Showing posts with label kada by sajeev. Show all posts
Showing posts with label kada by sajeev. Show all posts

Thursday, July 18, 2024

നഗരവും അവരും : ചെറുകഥ

 നഗരവും അവരും 

ചെറുകഥ : സജീവ്കുമാർ ശശിധരൻ 


ആളുകൾ ഒഴുകിഎത്തി . നഗരം തല ഉയർത്തിപ്പിടിച്ച് നിന്നു . ആ നഗരം തന്നെ ഒരു രാജ്യമായിരുന്നു . അതിന്റെ തിളക്കത്തിൽ  ആളുകൾ അങ്ങോട്ട് ഒഴുകി വന്നു . വളരെ താഴ്ന്ന സ്വദേശികളുടെ എണ്ണവും അവരുടെ അജ്ഞതയും വിദേശികളെ അങ്ങോട്ട് വരുത്തുവാൻ ആ നഗരം തീരുമാനിച്ചു . അനേകം ആതമാവുകൾ അങ്ങോട്ട് ചേക്കേറി . അവർ ആ ആയിരങ്ങൾ തണലുകളായിരുന്നു , ലക്ഷങ്ങളുടെ  തണലുകൾ . നാളുകൾ കൊഴിഞ്ഞു . നഗരത്തിന് തലക്കനം വന്നുതുടങ്ങി . അവർ നിയമങ്ങളുണ്ടാക്കി . അവർ വരുമാനമുണ്ടാക്കി . അവർ വന്നവരെ പണിയെടുപ്പിച്ചു . അവർ വന്നവരിൽ നിന്നും പഠിച്ചു . ഒടുവിൽ അവർ  വന്നവരെ പഠിപ്പിക്കാനും  തുടങ്ങി . വന്നവരുടെ സമ്പാദ്യം ആ നഗരം അവരറിയാതെ തിന്നുകൊണ്ടിരുന്നു .

ഒരിക്കൽ നഗരത്തിന് തോന്നി , ഇനി ഈ ആളുകളെന്തിന് എല്ലാവരും പോകട്ടെ , വെറുതെ പറഞ്ഞാൽ പോകില്ല . അവർ മടുത്ത് പോക്കണം . ഇനി നല്ല നിലയിലുള്ള വരുമാനമുള്ള ആളുകൾ മതി . ഇത് ഞങ്ങൾ  സ്വദേശികളുടെ നഗരമാണ് . ഞങ്ങളുടെ നഗരം ഞങ്ങൾക്ക് .  അവർ  പറഞ്ഞുതുടങ്ങി . അവർ ജോലികൾ കൈയ്യേറിത്തുടങ്ങി . അവശ്യ സാധനവിലകൾ കൂട്ടി , താമസം ചിലവേറി , മരുന്നും വെള്ളവുമൊക്കെ വിലകൂട്ടി . ശമ്പളത്തിലെ അക്കങ്ങൾ വെട്ടിക്കുറക്കപ്പെട്ടു . എന്നിട്ടും ആൾക്കാർ പിടിച്ചു നിന്നു .  നഗരം പണിസ്ഥലങ്ങളിൽ അവരുടെ ആളുകളെ തിരുകി കയറ്റി.  പതിയെ വന്നവർ തിരിച്ചറിഞ്ഞു , ഞങ്ങൾ വിദേശികളാണ് . അന്നും ഇന്നും എന്നും . ഒരോരുത്തരായി പഴയ കൂട്ടിലേക്ക് പറന്നുതുടങ്ങി . നഗരം ആനന്ദിച്ചു . അങ്ങെ ഒഴിഞ്ഞുതുടങ്ങിയവർ ആദ്യമാദ്യം നഗരത്തിന് സന്തോഷമായിരുന്നെങ്കിൽ  അവർ തിരിച്ചറിഞ്ഞു തുടങ്ങി , ആ ആളുകളായിരുന്നു നഗരത്തിൻ്റെ  നട്ടെല്ലെന്ന് , പക്ഷേ താമസിച്ചു പോയിരുന്നു . വിശ്വാസം നഷ്ടമായ ലക്ഷങ്ങൾ ഒഴിഞ്ഞുപൊയ്കൊണ്ടിരുന്നു . ഒടുവിൽ അവസാന ആളും പടിയിറങ്ങി . 


