Thursday, May 9, 2024

ചുവപ്പ് : കഥ

 

ചുവപ്പ്

 

സജീവ്കുമാർ ശശിധരൻ

 

 

ചുവപ്പ് വീണ് മരങ്ങൾ നിറം മാറി നിൽക്കുന്നു . അസ്തമനസൂര്യന്റെ ഭംഗി ഉദയസൂര്യനില്ലെന്ന് തോന്നുന്നു . അയാൾ ബാൽക്കണിയിൽ നിന്നും കടലിലേക്ക് താഴ്ന്നുപോകുന്ന സൂര്യനെ നോക്കി പുഞ്ചിരിച്ചു . കൈയ്യിലെ കോഫി ഊറി കുടിച്ചു .അപ്പോഴാണ് കണ്ടത് വെളുത്ത ഷർട്ടിൽ ഒരു ചെറിയ പൊട്ടുപോലെ എന്തോഒന്ന്.  അയാൾ അത് തൊട്ട് നോക്കി . പോകുന്നില്ല . വെള്ളനിറം അയാൾക്ക് ഇഷ്ടമാണ് . വെള്ള നിറമുള്ള ഷർട്ടും കാപ്പിനിറത്തിലുള്ള പാന്റും അയാളുടെ ഇഷ്ട വേഷങ്ങളായിരുന്നു . അയാൾ കൈകൊണ്ട് വീണ്ടും കോറിനോക്കി . ഇല്ല പോകുന്നില്ല . അയാൾ ഒരോനിമിഷവും അസ്വസ്ഥനായികൊണ്ടിരുന്നു . കണ്ണിൽ ഇരുട്ടുകയറി . വീണ്ടും വീണ്ടും കോറി നോക്കി, പോകുന്നില്ല.

വെള്ളനിറമുള്ള അയാളുടെ മുഖം ചുവന്ന് തുടുത്തു . പേശികൾ വലിഞ്ഞുമുറുകി . കോഫി അയാൾ നിലത്തേക്ക് വലിച്ചെറിഞ്ഞു . തറയിൽവീണ്  അത് പൊട്ടിത്തകർന്നു . കോഫിത്തുള്ളികൾ അയാളുടെ വെളുത്ത ഷർട്ടിലും പാന്റിലും തെറിച്ചുവീണു . അയാൾ അലറിവിളിച്ചു .

 

" ഇന്നെന്താ ? " സുന്ദരിയായ പെൺകുട്ടി അയാളുടെ മുന്നിൽ വന്ന് കൈകെട്ടിനിന്നുകൊണ്ട് ചോദിച്ചു .

അയാൾ അവളെ നോക്കി .

പിന്നെ ഷർട്ടിലെ    ചെറിയ 'പൊട്ട് ' കാട്ടികൊടുത്തു  . അവൾ അത് വന്ന് പിടിച്ചുനോക്കി .കോറി നോക്കി . പോകുന്നില്ല .

പിന്നെ കുറച്ചുസമയം ചിന്തിച്ചു നിന്നു .

" ഊര് , രണ്ടും " അവൾ പറഞ്ഞു .

അയാൾ പാന്റും ഷർട്ടും ഊരി അവളുടെ കൈയ്യിൽ കൊടുത്തു .  അവൾ അകത്തേക്ക് പോയി . അയാൾ ഒരിഞ്ചുപോലും മാറാതെ അങ്ങനെ നിന്നു .

അൽപ്പ സമയം .

അവൾ തിരികെവന്നു .

കൈയ്യിൽ മടക്കി വൃത്തിയായ ഷർട്ടും പാന്റും . അയാളുടെ മുഖം പ്രസന്നമായി . 

അവ ധരിച്ച  അയാളുടെ അടുത്തേക്ക് അവൾ വീണ്ടും വന്നു . അപ്പോൾ അവൾ ഒരു ചുവന്ന ഗൗൺ ധരിച്ചിരുന്നു .

അവർ പുറത്തേക്കുനടന്നു . ഗോവണി പടികളിറങ്ങി താഴേനിലയിലെത്തിയപ്പോൾ ഒരു പ്രായമുള്ള മനുഷ്യൻ കമഴ്ന്നുകിടന്നിരുന്നു . സോഫയിൽ ഒരു സ്ത്രീ തല താഴ്ത്തി ഇരിക്കുന്നു . ആ കഴുത്തിൽ നിന്നൊഴുകിയ രക്തം അവർക്കുചുറ്റും തളംകെട്ടിയിരുന്നു .

" കണ്ടോ , നീ തെറിപ്പിച്ചതാ , നെക്സ്റ്റ് ടൈം കെയർ ഫുൾ "

അവൾ സോഫയിലിരുന്ന സ്ത്രീയെ ചൂണ്ടി ,  അവന്റെ മുഖത്ത് നോക്കി പറഞ്ഞു .

അവൻ തലകുനിച്ചു .

പിന്നെ  ഷർട്ട് ഒന്നുകൂടി പിടിച്ചു വൃത്തിയായി വെച്ചു .

"ഓക്കെ ഡിയർ "

അവന്റെ മുഖം പ്രസന്നമായി .

" പെയ്‌മെന്റ് ? "

അവൾ വീണ്ടും ചോദിച്ചു .

അപ്പോൾ മൊബൈലിൽ  ഒരു ബീപ്പ് ശബ്‌ദം കേട്ടു .

അയാൾ മൊബൈൽ  നോക്കി .

" യെസ് , വന്നു "

" നല്ല മക്കളാണല്ലോ ?"

അവൾ ചെറു ചിരിയോടെ അവനോട് പറഞ്ഞു  .

" യെസ് , വളരെ നല്ല മക്കൾ "

അവൻ മൊബൈൽ നോക്കിക്കൊണ്ട് പറഞ്ഞു .

അവന്റെ മുഖം കൂടുതൽ പ്രസന്നമായി .

 

No comments: