാളോർ 


നാണമില്ലന്നോത്ത് കേട്ട് 

മാരിയെങ്ങോ പോയതാണ് .


മാരി വേണം ,വേനൽ വേണം 

വന്നു പോകാൻ ഊരു വേണം .


വന്നുനിന്നാൽ ഓർമ്മ വേണം 

വിരുന്നുകാരേ പോയിടേണം .

മുഖങ്ങൾ : കവിത ( with audio )

 മുഖങ്ങൾ 


(കവിത : സജീവ്കുമാർ ശശിധരൻ )



നിഴലുള്ള വഴിയേ 

നടക്കാതെ പോകാം 

നിഴലും ചതിക്കും 

നരനാണ് ഞാനും 


നിറമെന്നു ചൊല്ലി 

വാഴ്ത്തുന്നുമാളോർ

പലനിറം പേറുന്ന 

കണ്ണുള്ള മാളോർ 


കവിതയിലും ഒരുവരി 

പറയാതെ വയ്യ 

കള്ളങ്ങളാണ് നാം 

കാണുന്നതെല്ലാം .


അവനെ ചതുപ്പു

ഞാൻ എന്നെ ചതിപ്പൂ 

വീടും ചതിപ്പൂ .

നാടും ചതിപ്പൂ 


Sunday, June 23, 2024

പാതകൾ : കവിത ( with audio )

 പാതകൾ 


(കവിത : സജീവ്കുമാർ ശശിധരൻ )



നേരമില്ലാത്തതാ

എൻ്റെ നേരം 

കാരണം ചൊല്ലുവാൻ  

ഒന്നുമില്ല 


കാടാണ് ,മുള്ളുണ്ട് 

പഥിതനായി ഏകനായ്

കാത് കേൾക്കും വഴി 

പോകുന്നു ഞാൻ .


കൂക്കുവിളി വന്നെൻ്റെ 

കാതിൽ മുഴങ്ങി .

നിറമുള്ള സന്ധ്യ 

ഇതളറ്റു വീണു .


ഇരുളോ ഭയം ചൊല്ലി 

ഇടവഴിമറച്ചു .

കടലാണ് കാട് 

കണ്ണാണ് കാത് . 


മിന്നാമിനുങ്ങുകൾ 

കൂട്ടമായെത്തി .

മിന്നിത്തിളങ്ങിയെൻ 

മുള്ളുള്ള   പാത .


കണ്ണൂ തിരുമി ഞാൻ 

നോക്കുന്ന നേരം 

കണ്ടുമിഴിച്ചു പോയ്  

ആയിരം പാത .


ആകെ വശംകെട്ട് 

കാതുകൂർപ്പിച്ചു .

കാതതോ  ചൊല്ലി 

നേരുള്ള പാത .


Thursday, June 13, 2024

ഞാൻ,എൻ്റെ :കവിത(with audio)


 ഞാൻ , എൻ്റെ 


കവിത : സജീവ്കുമാർ ശശിധരൻ 


കാലങ്ങളെന്നെ

തരം തിരിച്ചു .

കായലുകൊണ്ടു

വളഞ്ഞുവെച്ചു  .


നാൽപ്പതിലെത്തി

തിരിഞ്ഞുനോക്കി .   

ജീവിച്ചിരുന്നു 

ഞാൻ കാലുകെട്ടി .


എന്നോടെനിക്കുള്ള

പ്രണയമെന്നെ 

കെട്ടിവരിഞ്ഞിന്നു 

മുത്തമിട്ടു .


കെട്ടുപൊട്ടിച്ചു

പറന്നുപോകാൻ 

ഉള്ളുപിടഞ്ഞിന്നു   

വീർപ്പുമുട്ടി .


വിധിയെന്നെവടുകൻ    

വളഞ്ഞുനോക്കി .

വടുകനെ നോക്കാതെ 

ഞാൻ നടന്നു .


ഉള്ളു കവിഞ്ഞു

പ്രണയമാണ് .

കായൽ കടന്നിന്ന് 

പോയിടേണം .


അറിയില്ല 

നീന്തലെനിക്കെങ്കിലും 

ആഴത്തിലേക്കു

ഞാനെടുത്തുചാടി .


ഞാൻ മതി 

എൻ്റെ പ്രണയം മതി 

ഒരുനൊടിയാകിലും 

അത് സുന്ദരം .



Tuesday, June 11, 2024

വ്യാപിയുടെ വായ്പ്പ : കവിത ( with audio)

 വ്യാപിയുടെ  വായ്പ്പ


കവിത : സജീവ്കുമാർ ശശിധരൻ 


നേർച്ചകളൊരുപാട് 

ചെയ്യ്തുതീർക്കാനുണ്ട് .

വാക്കുപറഞ്ഞുഞാൻ 

കാത്തിരിപ്പൂ .


കാര്യം നടന്നാലുമില്ലെങ്കിലും 

കടം , കതിരോൻ്റെ  മുന്നിലാ... 

ഓർമ്മവേണം .


വാമമിടർച്ചയോടോതുന്നു 

പരിഭവം .

കതിരവൻമാരിന്നെവിടയാണോ ?


തരിശുപോൽ ജീവിതം 

മഴയും വരുന്നില്ല 

പതിയാണ് പരിഭവം 

കേട്ടുതീർക്കാം .


തോഷകനായിടാം ,

നേർച്ചനടത്തിടാം 

ഭവതിക്കുമനശാന്തി 

വീണുകിട്ടും.


കൂട്ടത്തിലെന്നുടെ 

വാശിനടന്നിടും 

ഭഗവാനിനിയെൻ 

കടക്കാരനാ ...  

Monday, June 10, 2024

സോദരൻ : കവിത

 സോദരൻ 


കവിത ( സജീവ് കുമാർ ശശിധരൻ )



നല്ലതെന്ന് ചൊല്ലുന്നതൊക്കയും 

നല്ലതാർക്കെന്ന ചിന്തയുണ്ടാവണം .


കണ്ടു നിൽപ്പതു കൊടികളെങ്കിലോ 

കോടിയാളിലും ചിന്തയും കോടിയിൽ .



എൻ്റെ ചിന്തയിൽ എന്തിന്നുചേരുന്നു .

നിൻ്റെ ജല്പനം ,ഞാനെന്തു കേൾപ്പേണ്ടു .



ഞാനുമില്ലയെൻ ജല്പനമോതുവാൻ 

ചേർന്ന് പോയിടാം സോദരരായിടാം .

Friday, June 7, 2024

അപ്പൻ : ചെറുകഥ

 അപ്പൻ 

ചെറുകഥ : സജീവ്കുമാർ ശശിധരൻ 


രാവിലെ പത്രം വന്നു . നോക്കി , പതിവുപോലെ തന്നെ  ,ഒന്നുമില്ല , എല്ലാ വാർത്തകളും  പഴയപോലെ  , പഴയ വാർത്തകൾക്ക്  പുതിയ ഉടുപ്പിട്ട്  വന്നിരിക്കുന്നു  അത്ര തന്നെ ,  എങ്കിലും ഒന്നുകൂടി മുഴുവൻ നോക്കി . ഇനി ഉച്ചക്ക് ഒന്നുകൂടി നോക്കണം , വൈകിട്ടും പിന്നെ രാത്രി വീണ്ടും മുഴുവൻ വായിക്കണം . കൊടുത്ത കാശ് മുതലാവണ്ടേ , ഇരുട്ടി വെളുത്താൽ  ആയുസ്സറ്റുപോകുന്ന അപൂർവ്വ ജീവികളിൽ ഒന്നാണ് . രാത്രിയിൽ അയാൾ ഒന്നുകൂടി അതിൽ ഊളിയിട്ടു . തന്നെക്കുറിച്ചുള്ള എന്തെങ്കിലും ;   ഒരു ചെറിയ കോളം വാർത്തയെങ്കിലും   , അല്ലെങ്കിൽ ഒരു വരിയെങ്കിലും   ,  താനും ഒരു എഴുത്തുകാരനല്ലേ ? സ്വന്തം പേരിൽ എഴുതിയാൽ മതിയായിരുന്നു . ഒന്നുമില്ലേൽ നാട്ടുകാരെങ്കിലും മനസ്സിലാക്കിയേനെ താനൊരു എഴുത്തുകാരനാണെന്ന് . ഇതിപ്പോ ആർക്കുമറിയില്ല . ആ   ചിലപ്പോൾ നാളെയുണ്ടാവും . അയാൾ സമാധാനത്തോടെ അന്ന് കണ്ണടച്ചു . രാവിലെ പത്രം വന്നു . ആദ്യ പേജിൽ  വലിയ അക്ഷരത്തിൽ  ' ഈ വർഷത്തെ മികച്ച കൃതിക്കുള്ള അവാർഡ് " അപ്പന് " അയാൾ അതും വായിച്ചു , പിന്നെ ബാക്കി എല്ലാ പേജും വായിച്ചു തീർത്തു . ഇനി ഉച്ചക്ക് , പിന്നെ വൈകിട്ട് അവസാനം രാത്രി ഒരിക്കൽ കൂടി . അയാൾ അതോർത്ത് ചിരിച്ചുകൊണ്ട്  അകത്തേക്ക് പോയി . പിറ്റേന്ന് രാവിലെ പത്രം വന്നു . പിന്നെയും രാവിലകളിൽ പത്രം വന്നു . അയാളുടെ വീടിന് മുന്നിൽ അത്  കുമിഞ്ഞു കൂടി . പിന്നെ പിന്നെ ആ  വീട്ടിൽ ദുർഗന്ധം നിറഞ്ഞു . അയാളൊരുദുർഗന്ധമായി തീർന്നിരിക്കുന്നു . അപ്പൻ വിടവാങ്ങി . ആദ്യത്തേതും അവസാനത്തേതുമായ  കൃതി  പൊലിഞ്ഞുപോയ ഭാര്യക്കും പിന്നെ നാട്ടുകാർക്കും സമർപ്പിച്ചുകൊണ്ട് . കൃതിയുടെ അവസാന താളുകളെ പുനർജീവിപ്പിച്ചുകൊണ്ട്  തൻ്റെ ആത്മകഥയ്ക്ക്  വിരാമമിട്ടുകൊണ്ട്. 

ഹൃദയം തരട്ടെ : കവിത (with audio)

 


ഹൃദയം  തരട്ടെ 

സജീവ്കുമാർ ശശിധരൻ 



നിറമുള്ള ജീവിത

തളികയെറിഞ്ഞിട്ടു പോയിനമ്മൾ 


കടലുകാണേണം . 


കടലുകാണേണം ,കടൽത്തിരയിൽ 

ആര്‍ദ്രമാം നുരയിലലിയേണം   .   


മരണം വരട്ടെ .


മരണം വരട്ടെയെന്നൊരുമിച്ചു ചൊല്ലുവാൻ 

കൈകൾ കോർക്കേണം .


ഹൃദയം  തരട്ടെ.


ഇല്ല , ആളില്ല , തീരദൂരത്തിൽ 

മുന്തിരിച്ചാറുപോൽ പതയും നുര .


മതിയെന്ന് ചൊല്ലിയെൻ കൈയ്യുംപിടിച്ചവൾ 

ചുരുളുന്ന നുരയിൽ ചുരുണ്ടു ചേർന്നു .


എൻ്റെ  മരണം വരുന്നതും ഞാനറിഞ്ഞു .

എൻ്റെ  ഹൃദയം നിലപ്പതും ഞാനറിഞ്ഞു .



ഹൃദയമെന്നോതിയോൾ കൈകൾ 

ഇറുത്തുകൊണ്ടകലേക്ക് നീന്തുന്ന കാഴ്ച്ച കണ്ടു .


എൻ്റെ  ഹൃദയം നിലപ്പതും ഞാനറിഞ്ഞു .

എൻ്റെ പ്രണയം ചതിച്ചതും ഞാനറിഞ്ഞു .


Thursday, June 6, 2024

കവിയുടെ മരണം : കവിത ( with audio )

 കവിയുടെ മരണം 


സജീവ്കുമാർ ശശിധരൻ 



കവിതയെഴുതുന്നകരളിന് വേദന 

വിഷയം ഒരു തരിയുംവരുന്നതില്ല .

ചന്ദ്രികയില്ല പ്രണയമില്ല 

പരിണയകഥകളൊന്നുമില്ല .


ജനവാതിലപ്പുറം മതിലുകാണാം 

മതിൽകെട്ടിനപ്പുറം എന്ത് കാണാൻ  ?.

വിഷയം ഒരു തരിയും വരുന്നില്ലടോ  .

മതിൽകെട്ടിനിപ്പുറം ഞാനെന്ത്  കാണാൻ  ?.



വാതിൽപടിയിലാരക്കയോ 

ഏന്തി വലിഞ്ഞു നോക്കിടുമ്പോൾ 

വെള്ളയുടുപ്പുകൾ ഓടിടുന്നു  .

വെള്ളിവെളിച്ചത്തിൽ പോകുമോ ഞാൻ .



ഒരു കവിത കൂടിയെഴുതണം ഹേ ..

ഞാനെന്ന   വിഷയം വീണുകിട്ടി . 

ആരാനും ഒരുമാത്ര ചേർന്നുനിൽക്കൂ 

കോറുവാൻ വയ്യ ഞാൻ ചൊല്ലിത്തെരാം .


പേരെൻ്റെ ചേർക്കേണ്ട ഒന്ന് കേൾക്കൂ .

അവസാന ഗർഭം പെറ്റോട്ടെ ഞാൻ .

ആരാനും ഒരുമാത്ര ചേർന്നുനിൽക്കൂ 

കോറുവാൻ വയ്യ ഞാൻ ചൊല്ലിത്തെരാം .


തലവഴി ആരോ തൂവെള്ളമൂടി 

ചൊല്ലിയതോ ആരും കേട്ടതില്ല .

