Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, March 21, 2025

ഒരു നിമിഷം : കവിത

 ഒരു നിമിഷം 

(കവിത : സജീവ്കുമാർ ശശിധരൻ )


എഴുതുന്ന കവിതകൾ 

പകരുന്ന നിറമതിൽ 

നുകരാനിരിക്കുന്ന 

ശലഭങ്ങളെ .


കാത്തിരിക്കൂ നിങ്ങൾ 

ഓർത്തിരിക്കൂ എന്നേ 

നിറമുള്ളപൂക്കൾ 

ഞാനിനിയും തരാം .


കഴിഞ്ഞതുമല്ല 

ഞാനെഴുതാത്തതല്ല

എൻ വഴികളിലൊക്കെ 

മുള്ളുവീണു .


തൂത്തുകളഞ്ഞു

ഞാനെത്തുന്ന നേരത്ത് 

ഓർക്കാതെ പോകുമോ 

എൻ്റെ പാര് 

Friday, October 25, 2024

ചായ ( കവിത)

 ചായ 

(കവിത : സജീവ്കുമാർ ശശിധരൻ )



നാട് തിളച്ചു 

തുളുമ്പിതെറിക്കുന്നു 

നിറമുള്ള കോപ്പയിലെ 

ചായപോലെ .


ആറിതണുത്താലും 

കൊള്ളുകില്ല .

ഏറെ തിളച്ചാലും 

കൊള്ളുകില്ല .


പലരുചി ചായയെ

മോന്തികുടിച്ചിട്ട് 

അവരുപറഞ്ഞു 

രുചി ഒന്നുതന്നെ .  


രുചി ചത്ത നാവിനെ 

ഞാനെന്ത് ചൊല്ലുവാൻ 

ചില തിള തുള്ളികൾ

ചെന്ന് വീണതാവാം . 



Sunday, September 29, 2024

ജലകന്യക : കവിത

 ജലകന്യക 

കവിത : സജീവ്കുമാർ ശശിധരൻ 



കടലവൾ 

മുടിയാഴിച്ചടുന്ന നേരമാ 

കരിമണൽ 

കൂടിയൊരു ശിൽപ്പമായി .


ഈടയിലായെപ്പഴോ 

ഒരു മുത്ത് വന്നൊരാ 

പ്രതിമയെ തോട്ടതിൽ 

ജീവനായി .


ഞാൻ നോക്കി നിൽക്കവേ 

ആ പെൺ പ്രതിമയെ 

ഒരു തിര വന്നങ്ങ് 

കൊണ്ടുപോയി .


ദൂരേയ്ക്ക് നീന്തി 

അകലുന്ന പെണ്ണെന്നെ 

കണ്ടവൾ മാടി 

വിളിച്ചു പിന്നെ .


നീന്തുവാനറിയാതെ  

ചാടുന്ന ഞാനുമാ  

ആഴത്തിലെവിടെയോ 

താണുപോയി .


കണ്ണ് തുറന്നു ഞാൻ 

നോക്കുന്ന നേരത്ത് 

മുത്തുകൾ ചിപ്പികൾ 

പവിഴമല .


വട്ടം വലംവെച്ച 

പെണ്ണിനെ കണ്ടുഞാൻ 

കാലുകളില്ലാത്ത 

ജലകന്യക .



Thursday, September 5, 2024

ആത്മഹത്യ : കവിത

 ആത്മഹത്യ 

കവിത :സജീവ്കുമാർ ശശിധരൻ 


നേരുള്ള നുണയൊന്നു 

ചൊല്ലി ഞാനവളോട് .

അവളുടെ ചിരിയിൽ 

കണ്ടെൻ്റെ  ആനന്ദം .


തള്ളുവാനിനിയില്ല 

കൈകൾക്ക് ബലമില്ല 

ഒരുതുള്ളി വിഷമുണ്ട് 

അത് ഞാൻ പകുക്കില്ല 


ദിനമെന്നെ വരിയുന്ന 

വിഷമുള്ള കരിസർപ്പം 

നൊടി,പോലുമോടാതെ 

നോക്കിച്ചിരിക്കുന്നു .


കടലുപോലിളകുന്നു 

ചിന്തതൻ  കാഠിന്യം .

