Sunday, November 29, 2015

അറിയാതെ : മലയാളം കവിത

അറിയാതെ

കരയാൻ മറന്നു
ഞാൻ നിന്നു 
നിൻ പുഞ്ചിരി
കരളിൽ നിറയുന്ന
നേരങ്ങളിൽ

അലിയാൻ വെമ്പി
ഞാൻ നിന്നു
നിൻ കണ്ണിലെൻ
പ്രണയമാം
പവനനുദിക്കുവാനായ്

അറിഞ്ഞില്ല
പറഞ്ഞില്ല
കരളിന്‍റെ വേദന
അറിയാതെ
നീയും മടങ്ങി

ഒരു മൊട്ടു വിരിയാതെ
ഇലകൾ പൊഴിഞ്ഞൊരെൻ
പ്രണയമാം മുല്ലയും
വീണടിഞ്ഞു

ആരാരും അറിയാതെ
വേരുകൾ വിതുമ്പുന്നു
വിങ്ങുന്നു; വിജനമായി
ഹൃദയ ഭൂവും

ചുടുകാറ്റ് വീശുന്നു
വരളുന്നൊരെൻ ഹൃദയം
സ്മൃതികളിൽ വാസന്തം 
ഓർത്തിരിപ്പു

അറിയാതെ പറയാതെ
ഇടറുന്ന വേരുകൾ
ആ വർഷകാലവും
കാത്തിരിപ്പൂ 


സജീവ്കുമാർ


 

Thursday, November 5, 2015

എന്‍റെ കാമുകി : കവിത


എന്‍റെ കാമുകി

നിന്‍റെ നീല
 മിഴികളിൽ ;
നിന്‍റെ തേൻ
മൊഴികളിൽ ;
നിന്‍റെ കാർകൂന്തലിൽ
വീണലിഞ്ഞിവൻ.

നീലാമ്പൽ
പൂവിതൾ ;
തോൽക്കും
നിൻ കവിളിതൾ ;
പേടമാൻ കുഞ്ഞുപോൽ
കുറുകിനിന്നവൾ .

അരയന്നമൊഴുകുന്ന
പുഴപോൽ ചരിച്ചവൾ;
വെള്ളിളം പ്രാവുപോൽ
വെണ്മയുള്ളിലുള്ളവൾ

കാർമേഘകെട്ടഴിഞ്ഞു 
താലോലം കാറ്റിലാടി
മാരുതനിലോ  പടർന്നു
കാട്ടുചെമ്പകം

സിന്ദൂരരേഖ തൊട്ട്
നിന്നേയെൻ
 സ്വന്തമാക്കാൻ
വെമ്പുന്നുഞാൻ 
 ഹൃദയം
നീയാണു  ശാരികേ ....

സജീവ്കുമാർ

Sunday, November 1, 2015

ഞാനുമെൻ പ്രണയവും - കവിത

ഞാനുമെൻ പ്രണയവും
 
 
ആരും കാണാതെ
ഞാൻ
കണ്ണീർ വാർക്കുമ്പോൾ
എൻ
നെഞ്ചിന്നുള്ളിൽ
എന്നും നീയേ
 
 
നീ അറിയാതെതിന്നെൻ
നെഞ്ചിൽ
ഒരു കുഞ്ഞിള മൊട്ടുവിരിഞ്ഞു
അതു നിന്നെ നോക്കി വിടർന്നു
അറിയില്ലേ
 
 
കനവിൽ വരുന്ന നേരം
നിൻ ഉടലിൽ പാതി
മറച്ചു
കതകിൻ പാളിയിൽ എന്തേ
മറയുന്നു .
 
 
തിര പോൽ
വിരുന്നുകാരൻ ഞാൻ
ഇനിയും മടങ്ങി എത്തും
നിൻ പ്രണയം തുളുമ്പുവോളം
എൻ കവിതേ
 
 
സജീവ്കുമാർ

Friday, October 23, 2015

ഒളിച്ചോട്ടം ; മലയാളം കവിത

...........ഒളിച്ചോട്ടം.........

ഒരു ചൂളം വിളികേട്ട്
നടിച്ചു ഞാനും
ഉറക്കത്തിൽ പടിവാതിൽ
കടന്നുപോയി

അരിച്ചെത്തി ; പൊൻനൂലും
ഉദിച്ചു ഞാനും
പുതപ്പിനാൽ മറതീർത്ത്
ചുരുണ്ട് കൂടി

കളിയാക്കി ചിരിച്ചെന്നെ
പുതപ്പുപോലും
തലവഴി ഞാൻ തീർത്ത
കറുപ്പുപോലും

വലിച്ചങ്ങ് ഏറിഞ്ഞങ്ങ്
മൂലയ്ക്കു ഞാൻ
ചിരിച്ചതാ കായിത
ക്ഷിപ്തങ്ങളും

ചവിട്ടിമെതിച്ചു
നടന്നടുത്തു
ഇന്നലെ കഴിഞ്ഞൊരെൻ
കൃതിയെടുത്തു .

തരിച്ചു പോയി
നെഞ്ചം പിടച്ചുപോയി
ഒരു വരിയില്ലതിൽ
ഒളിച്ചോടിയോ ?

തറയിലിരുന്നൊരെൻ
മുന്നിലൂടെ
അവസാന വാക്കതാ
ഓടിടുന്നു

ജനവാതിൽ
ചാടിക്കടന്ന മുന്നേ
കൈ വീശി വിടചൊല്ലി
ചിരിച്ചിടുന്നു.

അറിയാതെ കണ്ണു
നിറഞ്ഞു വീണു
" കരയേണ്ട ,ഞാനുണ്ട് "
ചൊല്ലിയരോ!

അതുകേട്ടു നോക്കി ഞാൻ
മനമുണർന്നു
ഇന്നലെ വരിവെട്ടി
എറിഞ്ഞ ഭoഗി  
..................................

സജീവ്‌ കുമാർ

Wednesday, October 14, 2015

പ്രേമം: മലയാളംകവിത

പ്രേമം

കവിത ഞാൻ എഴുതുന്നു
വാക്കുകൾ നിറയുന്നു ;
എഴുതുന്ന വാക്കുകളിൽ
ഒക്കെയും പ്രണയം
 
കാട്ടിലെ മഴയിലായ്
അലയുന്ന കരിപോലെ
അലിയുന്നു കുളിരുന്നു
അലകൾ പോൽ അകലുന്നു
 
ഒരു നോട്ടം ; ഒരു വാക്ക്
എല്ലാം മറന്നുപോയ്‌
അലിയുന്ന ഹിമശൈല
ശിഖരത്തിൽ ഒന്നു ഞാൻ
 
സ്വപ്നമാണോ പ്രണയം
മോഹമാണോ
ഒരു നോക്കിൽ അകലുന്ന
താരമാണോ
 
അറിയില്ല അറിയേണ്ട
നനയട്ടെ ഞാൻ
അലിയട്ടെ കുളിരട്ടെ
മുഴു ജന്മവും
 
 
 സജീവ്കുമാർ
 
 

Sunday, September 20, 2015

ഒരു ചെറു പ്രണയം by സജീവ്കുമാർ

 ഒരു ചെറു പ്രണയം
 
 
 പവിഴ അധരം
മൊഴിയുന്നു തേൻകുടം
നിറയെ നിറയെ
കുതിർന്നതെൻ
നെഞ്ചകം
 
അറിയുകില്ല
ഞാൻ എന്നെമറന്നങ്ങ്
ചിറകുമില്ലാ വാനിൽ
ഉയർന്നു പോയ്‌
 
എവിടെ എന്നുടെ
മുള്ളുള്ള ഇടവഴി
ഇനിയതില്ലതിൽ
മുള്ളുനിറഞ്ഞപോൽ
 

ഇടയിലിടറുന്ന
എന്‍റെയീ നെഞ്ചകം
തറയിലിടുകാതെ
കാക്കുകിൽ സുന്ദരം
 
 
സജീവ്കുമാർ

Monday, February 9, 2015

ഒരു പ്രണയകഥ -malayalam kavitha

                                                       

                                                     ഒരു  പ്രണയ കഥ. 


   നീ എന്നുമെന്നിലെ 
   നെഞ്ചിന്റെ  ഉള്ളിലെ 
   തുടി തുടി പാട്ടിൽ
   ലയിച്ചു  പോയി  

  അകലുവാനറിയില്ല  
  പറയുവാനറിയില്ല
 ഉളളിൽ തുളുമ്പുമീ 
എൻ നൊമ്പരം 

   അമ്മയ് ക്കു മുന്നിലും  
   നിന്നുടെ  പേരുഞാൻ
   പാതിമയക്കത്തിൽ 
   ചോന്നിടുന്നു  

  അറിയുന്നു ഞാനിന്നു  
  ഉള്ളിൻ  കുസൃതിയിൽ 
  പറയാതെ പൊയൊരൻ 
  നിറ നൊമ്പരം

  ഒരു വിഷുക്കാലയിൽ 
  കണിപോലെവന്നവൾ 
  ചിരിതൂകി  എന്നമ്മ
  കുസൃതിയോടെ. 

  പുഞ്ചിരി തൂകുന്ന  
  നാണം പൊഴിച്ചവൾ 
  ഞാനോ  തരിച്ചു പോയി
ഉയർന്നു  പോയി
  
   ചിറകില്ലതാ വാനിൽ 
   പറന്നു  പോയി. 

Monday, January 26, 2015

വറ്റ് -Malayalam kavitha

.......വറ്റ്........ 

വെട്ടി വെട്ടി 
തിളയ്ക്ക്ന്നൊരാക്കലം 
ഉറ്റുനോക്കി ഇരിക്കുന്നു 
പൈതലുകൾ 


ഒട്ടി നിൽക്കും 
വയറും മനസുമായ് 
വറ്റുതേടി തളരുന്നു 
കിണ്ണത്തിൽ 


വട്ടമിട്ടങ്ങിരിക്കുന്ന 
കൂട്ടത്തിൽ 
വറ്റുപോലും 
ഇന്നെട്ടുമടങ്ങല്ലോ 


അന്നു നീട്ടിയ 
കിണ്ണത്തിലല്ലയോ 
നന്മയൂറുമാ 
വറ്റും കിടന്നത്