ആ ചൊല്ല് മെല്ലെ പറന്നുപൊങ്ങി 

കവിയേയും കൊണ്ട് പറന്നുപോയി .


Monday, June 3, 2024

ഒഴുക്ക് :കവിത

 


ഒഴുക്ക് 


സജീവ്കുമാർ ശശിധരൻ 


 നാവു പിഴച്ചുപോയാൽ 

കാലങ്ങളാ നോവ് നിനച്ചിരിക്കും 


നീളുന്ന മൺവഴിയിൽ  

മഴവന്നാൽ ആകെ നനഞ്ഞിരിക്കും 


വീടുകരഞ്ഞിരുന്നാൽ

നാടിനെന്ത് , നാട് നടന്നു പോകും .


നീയും മടിച്ചിരുന്നാൽ 

നിന്നെ വിട്ട് ഞാനും കടന്നുപോകും .


Sunday, June 2, 2024

കുഞ്ഞു കവിതകൾ


കുഞ്ഞു കവിതകൾ 

സജീവ്കുമാർ ശശിധരൻ 


 01 . വെമ്പൽ 

തിരയെ 

പുണരുവാൻ വെമ്പി 

കര തിരയോട് ചൊല്ലി 

പ്രണയമെന്ന് .


ഉള്ളിൽ ചിരിപൊട്ടി 

അവളുചൊല്ലി  

ഞാനിന്ന് പുൽകട്ടെ 

പ്രണയമാണ് .



02. കൊടുക്കൽ വാങ്ങൽ 


അവളൊരു സ്വർണ്ണമായി 

മാറിയപ്പോൾ 

അവരത് വിറ്റിട്ട് 

വേലി തീർത്തു .


വീട്ടിലെ സ്വർണ്ണം 

മറിച്ചുനൽകി .

മറ്റൊരാൾ അതുവിറ്റ്  

വേലി തീർത്തു .


03. കറുപ്പ് 


കറുത്ത കോട്ടിട്ട 

രാക്ഷസ രാജാവ് 

ചട്ടങ്ങൾ  കൊണ്ടിന്ന് 

കൊഞ്ഞനം കുത്തുന്നു .


വിധി അത് 

ചൊല്ലുവാനേറുന്ന താമസം   

കാലത്തിലെല്ലാം  

നിറയ്ക്കുന്നു  മാലിന്യം .


എത്താത്ത വിധികളും 

തീരാത്ത വ്യഥകളും 

അറിയാത്ത  വീഥിയിൽ

അലയും മനുജരും  .


കാർമുകിൽ പെയ്യുമോ 

പാലിൽനിലാവൊളിപോലെ 

പെയ്യുകിൽ സുന്ദരം 

നാളകൾ സുന്ദരം .



Thursday, May 30, 2024

പക്ഷെ ... : കഥ

 പക്ഷെ ...


സജീവ്കുമാർ ശശിധരൻ 



നങ്ങേലി നടന്നു വരുന്നു . അവൾക്ക്  മേൽമുണ്ടില്ല , അവൾക്ക് മേൽവസ്ത്രവുമില്ല . ആൾക്കാരുടെ നോട്ടം അവളുടെ പ്രസന്നമുഖത്തായിരുന്നില്ല .  അവളുടെ മുഖത്ത്  നാണം , അപമാനം , ദേഷ്യം തുടങ്ങി പല  പല  ഭാവങ്ങൾ  വന്നുപോയ് ക്കൊണ്ടിരുന്നു . ആരുമത് നോക്കിയതേ ഇല്ല . വർഷങ്ങൾ കൊഴിഞ്ഞു . അവൾക്കും മകളുണ്ടായി  അവൾ സുന്ദിയായിരുന്നു . അവളുടെ മുഖം ആൾക്കാർക്ക് ഒരുപാട് ഇഷ്ടമായിരുന്നു . ഇപ്പൊ നങ്ങേലിക്കും മകൾക്കും അവരുടെ  മാനം മറയ്ക്കാൻ അവകാശമുണ്ട് . ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ട് .  വർഷങ്ങൾ പിന്നെയും കൊഴിഞ്ഞു . നങ്ങേലി മരിച്ചു , മകൾ മരിച്ചു , മകളുടെ കൊച്ചുമക്കളും മരിച്ചു . വീണ്ടും നങ്ങേലി ജനിച്ചു . ഇപ്പോൾ   മാനം മറയ്ക്കാൻ അവകാശമുണ്ട് , ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ട് . ഇഷ്ടമുള്ളപോലെ  ജീവിക്കാൻ അവകാശമുണ്ട് .  പക്ഷെ ...


Sunday, May 26, 2024

കാടും നാടും : കവിത



കാടും നാടും 

( കവിത : സജീവ്കുമാർ ശശിധരൻ )



കാടുകരഞ്ഞു

കരിഞ്ഞുണങ്ങി 

നാട് ചിരിച്ചു 

ചരിഞ്ഞുമെല്ലെ .


രാജാവും പട്ടിണിയും : കവിത


രാജാവും പട്ടിണിയും 

( കവിത : സജീവ്കുമാർ ശശിധരൻ )



പട്ടിണിയിലാണ്  രാജ്യം 

പട്ടിണിയെന്തെന്ന് 

പുസ്തകം വായിച്ച 

കഷ്ഠതയിലാണ് രാജൻ 

എന്താണല്ലേ ? : കവിത


എന്താണല്ലേ ? 

( കവിത : സജീവ്കുമാർ ശശിധരൻ )



കറുത്ത കണ്ണടക്കാരി ചീറി 

പിറക്കണം ആണായെനിക്ക് .

ചിരിച്ചവൻ നെഞ്ചിൻ്റെയുള്ളിൽ 

ജനിക്കണം പെണ്ണായെനിക്ക് . 


പടനായകനും രാജാവും : കവിത (with audio)

 പടനായകനും രാജാവും 


കവിത by സജീവ്കുമാർ ശശിധരൻ 


നേരുചൊന്നാൽ എനിക്കുണ്ട് ചൊല്ലുവാൻ 

വേദനയല്ലാതൊന്നില്ല  മാ മന്നനേ 

കാർന്നു തിന്നുന്നു കാലിൻ്റെ വേദന   

ഏന്തിയെത്തി ഇന്നെൻ്റെ നെഞ്ചിലും .


കാതമില്ല കിതയ്ക്കുന്നു ഞാനിപ്പോൾ .

ഏറെ നാളായ് ക്ഷയിക്കുന്നു ദേഹവും .

പോകണം , ഇനിയുള്ള നാളുകൾ 

കാക്കണമെൻ്റെ   ബന്ധുത്തമാധുര്യം 


വാങ്ങണം അധികാര ഖഡ്ഗത്തെ 

ഏകണം അനുവാദമെൻ   പ്രഭൂ  .

കൂടണം കുടുംബത്തിനൊപ്പമെൻ 

നാളുകൾ നിറമുള്ളതാക്കണം .


ശിഷ്ട കാലമില്ലെങ്കിൽ എന്തിന് 

ഇഷ്ട ജനത്തോട് പട്ടിപോൽ പാർപ്പത് .

