Saturday, May 18, 2024

ഒരു ഓർമ്മക്കുറിപ്പ്

 ഒരു ഓർമ്മക്കുറിപ്പ് 


സജീവ്കുമാർ 



എനിക്ക്  കരയാനറിയില്ല . കരച്ചിൽ തനിക്ക് സങ്കടമുണ്ടെന്ന്  പുറംലോകത്തിന് മനസ്സിലാക്കി കൊടുക്കാനും കൂടിയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . അതുകൊണ്ട് മരണവീടുകൾ പലപ്പോഴും മാരകകോമഡികളാകുന്നതും ഞാൻ കണ്ടിട്ടുണ്ട് . പക്ഷെ ചിലർ വിങ്ങിപ്പൊട്ടുന്നതും വളരെ ഉച്ചത്തിൽ അലറിക്കരയുന്നതും കാണാം  അവരുടെ വികാരം പുറത്തേക്ക് അന്തരീക്ഷത്തിലേക്ക്  ഒഴുക്കിവിടുന്നു . അതും ഒരു മഹാകഴിവാണ് . എനിക്കില്ലാത്തതും അതാണ് .  പലപ്പോഴും എനിക്ക് കൊതിയാണ് ഒന്ന് ഉറക്കെ ഉച്ചത്തിൽ കൂവാൻ ,കരയാൻ . ഉള്ളിലെ മുഴുവൻ വികാരങ്ങളും പുറത്തേക്ക് എറിഞ്ഞുടക്കാൻ . കഴിഞ്ഞിട്ടില്ല . ഒരു സിനിമ കണ്ടാൽ കുറേ നേരം വെറുതെ ഇരുന്നാൽ എങ്ങോട്ടെന്നില്ലാതെ ബസ്സിൻ്റെ സൈഡിലിരുന്ന് ഒരുപാട് ദൂരം യാത്ര ചെയ്യ്താൽ എൻ്റെ  മനസ്സിൻ്റെ വിങ്ങലിന്  ശമനമുണ്ടാകാറുണ്ട് . ഇത് ഒരു ഓർമ്മക്കുറിപ്പായി കണക്കാക്കണം കാരണം മുകളിലെ ഓരോ വരിയും ഞാൻ ഒരോ മരണത്തിലും അനുഭവിച്ച സത്യങ്ങളാണ് . കരയാത്തതുകൊണ്ട് അവന് സ്‌നേഹമില്ലെന്ന കുത്തുവാക്കുകൾ പലപ്പോഴും കേട്ടിട്ടുണ്ട് . എന്ത് ചെയ്യാം ഞാൻ ഇങ്ങനെയാണ് . 

Friday, May 17, 2024

കഥ പറയുന്ന നിലാവ് : കഥ

 


കഥ പറയുന്ന നിലാവ് .


സജീവ്കുമാർ ശശിധരൻ 


വർഷങ്ങൾക്ക് ശേഷമാണ് തിരികെ നാട്ടിലെത്തിയത് . ഒരു മാറ്റവുമില്ലാത്ത നാട് . അന്ന് എങ്ങനെ ആയിരുന്നോ ഇന്നും അങ്ങനെ തന്നെ . വണ്ടിയിൽ നിന്നിറങ്ങുമ്പോൾ ആദ്യം മനസ്സിൽ തോന്നിയ കാര്യം . എന്താണ് ഇവിടെയൊന്നും  മാറാത്തത് . ബസ്സ് ആ ഗ്രാമത്തിനുള്ളിൽ ഇപ്പോഴും കയറില്ല . കവാടത്തിന് പുറത്ത് നിർത്തും . പിന്നെ നടക്കണം . ആ ആലും , ആ ചായക്കടയും ഒക്കെ അങ്ങനെ തന്നെയുണ്ട് . കടയിൽ  പരമുച്ചേട്ടൻ തന്നെ . ആൽമരത്തണലിൽ രാമൻനായരും ഖാദറും സൊറപറഞ്ഞിരുപ്പുണ്ട് . ഞാൻ ഓരോരൊ കാഴ്ച്ചകൾ കണ്ട് വീട്ടിലേക്ക്   നടന്നുതുടങ്ങി . കവല കഴിഞ്ഞു . എല്ലാം പഴയപാടി , ഒരു മാറ്റവുമില്ല  . 