                     നഗരത്തിൽ  വല്ലപ്പോഴും നാട് കാണാൻ വരുന്നവർ മാത്രമായി . പിന്നെ പിന്നെ അതും നിലച്ചു . താമസിക്കാനാളില്ലാത്ത  കെട്ടിടങ്ങൾ . ഓടിക്കാൻ ആൾക്കാരില്ലാത്ത വാഹനങ്ങൾ , പഠിക്കാൻ സ്കൂളുകളിൽ കുട്ടികളില്ല , ഹോട്ടലുകളിൽ ആളുകളില്ല . പല വലിയ മാളുകളും പൂട്ടിപ്പോയിരിക്കുന്നു .  ആ നഗരം അപകടം മണത്തു . വീണ്ടും ആൾക്കാരെ തിരികെ വിളിക്കാൻ ശ്രമിച്ചു . ഒരാളുപോലും തിരിഞ്ഞു നോക്കിയില്ല . അവർക്ക്     വിശ്വാസം നഷ്ടമായിരുന്നു . നഗരത്തിൽ നിന്നും എല്ലാം ഉപേക്ഷിച്ചുകൊണ്ട് അവർ തങ്ങളുടെ  കൂടുകളിൽ  വിശ്വാസപൂർവ്വം  തിരികെഎത്തി.   പക്ഷേ അവിടെയും അവർ വിരുന്നുകാരായിരുന്നു . മധുരവുമായി സമ്മാനങ്ങളുമായി വരുന്ന വിരുന്നുകാർ . തങ്ങൾ തിരികെ  പോകാതെ വന്നപ്പോഴാണ് അവർക്ക്   അത് മനസ്സിലായത്  അവിടേയും  അവർ  ഒറ്റപ്പെട്ടു . അവഗണ , പരിഹാസം , അവരുടെ നാട് ഒരുപാട് മൂന്നോട്ട് പോയിരുന്നു . അവർ മനസ്സിലാക്കിയിരുന്നതിലും ഒരു പാട് മുന്നിൽ . ആ മാറ്റത്തിൽ അവർക്കിടമുണ്ടായിരുന്നില്ല . 

അങ്ങനെ ഇരിക്കെ  അങ്ങ് ദൂരെ മറ്റൊരു നഗരം പിറന്നു . അവർ എല്ലാവരേയും  കൈയാട്ടി വിളിക്കുന്ന കണ്ട് ആ വിരുന്നുകാർ  അങ്ങോട്ടോടി . ആ നഗരത്തിൻ്റെ   വാതിൽ കടന്നതും അവൻ ഉറക്കെ ഉറക്കെ ശ്വാസമെടുത്തു. സ്വാതന്ത്യമുള്ള  ഒരു പുതിയ കൂടിലേക്ക്  വീണ്ടും  അവൻ . അവൻ പ്രവാസി . 

Friday, June 7, 2024

അപ്പൻ : ചെറുകഥ

 അപ്പൻ 

ചെറുകഥ : സജീവ്കുമാർ ശശിധരൻ 


രാവിലെ പത്രം വന്നു . നോക്കി , പതിവുപോലെ തന്നെ  ,ഒന്നുമില്ല , എല്ലാ വാർത്തകളും  പഴയപോലെ  , പഴയ വാർത്തകൾക്ക്  പുതിയ ഉടുപ്പിട്ട്  വന്നിരിക്കുന്നു  അത്ര തന്നെ ,  എങ്കിലും ഒന്നുകൂടി മുഴുവൻ നോക്കി . ഇനി ഉച്ചക്ക് ഒന്നുകൂടി നോക്കണം , വൈകിട്ടും പിന്നെ രാത്രി വീണ്ടും മുഴുവൻ വായിക്കണം . കൊടുത്ത കാശ് മുതലാവണ്ടേ , ഇരുട്ടി വെളുത്താൽ  ആയുസ്സറ്റുപോകുന്ന അപൂർവ്വ ജീവികളിൽ ഒന്നാണ് . രാത്രിയിൽ അയാൾ ഒന്നുകൂടി അതിൽ ഊളിയിട്ടു . തന്നെക്കുറിച്ചുള്ള എന്തെങ്കിലും ;   ഒരു ചെറിയ കോളം വാർത്തയെങ്കിലും   , അല്ലെങ്കിൽ ഒരു വരിയെങ്കിലും   ,  താനും ഒരു എഴുത്തുകാരനല്ലേ ? സ്വന്തം പേരിൽ എഴുതിയാൽ മതിയായിരുന്നു . ഒന്നുമില്ലേൽ നാട്ടുകാരെങ്കിലും മനസ്സിലാക്കിയേനെ താനൊരു എഴുത്തുകാരനാണെന്ന് . ഇതിപ്പോ ആർക്കുമറിയില്ല . ആ   ചിലപ്പോൾ നാളെയുണ്ടാവും . അയാൾ സമാധാനത്തോടെ അന്ന് കണ്ണടച്ചു . രാവിലെ പത്രം വന്നു . ആദ്യ പേജിൽ  വലിയ അക്ഷരത്തിൽ  ' ഈ വർഷത്തെ മികച്ച കൃതിക്കുള്ള അവാർഡ് " അപ്പന് " അയാൾ അതും വായിച്ചു , പിന്നെ ബാക്കി എല്ലാ പേജും വായിച്ചു തീർത്തു . ഇനി ഉച്ചക്ക് , പിന്നെ വൈകിട്ട് അവസാനം രാത്രി ഒരിക്കൽ കൂടി . അയാൾ അതോർത്ത് ചിരിച്ചുകൊണ്ട്  അകത്തേക്ക് പോയി . പിറ്റേന്ന് രാവിലെ പത്രം വന്നു . പിന്നെയും രാവിലകളിൽ പത്രം വന്നു . അയാളുടെ വീടിന് മുന്നിൽ അത്  കുമിഞ്ഞു കൂടി . പിന്നെ പിന്നെ ആ  വീട്ടിൽ ദുർഗന്ധം നിറഞ്ഞു . അയാളൊരുദുർഗന്ധമായി തീർന്നിരിക്കുന്നു . അപ്പൻ വിടവാങ്ങി . ആദ്യത്തേതും അവസാനത്തേതുമായ  കൃതി  പൊലിഞ്ഞുപോയ ഭാര്യക്കും പിന്നെ നാട്ടുകാർക്കും സമർപ്പിച്ചുകൊണ്ട് . കൃതിയുടെ അവസാന താളുകളെ പുനർജീവിപ്പിച്ചുകൊണ്ട്  തൻ്റെ ആത്മകഥയ്ക്ക്  വിരാമമിട്ടുകൊണ്ട്. 