വീമ്പു ചൊല്ലുന്ന വമ്പനെ വെട്ടുവാൻ 

പോരുചെയ്യു നീ , ഞാൻ വിജയിക്കട്ടെ . 


കേട്ടുഞെട്ടി ക്രോധം ചുവപ്പിച്ചു .

മന്നനോടവൻ  ഇവ്വിധം ചൊല്ലിനാൾ .


തുള്ളിരകതം ഊറികുടിക്കുന്ന   

കണ്ണട്ടയേക്കാൾ ഭീകരനാണ് നീ 

എൻ്റെയുള്ളിൽ ഇനിയുള്ള നാൾക്കളും 

നിൻ്റെ  ഗർവ്വിന് ഞാൻ നിനക്കേകണോ ?


കേട്ടുവിറകൊണ്ട്  കണ്ണും ചുവന്നിട്ട് 

വാളുവീശി കലിപൂണ്ട  മാ മന്നൻ .

കോപമേറി തലവനാ വാൾ വെട്ട് 

ചാടിമാറിത്തടഞ്ഞുതൻ പടവാളാൽ .


വാഴവെട്ടുന്ന ലാഘവം പോലയാൾ 

ആഞ്ഞുവെട്ടി  ഗളമറ്റുപോയടോ 

നീളെ വീണ രജവീരതുള്ളിയിൽ 

കാൽകൾ വെച്ചവൻ നാളയുടെ രാജാവ് .


മറന്നുപോയടോ : കവിത


മറന്നുപോയടോ  


( കവിത : സജീവ്കുമാർ ശശിധരൻ )


എഴുതാൻ മറന്നവരിമണിതന്നുചൊല്ലുവാൻ 

പറഞ്ഞാലതിലെന്തുയുക്തിയാ ഹേ .. 

ഒരു വരി വരുന്നുണ്ട് വാളെടുക്കാതെടോ 

മറവിക്ക്‌ മുമ്പുഞാനെഴുതിക്കോട്ടെ 


Friday, May 24, 2024

അമ്പട പ്രണയമോ ? : കവിത

 അമ്പട പ്രണയമോ ? 


 സജീവ്കുമാർ ശശിധരൻ 



പ്രണയമെന്താണെന്ന് 

ചൊല്ലുവാനറിയില്ല 

അറിയുന്നവർ 

ഒന്ന്  ചൊല്ലിത്തരൂ .. 


മനസ്സുപറഞ്ഞു 

ഹാ .. സുന്ദരം 

പ്രണയം മനോഹരം  

കവിഞ്ഞൊഴുകി .


വയറു നിറഞ്ഞിട്ട് 

മതിയെന്നുചൊന്നവർ 

പ്രണയം നിറഞ്ഞെന്ന് 

ചൊല്ലുമോ ഹേ .. 


നിറഞ്ഞെന്നുപറയാൻ 

നീയാര്  ഹേ ..

എൻ്റെ മനസ്സെന്നുപറയുന്ന 

പണ്ടാരമേ ..


ചിലരുക്കുചിരിമതി 

ചിലരുക്കു ചൊല്ലണം .

ചിലരുക്കു കണ്ണിലെ 

കുസൃതി മതി .


ആർക്കെന്തു നൽകണം 

ആർക്കെന്തു ചൊല്ലിഷ്ടം 

അറിയാത്ത ഞാനെൻ്റെ 

തമ്പുരാനേ .


പ്രണയമെന്താണെന്ന് 

ചൊല്ലുവാനറിയില്ല 

അറിയുന്നവർ 

ഒന്ന്  ചൊല്ലിത്തരൂ .. 


കുരുതി : കവിത

 കുരുതി 


സജീവ്കുമാർ ശശിധരൻ 



കുരുതിയുടെ തുള്ളികൾ 

വീണുമണ്ണിൽ 

കഥ കവിത 

കല്പിതമായ്  പിറന്നു .


കുതികാല് 

വെട്ടുന്ന കാലമല്ലേ 

കുരുതികളെന്നും 

നെടുനീളെയല്ലേ .


വേണ്ടിയെന്നോതി 

വെട്ടുന്നവർ 

വേണമെന്നോതി 

ശടിക്കുന്നവർ .


എല്ലാം കുരുതിയുടെ 

പലമുഖങ്ങൾ 

പകിട കളിക്കാത്ത 

മനമെങ്ങടോ ?

Wednesday, May 22, 2024

ഭയം : കഥ

ഭയം  

 സജീവ്കുമാർ ശശിധരൻ 


അയാൾക്ക് രാഗങ്ങളിൽ നല്ല അറിവാണ് . അയാൾക്ക് നല്ല ശബ്ദമാണ് . അയാൾക്ക്‌ പക്ഷെ വേദികൾ ഭയമാണ് . ഒരിക്കൽ അയാൾ ഒരു ഗാനമെഴുതി . അതിന് ഈണം നൽകി . അതിന് ജീവൻ നൽകി . ഒരു കാസ്റ്റിലാക്കി വെച്ചു . പക്ഷേ  കാസെറ്റുകൾ പോയി  ഡിസക്കുകൾ വന്നു , അയാൾ അത് ഡിസ്ക്കിലാക്കി , അപ്പോഴേക്കും ഡിസ്‌ക്കുകളും പോയി പെൻഡ്രൈവ്  വന്നു . അയാൾ തളർന്നില്ല ഒരു പെൻഡ്രൈവ് വാങ്ങി  , പാട്ട് അതിലാക്കി . പിന്നെ സമാധാനത്തോടെ ഇരുന്നു . ഇടക്ക് ആ പാട്ട് കേൾക്കാൻ കൊതിവരുമ്പോൾ ഒന്നിട്ടുകേൾക്കും . എന്താ സുഖം . പക്ഷേ ഒരിക്കൽ  അതും നിന്നു . ആ പട്ടിനെ വൈറസിന് ഇഷ്ടമായിരുന്നു  .  ഇനി പറ്റില്ല , അയാൾക്ക്‌  പാടണം . ആദ്യമായി അയാൾ ഒരു വേദി കയറി . ആ പാട്ട് അയാൾക്ക് സുഖമായിരുന്നു  പക്ഷേ അയാളെ  അന്നുമുതൽ വേദികൾക്ക്  ഭയമാണ് .  

Tuesday, May 21, 2024

ഭാരം : കവിത

 ഭാരം

( കവിത : സജീവ്കുമാർ ശശിധരൻ )



മരണത്തിനൊരു

സുഖമുണ്ടെന്നാരോ പറഞ്ഞു .

മരിച്ച വരല്ല .

മരണം കാത്തുകിടപ്പവർ .



ചിരി വന്നുവെങ്കിലും

സത്യമല്ലേ 

പരസഹായം ഒരു 

ഭാരമല്ലേ .


വയർ കീറിവന്നിട്ട് 

ഒക്കത്തിരുന്നിട്ട് 

പരസഹായം 

ഭാരമെന്നോതീടണോ  .