മുഷ്‌ടിയിൽ ചിരിക്കുന്നു  

വിഷമെന്ന ആ തുള്ളി .


ഇരുളാണ് ചുറ്റുമെൻ 

നെഞ്ചിലുമിരുളാണ്. 

നേരുള്ള നുണയിലോ  

ഉറങ്ങുന്നു  സുന്ദരി .


ചുണ്ടിലാ ചിരിയുണ്ട് 

എന്നിലെ   ആനന്ദം .

ആ  നൊടി ആ തുള്ളി 

ദൂരേക്കെറിഞ്ഞു ഞാൻ 


അറിയാതെ അവളോട്‌ 

ചേർന്ന് കിടന്നു ഞാൻ 

അവളുടെ ആ ചിരി 

എന്നിൽ പടർന്നുവോ 


ദിനമുണ്ട് ,ഈ ചിരി 

മായാതെ നോക്കണം 

കരി സർപ്പം വരിയട്ടെ  

ചരിക്കണം ചിരിയോടെ .

Sunday, August 25, 2024

എൻ്റെ പക:കവിത

 എൻ്റെ പക 

(കവിത : സജീവ്കുമാർ ശശിധരൻ )

 

കൈബലമല്ലയെൻ 

കടലാസ് പകചൊല്ലും .


ഒരു വരി നൂറാണ് 

ആ നൂറിൽ ഞാനുണ്ട് .


തിളകോരി വെച്ചപോൽ 

പൊഴിയുന്ന വാക്കുണ്ട് .


അതിലോരോ വാക്കിലും 

പകയുണ്ട് ,പൊരുളുണ്ട് .


വരുണുണ്ട് മാരിപോൽ 

മറക്കണ്ട പങ്കാളി .

Tuesday, August 20, 2024

യക്ഷിയും ഞാനും : കവിത

 യക്ഷിയും ഞാനും 

(കവിത : സജീവ്കുമാർ ശശിധരൻ )



ഒരിക്കൽ ,ഒരുനാൾ 

ഒരു പാതിരാവിൽ .

ഓമനയാളെത്തി 

ഓരോല തന്നു .


പ്രണയമൂറി 

പടരുന്ന പോൽ  

പകിടകളിപോലൊരു 

മധുരലേഖനം 


നിണ മിറ്റ്‌ വീഴുന്ന 

ലിപികളിൽ 

കണ്ടെൻ്റെ ഗളമതിൽ 

ആഴുന്ന ദ്രമ്ഷ്ഠകളും 


നേരം വെളുക്കുവാൻ 

കാക്കാതെയന്നുഞാൻ 

പാഞ്ഞും പറന്നും  

നഗരമെത്തി .


നിലകളിലൊന്നിൽ 

നീളുന്ന ജീവിതം

ഇടതടമില്ലെയെൻ 

നിണമിറ്റുപോയ്‌ .


നടന്നുമിഴഞ്ഞും

വീടെത്തിയെന്നുടെ 

ജനവാതിൽ തള്ളി 

തുറന്നിട്ടു ഞാൻ .


പട്ടിട്ട് ചാന്തിട്ട് 

കരിവളയിട്ടവൾ 

കാറ്റായ് വരുന്നതും 

നോക്കിനിന്നു .


എൻ്റെ ഭയമെന്ന 

ചിന്തയും ഞാൻ മറന്നു.

എൻ്റെ ഹൃദയം തുറന്ന് 

ഞാൻ കാത്തിരുന്നു .

Tuesday, August 13, 2024

പ്രജയുടെ സ്വതന്ത്രത : കവിത

 

പ്രജയുടെ സ്വതന്ത്രത

കവിത : സജീവ്കുമാർ ശശിധരൻ 

 

ഉണ്ടെന്നുചൊല്ലി 

ഞാൻ കേട്ടിരുന്നു .

നെഞ്ചിലൊരായിരം 

പൂവിടർന്നു .


വെള്ള നിറമുള്ള 

പൂക്കളെ ഞാൻ  

തോളോട് ചേർത്തു 

പറന്നു പൊങ്ങാൻ .