Saturday, May 18, 2024

ഒരു ഓർമ്മക്കുറിപ്പ്

 ഒരു ഓർമ്മക്കുറിപ്പ് 


സജീവ്കുമാർ 



എനിക്ക്  കരയാനറിയില്ല . കരച്ചിൽ തനിക്ക് സങ്കടമുണ്ടെന്ന്  പുറംലോകത്തിന് മനസ്സിലാക്കി കൊടുക്കാനും കൂടിയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . അതുകൊണ്ട് മരണവീടുകൾ പലപ്പോഴും മാരകകോമഡികളാകുന്നതും ഞാൻ കണ്ടിട്ടുണ്ട് . പക്ഷെ ചിലർ വിങ്ങിപ്പൊട്ടുന്നതും വളരെ ഉച്ചത്തിൽ അലറിക്കരയുന്നതും കാണാം  അവരുടെ വികാരം പുറത്തേക്ക് അന്തരീക്ഷത്തിലേക്ക്  ഒഴുക്കിവിടുന്നു . അതും ഒരു മഹാകഴിവാണ് . എനിക്കില്ലാത്തതും അതാണ് .  പലപ്പോഴും എനിക്ക് കൊതിയാണ് ഒന്ന് ഉറക്കെ ഉച്ചത്തിൽ കൂവാൻ ,കരയാൻ . ഉള്ളിലെ മുഴുവൻ വികാരങ്ങളും പുറത്തേക്ക് എറിഞ്ഞുടക്കാൻ . കഴിഞ്ഞിട്ടില്ല . ഒരു സിനിമ കണ്ടാൽ കുറേ നേരം വെറുതെ ഇരുന്നാൽ എങ്ങോട്ടെന്നില്ലാതെ ബസ്സിൻ്റെ സൈഡിലിരുന്ന് ഒരുപാട് ദൂരം യാത്ര ചെയ്യ്താൽ എൻ്റെ  മനസ്സിൻ്റെ വിങ്ങലിന്  ശമനമുണ്ടാകാറുണ്ട് . ഇത് ഒരു ഓർമ്മക്കുറിപ്പായി കണക്കാക്കണം കാരണം മുകളിലെ ഓരോ വരിയും ഞാൻ ഒരോ മരണത്തിലും അനുഭവിച്ച സത്യങ്ങളാണ് . കരയാത്തതുകൊണ്ട് അവന് സ്‌നേഹമില്ലെന്ന കുത്തുവാക്കുകൾ പലപ്പോഴും കേട്ടിട്ടുണ്ട് . എന്ത് ചെയ്യാം ഞാൻ ഇങ്ങനെയാണ് . 