എന്തിന് മാറണം തിരികെ വരുമ്പോൾ കൺകുളിർക്കെ കാണാൻ എല്ലാം അങ്ങനെ തന്നെയുണ്ടല്ലോ . മഹാഭാഗ്യം . ഇവിടെ എല്ലാവർക്കും എല്ലാവരേയും അറിയാം . വീട്ടിലെത്തുന്നവരെ ഓരോ മനുഷ്യരും സുഖവിവരം തിരക്കി . 

ഒടുവിൽ വീടെത്തി. അമ്മയുണ്ട് , അച്ഛനുണ്ട് , അനുജത്തി ,അമ്മൂമ്മ ,അപ്പൂപ്പൻ  അങ്ങനെ എല്ലാവരുമുണ്ട് . തൊടിയിലെ  കുളത്തിൽ ഒരു സുന്ദരൻ കുളിപാസാക്കി . പിന്നെ വീട്ടുകാരോട് സൊറപറഞ്ഞു .

വൈകിട്ട് അമ്പലത്തിൽ പോയി . പഴയ കൂട്ടുകാരെല്ലാം അവിടെയുണ്ട് . അവരും മാറിയിട്ടില്ല , ആരും എങ്ങും പോയിട്ടില്ല . ഞാൻ മാത്രമാണ് ഈ നാട് വിട്ട് പുറത്തേക്ക് പോയത് . രാത്രി വൈകിയിട്ടും എനിക്കുറക്കം വന്നില്ല . ജനാല വഴി അരിച്ചുവന്ന നിലാവിനെ നോക്കി ഞാൻ കിടന്നു . യക്ഷിപ്പാല പൂത്തിട്ടുണ്ട് . നല്ല മണം ഞാൻ ചെവിയോർത്തു . അവളുടെ പാട്ട് കേൾക്കുന്നുണ്ട് . ദൂരെ .   ഞാനേ മാറിയിട്ടുള്ളൂ ഞാൻ മാത്രം . 

ആരോ വിളിക്കുന്നതായി  അയാൾക്ക്‌ തോന്നി . കണ്ണുതുറക്കാൻ കഴിഞ്ഞില്ല . ആ ആശുപത്രിമുറിയിൽ ആരുമുണ്ടായിരുന്നില്ല . പതിയെ പതിയെ കോമയിലായിരുന്ന അയാളുടെ  ഹൃദയ താളം നിലച്ചു . ആരും അറിഞ്ഞില്ല , ഇടനാഴിയിൽ അയാളെ കാത്ത് ആരുമുണ്ടായിരുന്നില്ല .  പക്ഷെ ഒരു വെള്ളവസ്ത്രധാരിണി അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു . അവളെ ആർക്കും  കാണാൻ കഴിഞ്ഞിരുന്നില്ല . അവൾക്ക് യക്ഷിപ്പാലയുടെ മണമായിരുന്നു .

Tuesday, May 14, 2024

പെൺകനവുകൾ : കവിത


 പെൺകനവുകൾ


സജീവ്കുമാർ ശശിധരൻ 


ഇരകൾ കൂടി 

അടിവെച്ചപൊട്ടുകൾ 

ഇരുളിൽ മൂടി 


അറിവ് നേടി 

പദചാരിയായവൾ  

ചിറകുതേടി .


മിഴികൾ തോർന്നു .

ഇടിമഴക്കിപ്പുറം 

കടലടങ്ങി 


ഉയർന്നുപൊങ്ങി 

ഉയരങ്ങൾ കൂടിയാൽ 

കടലും തടാകം .

കാമുകഹൃദയം : കവിത

 കാമുകഹൃദയം 


  സജീവ്കുമാർ ശശിധരൻ 


തരുമോ 

നിൻ ഹൃദയം 

ഒഴുകുന്നു നെഞ്ചിൽ 

പ്രണയം 


കടലും

കവിഞ്ഞ തിര.


കരപോലെ 

ഞാൻ പിടഞ്ഞു .


ഒരു ചെറുകാറ്റിന്റെ 

ആലിംഗനം

 

മലരൊരു കൂന്തൽ 

പൊടി പൊഴിച്ചു .


അത് മതി എന്നൊരാ 

ഓർമ്മയോടെ 

ഭവതീ ഇന്നും ഞാൻ 

കാത്തിരിപ്പൂ . 