ഞാനുമെൻകൂട്ടരും 

ഓടിയോടി 

ചെന്നൊരു മാമല    

ഉച്ചത്തിലായ് 


താഴേക്ക്  പാറി

പറന്നുപൊങ്ങാൻ 

താഴേക്ക് ചാടി 

ചിറകടിച്ചു .


ഏറെ പറന്നില്ല

ചിറക് ചോർന്നു .

പാറിപ്പറന്നവർ 

ചിതറിവീണു 


വാടിക്കരിഞ്ഞൊരെൻ 

ചിറകുമെൻ്റെ 

വാടയും ചേർത്ത് 

പറന്നകന്നു .


 വായുവിൽ കാലു 

ചവിട്ടിഞാനും 

വീഴാതെ ചുറ്റും 

പതറി നോക്കി 


ഉണ്ടത് കോടികൾ 

ഉണ്ടുകൂടെ 

ഗന്ധം മറഞ്ഞൊരാ 

മൂഢ ജനം .

Friday, August 9, 2024

പ്രണയമാനസം : കവിത

 

പ്രണയമാനസം 

കവിത : സജീവ്കുമാർ ശശിധരൻ 


നിറയാതിരിക്കുന്ന 

ഹൃദയത്തിലാത്തുള്ളി 

നിണമായിരുന്നു നീ 

കൂട്ടുകാരി . 


കരിനീല മിഴിയാൽ 

കവർന്നുനീയെന്നെ നിൻ 

കരളിൻ്റെയുള്ളിൽ 

അടച്ചു പെണ്ണേ . 


താഴിട്ടുപൂട്ടിയാ   

വാതിലിൻ  ചാവിനീ 

വാകമരത്തിൽ  

എറിഞ്ഞുടച്ചു . 


തീ പൂക്കളുതിരുന്ന 

വാകമരച്ചോട്ടിൽ

ആയിരം ചാവി 

അതിലൊന്നു  ഞാനോ 


പ്രണയത്തിലെന്ത് 

ഞാൻ പറയേണ്ടു 

പരിഭവമില്ല

നീയെൻ പ്രണയമാണ് . 

Thursday, August 8, 2024

ഒരു വിളി : കവിത

 ഒരു വിളി : 


കവിത : സജീവ് കുമാർ ശശിധരൻ 


കവിതയായ് മൂളി നിന്നെ 

കൂടെ ഞാൻ കൊണ്ട് പോകാം .

കരിവള വാങ്ങിത്തരാം , പെണ്ണേ 

കടലും കടന്നു പോകാം .


പ്രണയമറിയാത്തവർ 

പ്രാകൃതചേഷ്ടയോടെ 

പലതും പറഞ്ഞിടുമ്പോൾ, പെണ്ണേ 

പതറണ്ട ഞാനുണ്ടടോ .


നീണ്ടു നിവർന്ന് ലോകം 

നിൻ്റെ  മുൾമുനപോലുള്ള ദേശം 

താമസ്സമെന്തു പെണ്ണേ 

നമ്രത വേണ്ട പോരൂ .

Monday, July 29, 2024

എന്ത് നേടി : കവിത

 എന്ത് നേടി ?

(കവിത : സജീവ്കുമാർ ശശിധരൻ ) 


ആ കൊമ്പ് ഞാൻ മുറിച്ചു 

അന്തിയിൽ ആയിരം 

കൊക്കുകളുരുമുന്നരാ 

മരം ഞാൻ മുറിച്ചു .


ആ മല ഞാനിടിച്ചൂ 

ആയിരമായിരം 

ജീവനുകളൂറുന്ന 

മാമല ഞാൻ പൊടിച്ചു .


നാടൊട്ടു ഞാൻ നിറച്ചു 

തരിനീര് പോലും 

താഴാത്ത മണ്ണിലായ് 

വിഷവിത്ത് ഞാൻ വിതച്ചു. 


വരികെട്ടി ഞാൻ തിരിച്ചു .

മതമെന്ന വാളിനാൽ 

ആളെ വരഞ്ഞിട്ട് 

മുളകിൻ്റെ  അര നിറച്ചു . 


പോർ കണ്ട് ഞാൻ ചിരിച്ചു 

ആയിരമാണ്ടുകൾ 

ആസ്വദിപ്പാനായി 

ഖജനാവ് ഞാൻ നിറച്ചു . 