Thursday, May 2, 2024

ഒരു സന്തോഷത്തിൻ്റെ കഥ

 

ഒരു സന്തോഷത്തിന്റെ കഥ

 

ചെറുകഥ  

സജീവ്കുമാർ ശശിധരൻ  

 

കാലത്തിന്റെ ആ കണ്ടുപിടുത്തം അയാൾക്ക് നന്നേ ഇഷ്ടപ്പെട്ടു . എത്ര നാളായി ഇതുപോലൊന്ന് വാങ്ങണമെന്ന് ആലോചിക്കുന്നു . ആ ആഗ്രഹത്തിന് വർഷങ്ങളുടെ ആയുസ്സായിരിക്കുന്നു  . ഒരു നാൾ പട്ടണത്തിൽ പോയപ്പോഴാണ് ആദ്യമായി കണ്ടത് . അത്ഭുതമായിരുന്നു . ഉൾഗ്രാമത്തിൽ ജീവിക്കുന്ന അയാൾ വിരളമായേ പുറംലോകത്തേക്ക് എത്തിനോക്കാറുള്ളൂ . വിലകേട്ട് വളരെ വിഷമത്തോടെ അയാൾ തിരികെ പോന്നു. ഒരു നാൾ വർഷങ്ങൾ സമ്പാദിച്ച പണവുമായി അയാളത് വാങ്ങി . ഒരു വെളുത്ത ഫ്രിഡ്‌ജ്‌ .  മനോഹരമായ ഒന്ന് . വാങ്ങിയപ്പോൾ തന്നെ അയാൾ അതിനെ ഇറുകെ പുണർന്നു . കടക്കാരും  അയാളുടെ സന്തോഷത്തിൽ ആനന്തിച്ചു . അവർ സൗജന്യമായി ഫ്രിഡ്‌ജ്‌ വീട്ടിലെത്തിച്ചുകൊടുക്കാൻ തീരുമാനിച്ചു .

ഊടുവഴികൾ പിന്നിട്ട് അയാളുടെ വീടെത്തിയപ്പോഴാണ് അവർക്ക് ആ സത്യം മനസ്സിലായത്‌ .

അയാളുടെ വീട്ടിൽ വൈദ്യുതിയില്ല .

തങ്ങളുടെ നല്ല കസ്‌റ്റമറെ അവർ കൈവെടിഞ്ഞില്ല . ഒരു സോളാറുകൂടി അയാൾക്ക് അവർ വെച്ചുനൽകി . എല്ലാ മാസവും ഒരു നിശ്ചിതതുക കടയിൽ കൊണ്ടുപോയി കൊടുക്കണം.

അവസാനം അയാളുടെ സ്വപ്നം സഫലമായി ഫ്രിഡ്ജ് പ്രവർത്തിച്ചുതുടങ്ങി . അയാളുടെ ആഹാരപ്രശ്‌നവും തീർന്നു . ഒരു മാസത്തേക്കുള്ള ആഹാരം അയാൾ ഫ്രിഡ്ജിൽ സൂക്ഷിക്കും . മാസാമാസം അയാൾ കടയിൽ കാശുമായി പോകും . തിരികെ ഒരു മാസത്തെ ഭക്ഷണവുമായി വരും . ഫ്രിഡ്‌ജ്‌ നിറയ്ക്കും സമാധാനത്തോടെ കിടന്നുറങ്ങും .

അത് ആ ഗ്രാമത്തിലെ ഒരു വലിയ പ്രശ്നത്തിന് പരിഹാരമുണ്ടാക്കി .

വിരലിലെണ്ണാവുന്ന കുടുംബങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത് , ഇപ്പൊ കാട്ടിൽനിന്നും പുലി ഇറങ്ങുന്നില്ല . ആരേയും കൊണ്ട് പോകുന്നില്ല . എല്ലാവരും സന്തോഷത്തോടെ ഉറങ്ങാൻ തുടങ്ങി .

എല്ലാവർക്കും സന്തോഷം.

 പക്ഷേ പട്ടണത്തിൽ ഓരോ മാസവും ഒരോ മനുഷ്യരെ കാണാതെ പോയി . ആരും അറിഞ്ഞില്ല , എന്തിനും തിരക്ക്, എന്തിനും പകരമുണ്ട് , പകരക്കാരുമുണ്ട്  .

എപ്പോൾ അയാൾക്ക് വിശന്നിരിക്കേണ്ടിവരുന്നില്ല .  ഭാര്യ ഇപ്പോൾ സന്തോഷവതിയാണ് . അവൾ ഗർഭിണിയാണ് . 

അയാൾ   സന്തോഷവാനാണ് .

ഫ്രിഡ്ജിന്  നന്ദി .