Sunday, May 12, 2024

വിദ്യാലയം : കവിത

 വിദ്യാലയം 


  സജീവ്കുമാർ ശശിധരൻ 



ലോകമതുവിദ്യാലയം

കാതമെവിടെപ്പോകണം

 

നിൻ്റെ ജനനംമുതൽ 

പിന്നെ മരണം വരെ 


പുൽക്കൊടികളും അധ്യാപകർ .

പിന്നെ നീയും അധ്യാപകൻ .

ഇഷ്ടങ്ങൾ :കവിത

 ഇഷ്ടങ്ങൾ  

                                                                      സജീവ്കുമാർ ശശിധരൻ 



വൃത്തപ്രാസമൊപ്പിച്ച 

ശരണികൾ  

ചട്ടമൊപ്പിച്ച കഥകവിത 

ബന്ധനം .


ചുറ്റുമുള്ളരാ ഭിത്തിയെ 

കോണികൊണ്ടിഷ്ടമുള്ള 

ദിക്കൊക്കെ ഞാൻ 

നോക്കിടും .


നിൻ്റെ  ഇഷ്ടം 

നിനക്കെൻ്റെ ഭക്തരെ 

കണ്ട ഇഷ്ടം 

എതിർക്കുന്നതെന്തുനീ 


ഒന്ന്  കൂടിയിരിക്കുകിൽ 

സുന്ദരം 

കണ്ടുകാണും 

അതിലാണ് ജീവിതം 


Friday, May 10, 2024

നര : കവിത

 

നര


 സജീവ്കുമാർ 



ഹോ , നര


തട്ടിയും താഴാതെ 

നോക്കി ചിരിക്കുന്നു  .


നെഞ്ചിൽ പിണർ 

എനിക്കും വയസ്സേറിയോ . 


പിഴുതെറിഞ്ഞാലോ ?


ഇനിയും കിളിച്ചാലോ ?


വേണ്ട !


വെട്ടി നിരത്താം 

കറുപ്പടിക്കാം .


ഇവ്വണ്ണം ഓരോന്നും 

ഓർത്തൊരൻ കണ്ണിലായ്    

വീണ്ടുമോരുനര !

വന്നിളിച്ചുനിന്നു .


സമയം പറഞ്ഞെന്നെ 

വയസ്സും പറഞ്ഞെന്നെ 

കളിയാക്കി .

ഇത് കേസാക്കണം .


നല്ല നടപ്പിന് 

നാലുകൊല്ലം 

നാടുകടത്തണം 

ഓടിടട്ടെ . 


വാടാ : കവിത

 വാടാ 


 സജീവ്കുമാർ 



അമ്പടാ

 നീ എന്നെയും

 കുത്തിയോ 


എന്തടാ 

കണ്ണുകൊണ്ട് 

നീ കാട്ടുന്നു  .


കമ്പുപോലെ 

ഞാനിരുന്നിടും 

എങ്കിലും 


നോക്കടാ 

ഞാനുമൊരിത്തിരി 

വമ്പനാ 


വീമ്പുചൊല്ലാതെ 

കാമ്പുകാട്ടടാ 

നേർക്ക് നേർക്കിന്നു 

ചിന്നം വിളിച്ചിടാം 


അംബ

ചുംബികൾക്കുള്ളിൽ

ഇരുന്നിട്ട് 

വമ്പെടുക്കാതെ 

കമ്പെട് സോദരാ .

Thursday, May 9, 2024

പ്രസവം : ചെറുകഥ

 

പ്രസവം

  സജീവ്കുമാർ ശശിധരൻ

 

 

മനസ്സിൽ കവിതകളും കഥകളും തുളുമ്പുന്നുണ്ട് . എഴുതാൻ വെമ്പലുണ്ട് . പിറവിയെടുക്കാതെ   മരണം പുൽകുന്ന  എന്റെ കുഞ്ഞുങ്ങൾ .  വിശപ്പെന്ന കാട്ടാളൻ  എന്റെ കുട്ടികളെയെല്ലാം കൊന്നൊടുക്കി . ഇനിയും ഏഴുതാതിരുന്നാൽ എനിക്ക് ഭ്രാന്തുപിടിക്കും , എഴുതാനിരുന്നാലോ വിശന്ന് മരിക്കും . എന്നെ നിങ്ങൾക്ക്‌ അറിയില്ലായിരിക്കും , അറിയണമെങ്കിൽ ഞാൻ എന്തെങ്കിലും എഴുതണ്ടേ . ആദ്യം ഞാൻ എന്റെ വിശപ്പടക്കട്ടെ . അതിലൂടെ എന്റെ ഗർഭശിശുക്കളും ഉണ്ടുകൊള്ളും .

 

ഒരിക്കൽ ഒരു സുഖപ്രസവത്തിൽ അമ്മയായും അച്ഛനായുമൊക്കെ  ഞാൻ വരും . വെറും വാക്കല്ല . ഞാൻ സത്യം ചെയ്യുന്നു .  കുട്ടിയുടുപ്പുകളും കാൽത്തളകളും സമ്മാനപ്പൊതികളുമൊക്കെ ഒരുക്കി വെച്ചോളൂ . 

ഇപ്പൊ വിശപ്പാണ് ; ഞാൻ പോകട്ടെ , അല്ല പോയിവരട്ടെ ?

 

എന്ന്

നിങ്ങളുടെ ഞാൻ .

ചാവുകൾ : കവിത

 ചാവുകൾ

  

 സജീവ്കുമാർ ശശിധരൻ 



അഗ്നി വിഴുങ്ങി 

നുരപൊന്തിയൊഴുകുന്നു 

നീളെ പരന്ന് 

ചാവുകളേറുന്നു .


അങ്ങ് ഇങ്ങ് ധരണി

ഒന്നിളകിച്ചിരിക്കുന്നു .

കെട്ടുകൾ പൊട്ടുന്നു 

ചാവുകൾ കൂടുന്നു .



ആരാരും അറിയാത്ത 

തിര വേലി ചാടുന്നു 

കരയെ പുണരുന്നു .

ചാവുകൾ കൂടുന്നു .



മനുജന്മമേറുന്നു 

ഞാൻ ഭാവമേറുന്നു 

അറിയാതെ പോകുന്നു 

ചാവുകൾ കൂടുന്നു .


ചുവപ്പ് : കഥ

 

ചുവപ്പ്

 

സജീവ്കുമാർ ശശിധരൻ

 

 

ചുവപ്പ് വീണ് മരങ്ങൾ നിറം മാറി നിൽക്കുന്നു . അസ്തമനസൂര്യന്റെ ഭംഗി ഉദയസൂര്യനില്ലെന്ന് തോന്നുന്നു . അയാൾ ബാൽക്കണിയിൽ നിന്നും കടലിലേക്ക് താഴ്ന്നുപോകുന്ന സൂര്യനെ നോക്കി പുഞ്ചിരിച്ചു . കൈയ്യിലെ കോഫി ഊറി കുടിച്ചു .അപ്പോഴാണ് കണ്ടത് വെളുത്ത ഷർട്ടിൽ ഒരു ചെറിയ പൊട്ടുപോലെ എന്തോഒന്ന്.  അയാൾ അത് തൊട്ട് നോക്കി . പോകുന്നില്ല . വെള്ളനിറം അയാൾക്ക് ഇഷ്ടമാണ് . വെള്ള നിറമുള്ള ഷർട്ടും കാപ്പിനിറത്തിലുള്ള പാന്റും അയാളുടെ ഇഷ്ട വേഷങ്ങളായിരുന്നു . അയാൾ കൈകൊണ്ട് വീണ്ടും കോറിനോക്കി . ഇല്ല പോകുന്നില്ല . അയാൾ ഒരോനിമിഷവും അസ്വസ്ഥനായികൊണ്ടിരുന്നു . കണ്ണിൽ ഇരുട്ടുകയറി . വീണ്ടും വീണ്ടും കോറി നോക്കി, പോകുന്നില്ല.

വെള്ളനിറമുള്ള അയാളുടെ മുഖം ചുവന്ന് തുടുത്തു . പേശികൾ വലിഞ്ഞുമുറുകി . കോഫി അയാൾ നിലത്തേക്ക് വലിച്ചെറിഞ്ഞു . തറയിൽവീണ്  അത് പൊട്ടിത്തകർന്നു . കോഫിത്തുള്ളികൾ അയാളുടെ വെളുത്ത ഷർട്ടിലും പാന്റിലും തെറിച്ചുവീണു . അയാൾ അലറിവിളിച്ചു .

 

" ഇന്നെന്താ ? " സുന്ദരിയായ പെൺകുട്ടി അയാളുടെ മുന്നിൽ വന്ന് കൈകെട്ടിനിന്നുകൊണ്ട് ചോദിച്ചു .