പല വല ഞാൻ വിരിച്ചു 

പുൽക്കൊടി തുമ്പിലെ 

തുള്ളിവെള്ളത്തിനും 

കരമിട്ട് ഞാൻ  ചിരിച്ചു .


നാളുകളോ ചരിച്ചു 

ചിരിവന്നു ചിരിവന്ന് 

ഏറെ ചിരിച്ചൊരെൻ 

നെഞ്ചിൻ്റെ ഇടിനിലച്ചു .  


ആളുകളും ചിരിച്ചു 

ആയിരമാണ്ടുകൾ 

ആശിച്ച രാജനെ

ഓടയിലേക്കെറിഞ്ഞു .

Wednesday, July 24, 2024

ഒരു മുറി : കവിത

 ഒരു മുറി 

( കവിത : സജീവ്കുമാർ ശശിധരൻ )



എവിടെയിരുന്നാ 

മനം ചിരിപ്പൂ .

കനമൊട്ടു കൂടി 

കരഞ്ഞിരിപ്പൂ .


കടലാസിലെഴുതി 

കളയുന്നുഞാൻ 

ചിരികളും കണ്ണുനീർ 

കഥനങ്ങളും .


ചിലർ അതെല്ലാം 

ഒതുക്കി വെക്കും 

അറിയാതെ അവിടെ 

അടഞ്ഞുപോകും 


മനസ്സൊരു മാന്ത്രിക 

മുറിയല്ലയോ 

അറിയണം താഴും 

നീയല്ലയോ .


ചുമടുകൾ കൂടി 

എടുത്തുവെച്ചാൽ 

അടയുന്ന വാതിൽ 

തുറക്കുകില്ല .


തരി തരിയായി 

പുറത്തെറിയൂ 

ചുമടുകൾ പോട്ടെ 

മനം തളിർക്കും .


നീ തന്നെ നിൻ താങ്ങും  

അറിയണം നീ 

ആ മുറി വാതിൽ 

കാക്കണം നീ .

Tuesday, July 16, 2024

ഞാനും അവളും : കവിത

 ഞാനും അവളും 


കവിത ( സജീവ്കുമാർ ശശിധരൻ ) 


ചില്ലായിരുന്നു ഞാൻ 

കൂട്ടുകാരീ 

അന്നും കടന്നു നീ 

പോയിരുന്നു .


കാർമുകിൽ  നോക്കി  

കറുത്തു വീണ്ടും .

കാരണം

മാരിവില്ലായിരുന്നു .


കേരം തകർക്കുന്ന 

മിന്നൽ വിട്ടാ  

ജനയിതാവെന്നെ  

ഭയപ്പെടുത്തി . 


ഇല്ല പിന്നോട്ടില്ല 

ഞാനുറച്ചു .

എന്നില്ലാ വർണ്ണങ്ങൾ 

ഞാൻ നിറച്ചു .


ഏഴ് വർണ്ണം ചേർന്ന് 

ഞാൻ കറുത്തു . 

കരിമുകിൽ താതനും 

പുഞ്ചിരിച്ചു .


അവൾ വരും കാലം 

നോക്കി നിൽപ്പൂ  

മഴവില്ലവൾ

എൻ്റെ മഴയാണവൾ 

Thursday, July 11, 2024

വനദേവത : കവിത

 വനദേവത 

(കവിത : സജീവ്കുമാർ ശശിധരൻ )



ഉളെളൻ്റെ   ഉള്ളിൽ 

ഇരുളാണ് പെണ്ണേ 

കാടാണ് പെണ്ണേ  

മൃഗങ്ങളുണ്ട് .


നടവഴി വിട്ടുനീ 

ഉള്ളുകണ്ടാൽ 

മറുവഴിയില്ല 

തിരിച്ചുപോകാൻ .


എവിടേയോ 

ഉള്ളിൽ പൂക്കളുണ്ട് .

മിന്നിത്തിളങ്ങും 

വെളിച്ചമുണ്ട് .


പിന്നെ കഴിപ്പാൻ

ഫലങ്ങളുണ്ട് 

നിന്നെയുറക്കാൻ 

കിളികളുണ്ട് .


അറിയില്ല , നീ 

വന്നെടുത്തുകൊൾക

വനമാണ് ഞാൻ,

നീ വനദേവത . 

മുള്ളുകൾ : കവിത

 മുള്ളുകൾ 

(കവിത : സജീവ്കുമാർ ശശിധരൻ )



മിഴികളടയ്ക്കാതെ 

കാത്തിരുന്നു 

മരണംവരുമ്പോൾ 

ചിരിച്ചുകാട്ടാൻ 


ചരമം കുറിക്കുന്ന 

കത്തിലെൻ്റെ 

സമയം കുറിക്കുവാൻ 

കാത്തിരിപ്പൂ  .


മരണം ജയിച്ചാൽ 

മരിച്ചിടാമെൻ 

കദനമൊഴുക്കും 

മറവിയാക്കാം.


മിഴികളടഞ്ഞുപോയി 

കനവുവന്നു .

കനവിലൊരായിരം 

പൂക്കൾ പൂത്തു .


അതിലൊരു പൂവോ 

മനം മയക്കി .

ഹൃദയം നിറയ്ക്കുന്ന 

ചിരി പടർത്തി .


ഉടലവൾ  കാട്ടി 

ഭയന്നുഞാനോ  

ആ ചിരി ,പിന്നിലും 

കദനമുണ്ട് .


ഇനിയും മരിക്കുവാൻ 

കാക്കണോ ഞാൻ 

സമയമുണ്ടേറെ 

നടന്ന് തീർക്കാൻ  


മുള്ളുള്ള വഴിയിലും 

പൂവ്  പൂക്കും 

മുള്ളുപോയി ആ വഴി 

മെത്തയാകും . .

Tuesday, July 2, 2024

കൂരയും കുടിയനും : കവിത

 കൂരയും കുടിയനും 

കവിത : സജീവ്കുമാർ ശശിധരൻ 



മാനമിരുളുന്നുണ്ട് 

മേഘം ആറിത്തണുക്കണുണ്ട്  .


നേരമുരളണുണ്ട് .

നേരം പോയ കാറ്റും പറക്കണുണ്ട് .


മിന്നലടിക്കണുണ്ട് 

കൂടെ കൂടെ മദ്ദളകൊട്ടുമുണ്ട് 


കാലെൻ്റെ ആടുന്നുണ്ട് 

പാതിയെന്നെ കോപമായി നോക്കണുണ്ട് 


ആടിക്കളിക്കണുണ്ട് 

കൂര രണ്ട് മോന്തിയപോലെയുണ്ട് .


കോപമായി നോക്കണുണ്ട് 

കൂര വീണാ നാളെയെൻകാലനുണ്ട് .

Thursday, June 27, 2024

പ്രണയമാണ് : കവിത

 പ്രണയമാണ് 


( കവിത : സജീവ്കുമാർ ശശിധരൻ )



നിലവിളക്കിൻ തിരി 

ഉതിരുന്ന നിൻപ്രഭ 

മുഖകാന്തിയെന്നിൽ 

തെളിഞ്ഞുനിൽപ്പൂ  .


നിശ മരിക്കുന്നില്ല 

വിരഹിണിയല്ല നീ 

പ്രണയമെന്നുള്ളിൽ 

നിന്നോടാണ് .


പരിഭമില്ല , ഞാൻ 

പറയുകയില്ലയെൻ 

കരൾ പിടയ്ക്കുന്നൊരാ 

പ്രണയ വാക്ക് .


അറിയാത്ത മുഖമുള്ള 

അഭിനയ പ്രതിഭ ഞാൻ 

ആ വാക്ക് ചൊല്ലുവാൻ 

ആളുമല്ല .


വിധിവരുമാദിനം

വന്നെത്തുമെന്നുടെ 

വഴിവെട്ടി നിന്നെ 

ഞാൻ ആനയിക്കും  .


കരളു കവിഞ്ഞൊരെൻ 

പ്രണയമൊഴുക്കി നിൻ 

കരളുനിറച്ചു ഞാൻ 

പ്രണയമാകും .