കാലമതങ്ങനെ 

ഓടിടും കൂട്ടരേ 

കാലൻ വരുംവരെ 

പോയിടാടോ .


ജന്മമൊരു സത്യം 

മനസ്സുമതു പോലെ 

മുടി ചലിച്ചില്ലേൽ  

മനസ്സിൽ ജീവിക്കാം .

കൊച്ചു ദൈവം : കവിത

 കൊച്ചു ദൈവം 

സജീവ്കുമാർ ശശിധരൻ 



ആ മതിലപ്പുറം

കാടുണ്ട് മലയുണ്ട് 

വയറ് നിറയ്ക്കുവാൻ 

വഴികളുണ്ട് .


മതിലിന് ,വെള്ളം 

വളം നൽകിയെന്തിന് . 

വറ്റി വരണ്ടുകിടപ്പു 

നീയും .


വഴി വെട്ടി ,കയർ കെട്ടി 

ഏന്തി വലിഞ്ഞിടൂ .

മതിൽ കഴിഞ്ഞാലങ്ങ്‌ 

സ്വർഗ്ഗമാണ് .



അപരൻ്റെ അന്നത്തിനൊരു ,

നുള്ളുനൽകുവാൻ

കഴിയാത്ത ജീവിതം 

എന്തിനാണ്‌  ?


നിന്നെപിഴിഞ്ഞിട്ട് 

സത്ത് കുടിച്ചിടും 

എങ്കിലും  നീ,

തലോടലാവും .



വയറും  നിറച്ച നീ  

മനസ്സും  നിറച്ചിടും .

മടിവേണ്ട 

നീ കൊച്ചു ദൈവമാകും  .



ഒരുമിച്ച് ചാടിക്കടന്നിടാം

സോദരാ  

മതിൽ കഴിഞ്ഞാലങ്ങ്‌ 

സ്വർഗ്ഗമാണ് .


ആ മതിലപ്പുറം

കാടുണ്ട് മലയുണ്ട് 

വയറ് നിറയ്ക്കുവാൻ 

വഴികളുണ്ട് .


ഇരകൾ :കവിത

 ഇരകൾ 

( കവിത : സജീവ്കുമാർ ശശിധരൻ )



നീ തന്നതാണെങ്കിലും  

ദൈവമേ , ജീവിതം 

എനിക്കാടുവാനും 

ഒരിത്തിരി സമയം തരൂ .


ഞാനെൻ്റെ  കിണറിൻ്റെ

വട്ടത്തിലെങ്കിലും 

സൂര്യനും ചന്ദ്രനും 

കണ്ടിടട്ടെ .


ഗമകളും പോകുന്നു 

താൻ ഭാവമേറുന്നു .

നോക്കുകിൽ ചിരിവരും 

ഇരയാണവർ .


പട്ടിണിയല്ലിഷ്ടാ 

ഒട്ടുണ്ട് കാര്യങ്ങൾ 

നോക്കുകിൽ ആരും 

ഇരകളല്ലേ ?


ദൈവമാണത്രെ ?

ഇരകളെ സൃഷ്ടിച്ച 

ദൈവത്തിനെന്ത് 

പ്രതിബദ്ധത .


എന്ത് ഞാൻ ചൊല്ലേണ്ടു .

ദൈവത്തിനേ വിടാം .

പുള്ളിയും പാവം 

ഒരിരായാണ് ഹേ ...


Monday, May 20, 2024

ഒരു കവിയുടെ ജല്പനം : കവിത

 

ഒരു കവിയുടെ ജല്പനം 

 സജീവ് കുമാർ ശശിധരൻ 


പറ്റ് ഇന്നില്ല 

ഭാർഗ്ഗവോ 

ഫലകം രണ്ടുണ്ട് 

കേട്ടോ ....


തൊട്ടു കൂട്ടാൻ 

അച്ചാറു വേണ്ട 

കപ്പയും 

മീൻകറിയും മതി .


ഇന്നൊന്നു

മിനുങ്ങണം കൂട്ടേ 

നല്ല ചെത്തുണ്ടേലെട് 

ഭാർഗ്ഗവാ ...


പ്രസാദിക്കാൻ 

പ്രസാധകർ വേണ്ട .

പ്രകോപനമെന്നാൽ 

അങ്ങനെ തന്നെ .


കണ്ണുണ്ടേലത് 

കാണണം കൂട്ടേ 

ചെവിയുണ്ടേലത് 

കേൾക്കണം 


പറയേണ്ടതൊക്കെ 

പറയണം കൂട്ടേ 

ഇല്ലേലതെക്കെ 

ചിരിച്ചു ചാരിച്ചിടും .


തെറ്റുണ്ടേ 

നീ പറ ,ഭാർഗ്ഗവാ ..

ഞാനിന്നവിടെ 

പോര് നടത്തും .


രണ്ട് , അന്തി 

പോരട്ടെ കൂട്ടേ .

ഇന്നൊന്ന് 

മിനുങ്ങണം .




Sunday, May 19, 2024

വായന ( ലേഖനം )

 വായന ( ലേഖനം ) 

സജീവ്കുമാർ ശശിധരൻ 


പണ്ട് വായന ഒരു ഹരമായിരുന്നു . അത് തുടങ്ങിയത് ആറിൽ പഠിക്കുന്ന സമയത്താണ് .  പിന്നെ വർഷങ്ങൾക്കുശേഷം എഴുതുക അല്ലെങ്കിൽ എഴുതണം എന്ന ആഗ്രഹം എവിടെ നിന്നോ പൊട്ടിമുളക്കുകയായിരുന്നു . ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത് ആ പണ്ടത്തെ വായനയാണ് എനിക്ക്  എഴുതണമെന്ന ആഗ്രഹമുണ്ടാക്കിയത് . ഇപ്പോഴും ദിവസവും ഒരു പേജെങ്കിലും വായിക്കും . അതുപോലെ ആദ്യം എഴുതിത്തുടങ്ങുമ്പോൾ എങ്ങനെ ?എന്ത് ശൈലിയിൽ എഴുതും എന്നൊരു അങ്കലാപ്പുണ്ടാവും , ഒരു വലിയ പ്രശ്നമാണത് , എന്നെ  അതിൽ നിന്നും മോചിതനാക്കിയതും വായനയാണ് . വായന നല്ല എഴുത്തുകാരെ ഉണ്ടാക്കും . എല്ലാം  വായിക്കുക , അത് നിങ്ങളെ  നല്ല എഴുത്തുകാരനാകാം ,നല്ല വ്യക്തിയാക്കാം , നല്ല നിരൂപനാക്കാം .  പുതിയ ഒരുപാട് ചിന്തകളുണ്ടാക്കാം  .  വായിക്കുക നല്ലതിനെ ഉൾക്കൊണ്ട് , ചീത്തയെ തള്ളി . 