അയാൾ അവളെ നോക്കി .

പിന്നെ ഷർട്ടിലെ    ചെറിയ 'പൊട്ട് ' കാട്ടികൊടുത്തു  . അവൾ അത് വന്ന് പിടിച്ചുനോക്കി .കോറി നോക്കി . പോകുന്നില്ല .

പിന്നെ കുറച്ചുസമയം ചിന്തിച്ചു നിന്നു .

" ഊര് , രണ്ടും " അവൾ പറഞ്ഞു .

അയാൾ പാന്റും ഷർട്ടും ഊരി അവളുടെ കൈയ്യിൽ കൊടുത്തു .  അവൾ അകത്തേക്ക് പോയി . അയാൾ ഒരിഞ്ചുപോലും മാറാതെ അങ്ങനെ നിന്നു .

അൽപ്പ സമയം .

അവൾ തിരികെവന്നു .

കൈയ്യിൽ മടക്കി വൃത്തിയായ ഷർട്ടും പാന്റും . അയാളുടെ മുഖം പ്രസന്നമായി . 

അവ ധരിച്ച  അയാളുടെ അടുത്തേക്ക് അവൾ വീണ്ടും വന്നു . അപ്പോൾ അവൾ ഒരു ചുവന്ന ഗൗൺ ധരിച്ചിരുന്നു .

അവർ പുറത്തേക്കുനടന്നു . ഗോവണി പടികളിറങ്ങി താഴേനിലയിലെത്തിയപ്പോൾ ഒരു പ്രായമുള്ള മനുഷ്യൻ കമഴ്ന്നുകിടന്നിരുന്നു . സോഫയിൽ ഒരു സ്ത്രീ തല താഴ്ത്തി ഇരിക്കുന്നു . ആ കഴുത്തിൽ നിന്നൊഴുകിയ രക്തം അവർക്കുചുറ്റും തളംകെട്ടിയിരുന്നു .

" കണ്ടോ , നീ തെറിപ്പിച്ചതാ , നെക്സ്റ്റ് ടൈം കെയർ ഫുൾ "

അവൾ സോഫയിലിരുന്ന സ്ത്രീയെ ചൂണ്ടി ,  അവന്റെ മുഖത്ത് നോക്കി പറഞ്ഞു .

അവൻ തലകുനിച്ചു .

പിന്നെ  ഷർട്ട് ഒന്നുകൂടി പിടിച്ചു വൃത്തിയായി വെച്ചു .

"ഓക്കെ ഡിയർ "

അവന്റെ മുഖം പ്രസന്നമായി .

" പെയ്‌മെന്റ് ? "

അവൾ വീണ്ടും ചോദിച്ചു .

അപ്പോൾ മൊബൈലിൽ  ഒരു ബീപ്പ് ശബ്‌ദം കേട്ടു .

അയാൾ മൊബൈൽ  നോക്കി .

" യെസ് , വന്നു "

" നല്ല മക്കളാണല്ലോ ?"

അവൾ ചെറു ചിരിയോടെ അവനോട് പറഞ്ഞു  .

" യെസ് , വളരെ നല്ല മക്കൾ "

അവൻ മൊബൈൽ നോക്കിക്കൊണ്ട് പറഞ്ഞു .

അവന്റെ മുഖം കൂടുതൽ പ്രസന്നമായി .

 

Wednesday, May 8, 2024

കാറ്റും കഥയും : കവിത

 കാറ്റും കഥയും   

സജീവ്കുമാർ ശശിധരൻ 


കാറ്റിന്നുവന്നൊരു 

കഥ പറഞ്ഞു .

ചെവിയോട് ചേർന്ന്  

കഥ പറഞ്ഞു .


നരനോട് പറയണ്ട 

നല്ലതൊന്നും 

ചന്ദനം പൂക്കുന്ന 

കാടുകണ്ടു .


കരിയുണ്ട് ,നരിയുണ്ട് 

കരടിയുണ്ട് .

കള കള മൊഴുകുന്ന 

അരുവിയുണ്ട് .


ഓടുന്ന ചാടുന്ന 

മാനുണ്ട് മയിലുണ്ട് 

ഹാ .. സുന്ദരം 

എന്ത് ഭംഗിയാണ് .



നരനോട് പറയണ്ട 

നല്ലതൊന്നും .