എൻ്റെ ഭയം : കവിത

 എൻ്റെ  ഭയം 


കവിത ( സജീവ്കുമാർ ശശിധരൻ )



മാട് ചവച്ചിറക്കും 

വീണ്ടും തിന്നും 

ആള് അയവെട്ടുമോ 


കേളൻ ചിരിച്ചുവെന്നാൽ 

പോഷകൻമാർ

പാഷാണവുംകഴിക്കും 


ആളുകളേറെയുണ്ട് 

വിഡ്ഢിപ്പെട്ടി 

കീറി നീറി ചിലയ്ക്കും .


നാവ് നീളെപറഞ്ഞാൽ 

മാളോർക്കെന്ത് 

നാല് നാളിൽ മറക്കും .


ആതുര വേളയിലും 

ആനന്ദിക്കും 

ആർത്തിപിടിച്ചകൂട്ടം 


കാണുന്ന കണ്ണുകളിൽ 

നാളെയല്ല .ഇന്നിൻ്റെ 

ഭീതിയാണ് .


വീട് കരഞ്ഞുപോയാൽ 

പിന്നെ പിന്നെ 

നാട് കരിഞ്ഞു പോകും .


നാടേ കരിഞ്ഞുപോയി 

പിന്നെയെന്ത്  രാജനും 

രാജവാക്കും .

   

Tuesday, June 25, 2024

എൻ്റെ അക്ഷരങ്ങൾ : കവിത

 എൻ്റെ  അക്ഷരങ്ങൾ 


( കവിത : സജീവ്കുമാർ ശശിധരൻ )


കാലമൊരു കാപട്യ 

ചിരി വരച്ചു .

ഉലയുന്ന വീടിനോ 

തീ പിടിച്ചു .


നോവുകൾ വേവുന്ന 

ഓർമ്മയുടെ മരുഭൂമി 

അക്ഷരം തന്നുപോയി 

ഞാൻ വിളമ്പും  


അക്ഷരത്തുള്ളിയാൽ 

അമ്മാനമാടുന്ന 

അരയർക്കുനൽകുവാൻ 

ഞാൻ ചരിച്ചു .


കടലുകാണാൻ വന്ന 

ഇടയൻ്റെ  കൗതുകം 

കടലു കൊള്ളാമടോ 

മീൻപിടിക്കാം .


അക്ഷര മുത്തുകൾ 

ഏറെ പണിപ്പെട്ട് 

അർത്ഥത്തിലാക്കി

ഞാൻ അരയനായി .


സ്രാവുകൾ വാളകൾ 

അറിയാത്ത മീനുകൾ  

വലപൊട്ടി അരയന്നു 

ക്ഷീണമായി .


അക്ഷരി വരും .

വാക്കുണ്ട് ,വലകെട്ടും

വക്രതയല്ലഞാൻ 

തളരില്ല ഞാൻ

അതിഥി : കവിത

 അതിഥി

കവിത : സജീവ്കുമാർ ശശിധരൻ 



നാടുകാണാൻ വന്നു  വേനൽ 

നാട് നീങ്ങി പോണു മാളോർ 


നാണമില്ലന്നോത്ത് കേട്ട് 

മാരിയെങ്ങോ പോയതാണ് .


മാരി വേണം ,വേനൽ വേണം 

വന്നു പോകാൻ ഊരു വേണം .


വന്നുനിന്നാൽ ഓർമ്മ വേണം 

വിരുന്നുകാരേ പോയിടേണം .

മുഖങ്ങൾ : കവിത ( with audio )

 മുഖങ്ങൾ 


(കവിത : സജീവ്കുമാർ ശശിധരൻ )



നിഴലുള്ള വഴിയേ 

നടക്കാതെ പോകാം 

നിഴലും ചതിക്കും 

നരനാണ് ഞാനും 


നിറമെന്നു ചൊല്ലി 

വാഴ്ത്തുന്നുമാളോർ

പലനിറം പേറുന്ന 

കണ്ണുള്ള മാളോർ 


കവിതയിലും ഒരുവരി 

പറയാതെ വയ്യ 

കള്ളങ്ങളാണ് നാം 

കാണുന്നതെല്ലാം .


അവനെ ചതുപ്പു

ഞാൻ എന്നെ ചതിപ്പൂ 

വീടും ചതിപ്പൂ .

നാടും ചതിപ്പൂ