പിന്നെ ഒന്നുകൂടിയുണ്ട് എഴുത്തുകാരൻ നല്ലെരു വായക്കാരനായിരിക്കണമെന്ന നിർബന്ധം നല്ലതല്ല . കാരണം  അനുഭവങ്ങളിലൂടെ കഥമെനയുന്ന കൂട്ടരും ഇവിടെ ചെറുതല്ല . അതുകൊണ്ട് വായന ഞാൻ വ്യക്തിപരമാണെന്ന് വിശ്വസിക്കുന്നു .

Saturday, May 18, 2024

ഒരു ഓർമ്മക്കുറിപ്പ്

 ഒരു ഓർമ്മക്കുറിപ്പ് 


സജീവ്കുമാർ 



എനിക്ക്  കരയാനറിയില്ല . കരച്ചിൽ തനിക്ക് സങ്കടമുണ്ടെന്ന്  പുറംലോകത്തിന് മനസ്സിലാക്കി കൊടുക്കാനും കൂടിയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . അതുകൊണ്ട് മരണവീടുകൾ പലപ്പോഴും മാരകകോമഡികളാകുന്നതും ഞാൻ കണ്ടിട്ടുണ്ട് . പക്ഷെ ചിലർ വിങ്ങിപ്പൊട്ടുന്നതും വളരെ ഉച്ചത്തിൽ അലറിക്കരയുന്നതും കാണാം  അവരുടെ വികാരം പുറത്തേക്ക് അന്തരീക്ഷത്തിലേക്ക്  ഒഴുക്കിവിടുന്നു . അതും ഒരു മഹാകഴിവാണ് . എനിക്കില്ലാത്തതും അതാണ് .  പലപ്പോഴും എനിക്ക് കൊതിയാണ് ഒന്ന് ഉറക്കെ ഉച്ചത്തിൽ കൂവാൻ ,കരയാൻ . ഉള്ളിലെ മുഴുവൻ വികാരങ്ങളും പുറത്തേക്ക് എറിഞ്ഞുടക്കാൻ . കഴിഞ്ഞിട്ടില്ല . ഒരു സിനിമ കണ്ടാൽ കുറേ നേരം വെറുതെ ഇരുന്നാൽ എങ്ങോട്ടെന്നില്ലാതെ ബസ്സിൻ്റെ സൈഡിലിരുന്ന് ഒരുപാട് ദൂരം യാത്ര ചെയ്യ്താൽ എൻ്റെ  മനസ്സിൻ്റെ വിങ്ങലിന്  ശമനമുണ്ടാകാറുണ്ട് . ഇത് ഒരു ഓർമ്മക്കുറിപ്പായി കണക്കാക്കണം കാരണം മുകളിലെ ഓരോ വരിയും ഞാൻ ഒരോ മരണത്തിലും അനുഭവിച്ച സത്യങ്ങളാണ് . കരയാത്തതുകൊണ്ട് അവന് സ്‌നേഹമില്ലെന്ന കുത്തുവാക്കുകൾ പലപ്പോഴും കേട്ടിട്ടുണ്ട് . എന്ത് ചെയ്യാം ഞാൻ ഇങ്ങനെയാണ് . 

Friday, May 17, 2024

കഥ പറയുന്ന നിലാവ് : കഥ

 


കഥ പറയുന്ന നിലാവ് .


സജീവ്കുമാർ ശശിധരൻ 


വർഷങ്ങൾക്ക് ശേഷമാണ് തിരികെ നാട്ടിലെത്തിയത് . ഒരു മാറ്റവുമില്ലാത്ത നാട് . അന്ന് എങ്ങനെ ആയിരുന്നോ ഇന്നും അങ്ങനെ തന്നെ . വണ്ടിയിൽ നിന്നിറങ്ങുമ്പോൾ ആദ്യം മനസ്സിൽ തോന്നിയ കാര്യം . എന്താണ് ഇവിടെയൊന്നും  മാറാത്തത് . ബസ്സ് ആ ഗ്രാമത്തിനുള്ളിൽ ഇപ്പോഴും കയറില്ല . കവാടത്തിന് പുറത്ത് നിർത്തും . പിന്നെ നടക്കണം . ആ ആലും , ആ ചായക്കടയും ഒക്കെ അങ്ങനെ തന്നെയുണ്ട് . കടയിൽ  പരമുച്ചേട്ടൻ തന്നെ . ആൽമരത്തണലിൽ രാമൻനായരും ഖാദറും സൊറപറഞ്ഞിരുപ്പുണ്ട് . ഞാൻ ഓരോരൊ കാഴ്ച്ചകൾ കണ്ട് വീട്ടിലേക്ക്   നടന്നുതുടങ്ങി . കവല കഴിഞ്ഞു . എല്ലാം പഴയപാടി , ഒരു മാറ്റവുമില്ല  . 

എന്തിന് മാറണം തിരികെ വരുമ്പോൾ കൺകുളിർക്കെ കാണാൻ എല്ലാം അങ്ങനെ തന്നെയുണ്ടല്ലോ . മഹാഭാഗ്യം . ഇവിടെ എല്ലാവർക്കും എല്ലാവരേയും അറിയാം . വീട്ടിലെത്തുന്നവരെ ഓരോ മനുഷ്യരും സുഖവിവരം തിരക്കി . 

ഒടുവിൽ വീടെത്തി. അമ്മയുണ്ട് , അച്ഛനുണ്ട് , അനുജത്തി ,അമ്മൂമ്മ ,അപ്പൂപ്പൻ  അങ്ങനെ എല്ലാവരുമുണ്ട് . തൊടിയിലെ  കുളത്തിൽ ഒരു സുന്ദരൻ കുളിപാസാക്കി . പിന്നെ വീട്ടുകാരോട് സൊറപറഞ്ഞു .

വൈകിട്ട് അമ്പലത്തിൽ പോയി . പഴയ കൂട്ടുകാരെല്ലാം അവിടെയുണ്ട് . അവരും മാറിയിട്ടില്ല , ആരും എങ്ങും പോയിട്ടില്ല . ഞാൻ മാത്രമാണ് ഈ നാട് വിട്ട് പുറത്തേക്ക് പോയത് . രാത്രി വൈകിയിട്ടും എനിക്കുറക്കം വന്നില്ല . ജനാല വഴി അരിച്ചുവന്ന നിലാവിനെ നോക്കി ഞാൻ കിടന്നു . യക്ഷിപ്പാല പൂത്തിട്ടുണ്ട് . നല്ല മണം ഞാൻ ചെവിയോർത്തു . അവളുടെ പാട്ട് കേൾക്കുന്നുണ്ട് . ദൂരെ .   ഞാനേ മാറിയിട്ടുള്ളൂ ഞാൻ മാത്രം . 

