Friday, June 7, 2024

അപ്പൻ : ചെറുകഥ

 അപ്പൻ 

ചെറുകഥ : സജീവ്കുമാർ ശശിധരൻ 


രാവിലെ പത്രം വന്നു . നോക്കി , പതിവുപോലെ തന്നെ  ,ഒന്നുമില്ല , എല്ലാ വാർത്തകളും  പഴയപോലെ  , പഴയ വാർത്തകൾക്ക്  പുതിയ ഉടുപ്പിട്ട്  വന്നിരിക്കുന്നു  അത്ര തന്നെ ,  എങ്കിലും ഒന്നുകൂടി മുഴുവൻ നോക്കി . ഇനി ഉച്ചക്ക് ഒന്നുകൂടി നോക്കണം , വൈകിട്ടും പിന്നെ രാത്രി വീണ്ടും മുഴുവൻ വായിക്കണം . കൊടുത്ത കാശ് മുതലാവണ്ടേ , ഇരുട്ടി വെളുത്താൽ  ആയുസ്സറ്റുപോകുന്ന അപൂർവ്വ ജീവികളിൽ ഒന്നാണ് . രാത്രിയിൽ അയാൾ ഒന്നുകൂടി അതിൽ ഊളിയിട്ടു . തന്നെക്കുറിച്ചുള്ള എന്തെങ്കിലും ;   ഒരു ചെറിയ കോളം വാർത്തയെങ്കിലും   , അല്ലെങ്കിൽ ഒരു വരിയെങ്കിലും   ,  താനും ഒരു എഴുത്തുകാരനല്ലേ ? സ്വന്തം പേരിൽ എഴുതിയാൽ മതിയായിരുന്നു . ഒന്നുമില്ലേൽ നാട്ടുകാരെങ്കിലും മനസ്സിലാക്കിയേനെ താനൊരു എഴുത്തുകാരനാണെന്ന് . ഇതിപ്പോ ആർക്കുമറിയില്ല . ആ   ചിലപ്പോൾ നാളെയുണ്ടാവും . അയാൾ സമാധാനത്തോടെ അന്ന് കണ്ണടച്ചു . രാവിലെ പത്രം വന്നു . ആദ്യ പേജിൽ  വലിയ അക്ഷരത്തിൽ  ' ഈ വർഷത്തെ മികച്ച കൃതിക്കുള്ള അവാർഡ് " അപ്പന് " അയാൾ അതും വായിച്ചു , പിന്നെ ബാക്കി എല്ലാ പേജും വായിച്ചു തീർത്തു . ഇനി ഉച്ചക്ക് , പിന്നെ വൈകിട്ട് അവസാനം രാത്രി ഒരിക്കൽ കൂടി . അയാൾ അതോർത്ത് ചിരിച്ചുകൊണ്ട്  അകത്തേക്ക് പോയി . പിറ്റേന്ന് രാവിലെ പത്രം വന്നു . പിന്നെയും രാവിലകളിൽ പത്രം വന്നു . അയാളുടെ വീടിന് മുന്നിൽ അത്  കുമിഞ്ഞു കൂടി . പിന്നെ പിന്നെ ആ  വീട്ടിൽ ദുർഗന്ധം നിറഞ്ഞു . അയാളൊരുദുർഗന്ധമായി തീർന്നിരിക്കുന്നു . അപ്പൻ വിടവാങ്ങി . ആദ്യത്തേതും അവസാനത്തേതുമായ  കൃതി  പൊലിഞ്ഞുപോയ ഭാര്യക്കും പിന്നെ നാട്ടുകാർക്കും സമർപ്പിച്ചുകൊണ്ട് . കൃതിയുടെ അവസാന താളുകളെ പുനർജീവിപ്പിച്ചുകൊണ്ട്  തൻ്റെ ആത്മകഥയ്ക്ക്  വിരാമമിട്ടുകൊണ്ട്. 

No comments: