കഥ പറയുന്ന നിലാവ് .
സജീവ്കുമാർ ശശിധരൻ
വർഷങ്ങൾക്ക് ശേഷമാണ് തിരികെ നാട്ടിലെത്തിയത് . ഒരു മാറ്റവുമില്ലാത്ത നാട് . അന്ന് എങ്ങനെ ആയിരുന്നോ ഇന്നും അങ്ങനെ തന്നെ . വണ്ടിയിൽ നിന്നിറങ്ങുമ്പോൾ ആദ്യം മനസ്സിൽ തോന്നിയ കാര്യം . എന്താണ് ഇവിടെയൊന്നും മാറാത്തത് . ബസ്സ് ആ ഗ്രാമത്തിനുള്ളിൽ ഇപ്പോഴും കയറില്ല . കവാടത്തിന് പുറത്ത് നിർത്തും . പിന്നെ നടക്കണം . ആ ആലും , ആ ചായക്കടയും ഒക്കെ അങ്ങനെ തന്നെയുണ്ട് . കടയിൽ പരമുച്ചേട്ടൻ തന്നെ . ആൽമരത്തണലിൽ രാമൻനായരും ഖാദറും സൊറപറഞ്ഞിരുപ്പുണ്ട് . ഞാൻ ഓരോരൊ കാഴ്ച്ചകൾ കണ്ട് വീട്ടിലേക്ക് നടന്നുതുടങ്ങി . കവല കഴിഞ്ഞു . എല്ലാം പഴയപാടി , ഒരു മാറ്റവുമില്ല .
എന്തിന് മാറണം തിരികെ വരുമ്പോൾ കൺകുളിർക്കെ കാണാൻ എല്ലാം അങ്ങനെ തന്നെയുണ്ടല്ലോ . മഹാഭാഗ്യം . ഇവിടെ എല്ലാവർക്കും എല്ലാവരേയും അറിയാം . വീട്ടിലെത്തുന്നവരെ ഓരോ മനുഷ്യരും സുഖവിവരം തിരക്കി .
ഒടുവിൽ വീടെത്തി. അമ്മയുണ്ട് , അച്ഛനുണ്ട് , അനുജത്തി ,അമ്മൂമ്മ ,അപ്പൂപ്പൻ അങ്ങനെ എല്ലാവരുമുണ്ട് . തൊടിയിലെ കുളത്തിൽ ഒരു സുന്ദരൻ കുളിപാസാക്കി . പിന്നെ വീട്ടുകാരോട് സൊറപറഞ്ഞു .
വൈകിട്ട് അമ്പലത്തിൽ പോയി . പഴയ കൂട്ടുകാരെല്ലാം അവിടെയുണ്ട് . അവരും മാറിയിട്ടില്ല , ആരും എങ്ങും പോയിട്ടില്ല . ഞാൻ മാത്രമാണ് ഈ നാട് വിട്ട് പുറത്തേക്ക് പോയത് . രാത്രി വൈകിയിട്ടും എനിക്കുറക്കം വന്നില്ല . ജനാല വഴി അരിച്ചുവന്ന നിലാവിനെ നോക്കി ഞാൻ കിടന്നു . യക്ഷിപ്പാല പൂത്തിട്ടുണ്ട് . നല്ല മണം ഞാൻ ചെവിയോർത്തു . അവളുടെ പാട്ട് കേൾക്കുന്നുണ്ട് . ദൂരെ . ഞാനേ മാറിയിട്ടുള്ളൂ ഞാൻ മാത്രം .
ആരോ വിളിക്കുന്നതായി അയാൾക്ക് തോന്നി . കണ്ണുതുറക്കാൻ കഴിഞ്ഞില്ല . ആ ആശുപത്രിമുറിയിൽ ആരുമുണ്ടായിരുന്നില്ല . പതിയെ പതിയെ കോമയിലായിരുന്ന അയാളുടെ ഹൃദയ താളം നിലച്ചു . ആരും അറിഞ്ഞില്ല , ഇടനാഴിയിൽ അയാളെ കാത്ത് ആരുമുണ്ടായിരുന്നില്ല . പക്ഷെ ഒരു വെള്ളവസ്ത്രധാരിണി അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു . അവളെ ആർക്കും കാണാൻ കഴിഞ്ഞിരുന്നില്ല . അവൾക്ക് യക്ഷിപ്പാലയുടെ മണമായിരുന്നു .
No comments:
Post a Comment