ആരോ വിളിക്കുന്നതായി  അയാൾക്ക്‌ തോന്നി . കണ്ണുതുറക്കാൻ കഴിഞ്ഞില്ല . ആ ആശുപത്രിമുറിയിൽ ആരുമുണ്ടായിരുന്നില്ല . പതിയെ പതിയെ കോമയിലായിരുന്ന അയാളുടെ  ഹൃദയ താളം നിലച്ചു . ആരും അറിഞ്ഞില്ല , ഇടനാഴിയിൽ അയാളെ കാത്ത് ആരുമുണ്ടായിരുന്നില്ല .  പക്ഷെ ഒരു വെള്ളവസ്ത്രധാരിണി അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു . അവളെ ആർക്കും  കാണാൻ കഴിഞ്ഞിരുന്നില്ല . അവൾക്ക് യക്ഷിപ്പാലയുടെ മണമായിരുന്നു .

Tuesday, May 14, 2024

പെൺകനവുകൾ : കവിത


 പെൺകനവുകൾ


സജീവ്കുമാർ ശശിധരൻ 


ഇരകൾ കൂടി 

അടിവെച്ചപൊട്ടുകൾ 

ഇരുളിൽ മൂടി 


അറിവ് നേടി 

പദചാരിയായവൾ  

ചിറകുതേടി .


മിഴികൾ തോർന്നു .

ഇടിമഴക്കിപ്പുറം 

കടലടങ്ങി 


ഉയർന്നുപൊങ്ങി 

ഉയരങ്ങൾ കൂടിയാൽ 

കടലും തടാകം .

കാമുകഹൃദയം : കവിത

 കാമുകഹൃദയം 


  സജീവ്കുമാർ ശശിധരൻ 


തരുമോ 

നിൻ ഹൃദയം 

ഒഴുകുന്നു നെഞ്ചിൽ 

പ്രണയം 


കടലും

കവിഞ്ഞ തിര.


കരപോലെ 

ഞാൻ പിടഞ്ഞു .


ഒരു ചെറുകാറ്റിന്റെ 

ആലിംഗനം

 

മലരൊരു കൂന്തൽ 

പൊടി പൊഴിച്ചു .


അത് മതി എന്നൊരാ 

ഓർമ്മയോടെ 

ഭവതീ ഇന്നും ഞാൻ 

കാത്തിരിപ്പൂ . 


Sunday, May 12, 2024

വിദ്യാലയം : കവിത

 വിദ്യാലയം 


  സജീവ്കുമാർ ശശിധരൻ 



ലോകമതുവിദ്യാലയം

കാതമെവിടെപ്പോകണം

 

നിൻ്റെ ജനനംമുതൽ 

പിന്നെ മരണം വരെ 


പുൽക്കൊടികളും അധ്യാപകർ .

പിന്നെ നീയും അധ്യാപകൻ .

ഇഷ്ടങ്ങൾ :കവിത

 ഇഷ്ടങ്ങൾ  

                                                                      സജീവ്കുമാർ ശശിധരൻ 



വൃത്തപ്രാസമൊപ്പിച്ച 

ശരണികൾ  

ചട്ടമൊപ്പിച്ച കഥകവിത 

ബന്ധനം .


ചുറ്റുമുള്ളരാ ഭിത്തിയെ 

കോണികൊണ്ടിഷ്ടമുള്ള 

ദിക്കൊക്കെ ഞാൻ 

നോക്കിടും .


നിൻ്റെ  ഇഷ്ടം 

നിനക്കെൻ്റെ ഭക്തരെ 

കണ്ട ഇഷ്ടം 

എതിർക്കുന്നതെന്തുനീ 


ഒന്ന്  കൂടിയിരിക്കുകിൽ 

സുന്ദരം 

കണ്ടുകാണും 

അതിലാണ് ജീവിതം 


Friday, May 10, 2024

നര : കവിത

 

നര


 സജീവ്കുമാർ 



ഹോ , നര


തട്ടിയും താഴാതെ 

നോക്കി ചിരിക്കുന്നു  .


നെഞ്ചിൽ പിണർ 

എനിക്കും വയസ്സേറിയോ . 


പിഴുതെറിഞ്ഞാലോ ?


ഇനിയും കിളിച്ചാലോ ?


വേണ്ട !


വെട്ടി നിരത്താം 

കറുപ്പടിക്കാം .


ഇവ്വണ്ണം ഓരോന്നും 

ഓർത്തൊരൻ കണ്ണിലായ്    

വീണ്ടുമോരുനര !

വന്നിളിച്ചുനിന്നു .


സമയം പറഞ്ഞെന്നെ 

വയസ്സും പറഞ്ഞെന്നെ 

കളിയാക്കി .

ഇത് കേസാക്കണം .


നല്ല നടപ്പിന് 

നാലുകൊല്ലം 

നാടുകടത്തണം 

ഓടിടട്ടെ . 


വാടാ : കവിത

 വാടാ 


 സജീവ്കുമാർ 



അമ്പടാ

 നീ എന്നെയും

 കുത്തിയോ 


എന്തടാ 

കണ്ണുകൊണ്ട് 

നീ കാട്ടുന്നു  .


കമ്പുപോലെ 

ഞാനിരുന്നിടും 

എങ്കിലും 


നോക്കടാ 

ഞാനുമൊരിത്തിരി 

വമ്പനാ 


വീമ്പുചൊല്ലാതെ 

കാമ്പുകാട്ടടാ 

നേർക്ക് നേർക്കിന്നു 

ചിന്നം വിളിച്ചിടാം 


അംബ

ചുംബികൾക്കുള്ളിൽ

ഇരുന്നിട്ട് 

വമ്പെടുക്കാതെ 

കമ്പെട് സോദരാ .

Thursday, May 9, 2024

പ്രസവം : ചെറുകഥ ( with audio)

 

പ്രസവം

  സജീവ്കുമാർ ശശിധരൻ

 

 

മനസ്സിൽ കവിതകളും കഥകളും തുളുമ്പുന്നുണ്ട് . എഴുതാൻ വെമ്പലുണ്ട് . പിറവിയെടുക്കാതെ   മരണം പുൽകുന്ന  എന്റെ കുഞ്ഞുങ്ങൾ .  വിശപ്പെന്ന കാട്ടാളൻ  എന്റെ കുട്ടികളെയെല്ലാം കൊന്നൊടുക്കി . ഇനിയും ഏഴുതാതിരുന്നാൽ എനിക്ക് ഭ്രാന്തുപിടിക്കും , എഴുതാനിരുന്നാലോ വിശന്ന് മരിക്കും . എന്നെ നിങ്ങൾക്ക്‌ അറിയില്ലായിരിക്കും , അറിയണമെങ്കിൽ ഞാൻ എന്തെങ്കിലും എഴുതണ്ടേ . ആദ്യം ഞാൻ എന്റെ വിശപ്പടക്കട്ടെ . അതിലൂടെ എന്റെ ഗർഭശിശുക്കളും ഉണ്ടുകൊള്ളും .

 

ഒരിക്കൽ ഒരു സുഖപ്രസവത്തിൽ അമ്മയായും അച്ഛനായുമൊക്കെ  ഞാൻ വരും . വെറും വാക്കല്ല . ഞാൻ സത്യം ചെയ്യുന്നു .  കുട്ടിയുടുപ്പുകളും കാൽത്തളകളും സമ്മാനപ്പൊതികളുമൊക്കെ ഒരുക്കി വെച്ചോളൂ . 

