Monday, October 7, 2024

ദിനം : ചെറുകഥ

 ദിനം 

(ചെറുകഥ )


ഒരു വെളുത്ത് വരയിട്ട പേപ്പർ മുന്നിൽ  കൈയ്യിൽ കറുത്ത മഷിയിൽ ഹീറോ പെൻ . ചുറ്റും പത്തോളം പെൺകുട്ടികൾ  എല്ലാവരും ഓർമ്മകളിൽ പരതുന്നു . കഥ എഴുത്ത് മത്സരം . പേര് കൊടുക്കുമ്പോൾ  അറിഞ്ഞിരുന്നില്ല . ആണായി ഞാൻ മാത്രമായിരിക്കുമെന്ന് . മത്സരത്തിന് കയറുമ്പോൾ ആൺകുട്ടികളിൽ പലരും പറഞ്ഞു . " ഡാ , നീ എന്ത് എഴുതിയാലും കാര്യമില്ല . പെണ്ണെഴുത്തിലാ കാര്യം , മറിയാമ്മ ടീച്ചർ വെട്ടി വെയിലത്ത് വെയ്ക്കും " 

മറിയാമ്മ ; ആൺകുട്ടികളുടെ പേടിസ്വപ്നം . വേണ്ടായിരുന്നു , ഞാൻ എന്ത് എഴുതിയാലും അവർ വെട്ടും  . വരകൾ നിറഞ്ഞ  പേപ്പർ എന്നെ നോക്കി കളിയാക്കി . 'ദിനം 'എന്ന വിഷയം മറിയാമ്മ ടീച്ചർ ബോർഡിൽ എഴുതിയിട്ടു . " മുപ്പത് മിനിറ്റ് സമയം "  ടീച്ചർ  പറഞ്ഞു . പിന്നെ എൻ്റെ അടുത്തേയ്ക്ക് വന്നു , ചിരിച്ചു . " ആ  നീയുമുണ്ടോ ? " , ഞാനും ഒരു ചിരിവരുത്തി . ചുറ്റുമുള്ള തരുണീമണികളെ ഒളികണ്ണിട്ട് നോക്കി . എല്ലാരിലും ഒരു പുച്ഛഭാവം .  ഞാൻ എൻ്റെ ചിന്തയിൽ തിരഞ്ഞു . ഒന്നുമില്ല . രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ അച്ഛൻ പറഞ്ഞ കാര്യം ഓർമ്മവന്നു . " വിഷയം ചുറ്റിലുമുണ്ട് . ഒന്നും കിട്ടിയില്ലേ നിനക്ക് ഇന്ന് നടന്ന കാര്യങ്ങൾ ഏഴുതിവെയ്ക്ക് , ഒന്നും എഴുതാതിരിക്കരുത് ." ഇതാണ് എൻ്റെ ദിനം , നിങ്ങൾ വായിക്കുന്ന ഈവരികൾ . ഈ നിമിഷം . ഇനി ഞാൻ എൻ്റെ പേര്കൂടി എഴുതി ചേർക്കുമ്പോൾ ഈ ചെറുകഥ പൂർത്തിയാകും . വെട്ടിയെറിഞ്ഞാലും ഇല്ലെങ്കിലും .


സജീവ്കുമാർ ശശിധരൻ 

No comments: