Friday, December 16, 2016

വരവേൽപ്പ് ( varavelppu -Malayalam kavitha )

വരവേൽപ്പ് 


ഇടനാഴിയിൽ 
അവനോട് 
ചേർന്നൊന്നിരുന്നു .

കവിളിൽ 
ഒരു നുള്ളിൽ 
ഉള്ളം വിടർന്നു 

നിറവയറിൽ 
കരതലം 
മെല്ലെത്തലോടി 

കരിമുകിൽ 
പെൺകൊടി 
ഇനിയില്ല നൊടികൾ  .



കരിമഷിയുണ്ട് 
തേനും 
വയമ്പുമുണ്ട് 

അരയിലായ് 
ചേർക്കുവാൻ 
പൊന്നരഞ്ഞാണമായ് 

ആട്ടിയുറക്കുവാൻ
 തൊട്ടിലുണ്ട് 
കൊതി തീരെയിടുവാനായ് 
കുപ്പായവും 

നിറവയറോരത്തവൻ 
ചൊന്നനേരം,
 അവളൊന്നു
തത്തി കളിച്ച പോലെ 

സുഖമുള്ള 
നോവിൻ തുടക്കമായി 
വെള്ളരിപ്രാക്കളോ 
വന്നണഞ്ഞു .


സജീവ് കുമാർ 

Sunday, December 4, 2016

ചലിക്കാത്തവർ (chalikkatthavar -Malayalam kavitha )

ചലിക്കാത്തവർ 



അധരമൊരു തുള്ളിയും 
തന്നതില്ല 
നെഞ്ചിൽ  ഒരു നേർത്ത 
നാളമായി വന്നതില്ല 

കരഞ്ഞിട്ടുമില്ല 
ചിരിച്ചിട്ടുമില്ല
ചരിക്കാത്ത മനസ്സെൻ  
വിരുന്നുകാരൻ ; ഞാൻ 

ചരിക്കാത്ത മനസ്സിൻ 
വിരുന്നുകാരൻ

നുള്ളി പൊഴിച്ച് 
പറന്നുപോം പക്ഷികൾ 
പിന്നെ വിതയ്ക്കുവാൻ 
കാപ്പതില്ല

ഉള്ളുവെളുക്കാത്ത
പുറമേ ചിരിക്കുന്ന
ചന്ദന കോലങ്ങൾ
വന്നു പോയി  .

പിന്നെയും; ഉഴുതു  
നിലമൊരുക്കി 
വിത്തുള്ള കെട്ടൊന്നു
 ഞാൻ തുറന്നു 

അവസാനമാം പിടി  
വിത്തെടുത്തു  
സ്വപ്ന നിലത്തേക്ക് 
ഞാൻ  വിതച്ചു .

ചലിക്കാത്ത മനസ്സിൻ 
കൂടു തകർത്തു ഞാൻ 
ഒരു പന്തമേന്തി 
വടിയുമേന്തി

അങ്ങതാ ദൂരത്ത്
കലപിലകൾ കേൾക്കുന്നു
കൂട്ടമായൊക്കെ
വരണുമുണ്ട് 

വിത്ത് വിതയ്‌ക്കാത്ത 
കിളികളാണ് 
ചുളിവുകൾ വീഴാത്ത 
കുപ്പായവും 

മുറുകെ പിടിച്ചു 
പന്തവമുയർത്തി ഞാൻ 
നെഞ്ചും വിരിച്ചങ്ങു 
നോക്കി നിന്നു 

മുഷ്ട്ടി ചുരുട്ടുന്ന 
നാദമെൻ കാതിലായി ...
പിന്നിലേക്കൊന്നു 
തിരിഞ്ഞുനോക്കി 

ഒന്നല്ല നൂറല്ല 
ആയിരമായിരം 
കൂടുതകർത്ത 
ചലിക്കാത്തവർ 


സജീവ്  കുമാർ