ഇപ്പൊ വിശപ്പാണ് ; ഞാൻ പോകട്ടെ , അല്ല പോയിവരട്ടെ ?

 

എന്ന്

നിങ്ങളുടെ ഞാൻ .

ചാവുകൾ : കവിത

 ചാവുകൾ

  

 സജീവ്കുമാർ ശശിധരൻ 



അഗ്നി വിഴുങ്ങി 

നുരപൊന്തിയൊഴുകുന്നു 

നീളെ പരന്ന് 

ചാവുകളേറുന്നു .


അങ്ങ് ഇങ്ങ് ധരണി

ഒന്നിളകിച്ചിരിക്കുന്നു .

കെട്ടുകൾ പൊട്ടുന്നു 

ചാവുകൾ കൂടുന്നു .



ആരാരും അറിയാത്ത 

തിര വേലി ചാടുന്നു 

കരയെ പുണരുന്നു .

ചാവുകൾ കൂടുന്നു .



മനുജന്മമേറുന്നു 

ഞാൻ ഭാവമേറുന്നു 

അറിയാതെ പോകുന്നു 

ചാവുകൾ കൂടുന്നു .


ചുവപ്പ് : കഥ

 

ചുവപ്പ്

 

സജീവ്കുമാർ ശശിധരൻ

 

 

ചുവപ്പ് വീണ് മരങ്ങൾ നിറം മാറി നിൽക്കുന്നു . അസ്തമനസൂര്യന്റെ ഭംഗി ഉദയസൂര്യനില്ലെന്ന് തോന്നുന്നു . അയാൾ ബാൽക്കണിയിൽ നിന്നും കടലിലേക്ക് താഴ്ന്നുപോകുന്ന സൂര്യനെ നോക്കി പുഞ്ചിരിച്ചു . കൈയ്യിലെ കോഫി ഊറി കുടിച്ചു .അപ്പോഴാണ് കണ്ടത് വെളുത്ത ഷർട്ടിൽ ഒരു ചെറിയ പൊട്ടുപോലെ എന്തോഒന്ന്.  അയാൾ അത് തൊട്ട് നോക്കി . പോകുന്നില്ല . വെള്ളനിറം അയാൾക്ക് ഇഷ്ടമാണ് . വെള്ള നിറമുള്ള ഷർട്ടും കാപ്പിനിറത്തിലുള്ള പാന്റും അയാളുടെ ഇഷ്ട വേഷങ്ങളായിരുന്നു . അയാൾ കൈകൊണ്ട് വീണ്ടും കോറിനോക്കി . ഇല്ല പോകുന്നില്ല . അയാൾ ഒരോനിമിഷവും അസ്വസ്ഥനായികൊണ്ടിരുന്നു . കണ്ണിൽ ഇരുട്ടുകയറി . വീണ്ടും വീണ്ടും കോറി നോക്കി, പോകുന്നില്ല.

വെള്ളനിറമുള്ള അയാളുടെ മുഖം ചുവന്ന് തുടുത്തു . പേശികൾ വലിഞ്ഞുമുറുകി . കോഫി അയാൾ നിലത്തേക്ക് വലിച്ചെറിഞ്ഞു . തറയിൽവീണ്  അത് പൊട്ടിത്തകർന്നു . കോഫിത്തുള്ളികൾ അയാളുടെ വെളുത്ത ഷർട്ടിലും പാന്റിലും തെറിച്ചുവീണു . അയാൾ അലറിവിളിച്ചു .

 

" ഇന്നെന്താ ? " സുന്ദരിയായ പെൺകുട്ടി അയാളുടെ മുന്നിൽ വന്ന് കൈകെട്ടിനിന്നുകൊണ്ട് ചോദിച്ചു .

അയാൾ അവളെ നോക്കി .

പിന്നെ ഷർട്ടിലെ    ചെറിയ 'പൊട്ട് ' കാട്ടികൊടുത്തു  . അവൾ അത് വന്ന് പിടിച്ചുനോക്കി .കോറി നോക്കി . പോകുന്നില്ല .

പിന്നെ കുറച്ചുസമയം ചിന്തിച്ചു നിന്നു .

" ഊര് , രണ്ടും " അവൾ പറഞ്ഞു .

അയാൾ പാന്റും ഷർട്ടും ഊരി അവളുടെ കൈയ്യിൽ കൊടുത്തു .  അവൾ അകത്തേക്ക് പോയി . അയാൾ ഒരിഞ്ചുപോലും മാറാതെ അങ്ങനെ നിന്നു .

അൽപ്പ സമയം .

അവൾ തിരികെവന്നു .

കൈയ്യിൽ മടക്കി വൃത്തിയായ ഷർട്ടും പാന്റും . അയാളുടെ മുഖം പ്രസന്നമായി . 

അവ ധരിച്ച  അയാളുടെ അടുത്തേക്ക് അവൾ വീണ്ടും വന്നു . അപ്പോൾ അവൾ ഒരു ചുവന്ന ഗൗൺ ധരിച്ചിരുന്നു .

അവർ പുറത്തേക്കുനടന്നു . ഗോവണി പടികളിറങ്ങി താഴേനിലയിലെത്തിയപ്പോൾ ഒരു പ്രായമുള്ള മനുഷ്യൻ കമഴ്ന്നുകിടന്നിരുന്നു . സോഫയിൽ ഒരു സ്ത്രീ തല താഴ്ത്തി ഇരിക്കുന്നു . ആ കഴുത്തിൽ നിന്നൊഴുകിയ രക്തം അവർക്കുചുറ്റും തളംകെട്ടിയിരുന്നു .

" കണ്ടോ , നീ തെറിപ്പിച്ചതാ , നെക്സ്റ്റ് ടൈം കെയർ ഫുൾ "

അവൾ സോഫയിലിരുന്ന സ്ത്രീയെ ചൂണ്ടി ,  അവന്റെ മുഖത്ത് നോക്കി പറഞ്ഞു .

അവൻ തലകുനിച്ചു .

പിന്നെ  ഷർട്ട് ഒന്നുകൂടി പിടിച്ചു വൃത്തിയായി വെച്ചു .

"ഓക്കെ ഡിയർ "

അവന്റെ മുഖം പ്രസന്നമായി .

" പെയ്‌മെന്റ് ? "

അവൾ വീണ്ടും ചോദിച്ചു .

അപ്പോൾ മൊബൈലിൽ  ഒരു ബീപ്പ് ശബ്‌ദം കേട്ടു .

അയാൾ മൊബൈൽ  നോക്കി .

" യെസ് , വന്നു "

" നല്ല മക്കളാണല്ലോ ?"

അവൾ ചെറു ചിരിയോടെ അവനോട് പറഞ്ഞു  .

" യെസ് , വളരെ നല്ല മക്കൾ "

അവൻ മൊബൈൽ നോക്കിക്കൊണ്ട് പറഞ്ഞു .

അവന്റെ മുഖം കൂടുതൽ പ്രസന്നമായി .