നാളെയുമൊന്നങ്ങ്‌  

പോയിടേണം .


നല്ല വെളിച്ചത്തിലൊന്നുകൂടി 


കൺകുളിർക്കെ 

എല്ലാം കണ്ടിടേണം .


ഒരു പ്രണയം : കവിത

 ഒരു പ്രണയം   

 സജീവ്കുമാർ ശശിധരൻ 


എന്തേ നനഞ്ഞു 

ഞാൻ മാത്രം 


ആ മഴ പെയ്യ്തതാൽ 

എൻ  മിഴിച്ചാലുകൾ  

അറിഞ്ഞില്ല പെണ്ണേ 

നീയും 



കനവും നിറഞ്ഞുനീ 

മനവും നിറഞ്ഞുനീ 

മൊഴിയിൽ വന്നില്ല  

പെണ്ണേ 


കത്തുകൾ കൊണ്ടെന്റെ 

ഹൃദയം തുറക്കുവാൻ 

വിറയോടെ പലവട്ടം 

നിന്നു .


ഒന്നിനുമായില്ല 

ഒന്നും പറഞ്ഞില്ല 

ഒന്നുമറിയാതവൾ 

പോയി.


എന്റെ കരളുമായ് 

അവളെങ്ങോ പോയി .

അറിയാതെ പറയാതെ 

പോയി .


ഇന്ന് : കവിത

 ഇന്ന്  

 സജീവ്കുമാർ ശശിധരൻ 



വോട്ടുപെട്ടിയിൽ 

അന്ന് വീണത് 

കൂട്ടിനോക്കും

കാലമാ .


കാശുവാങ്ങി 

കുത്തി നോക്കി 

കുത്തുവാങ്ങും 

കാലമാ 


നന്മയുള്ള 

ലോകമാ 

നന്മ നാവിൽ 

മാത്രമാ 


കണ്ടു കാണാതങ്ങ്

പോകിൽ 

നാളെ നീട്ടാം 

ജീവിതം 


Tuesday, May 7, 2024

ജീവിതം : കവിത

 ജീവിതം 

സജീവ്കുമാർ ശശിധരൻ 


ചിറകുവിരിപ്പിച്ചു 

ദൂരേക്ക്‌ പോകണം 

കടലാസ് കീറുകൾ

ഒരുപാടുകൂട്ടണം .


ഓണം വരും പോലെ 

മാവേലിയാകണം 

ആളുകേറാമല 

വാങ്ങിച്ചുകൂട്ടണം .


വെട്ടിയ വഴിയത് 

അറ്റമില്ലാത്തത് 

വട്ടുകളൊക്കെ 

വടം വലിക്കുന്നത് .


അങ്ങനെ ഇങ്ങനെ 

ചാടിത്തിമിർത്തിട്ട് 

എന്തോ സൊരുകൂട്ടി 

ഓളും പ്രതാപവും .


രണ്ടും മറന്നിപ്പൊ 

എല്ലാം നരച്ചിപ്പോ.

അന്നും മറന്നുപോയ് 

ഇന്നും മറന്നുപോയ് .

ചക്രം : കവിത

 ചക്രം 

സജീവ്കുമാർ ശശിധരൻ 



തൈയ്യൊരു  

മൊട്ടിട്ടു .

ആ മൊട്ട് 

പൂവിട്ടു.


പൂവത്  

കായായി 

പഴമായി 

കിളി തിന്നു .



കിളിയെങ്ങോ 

വിത്തിട്ടു .

ആ വിത്തും 

തൈയ്യായി .


ആ തൈയ്യും 

മൊട്ടിട്ടു .

ആ മൊട്ടും 

പൂവിട്ടു .


ലോകം : കവിത

 ലോകം 

സജീവ്കുമാർ ശശിധരൻ 



വാഴ്ത്തുന്നു 

എന്നെയവർ

വീഴ്ത്തുവാൻ 

വെമ്പിയവർ .


കാട്ടുന്നു 

കണ്ണിലെ 

കള്ളമാം 

കണ്ണുനീർ .


സ്തുതികളിൽ 

പൂക്കളിൽ 

വീണ്ടും 

മരിപ്പൂ ഞാൻ .


എന്നെ ഇനിയും 

കിടത്താതെ 

കത്തിച്ചു 

കൊൾക നീ .


മരണം 

കഴിഞ്ഞില്ലേ 

ചിരിച്ചു ഞാൻ 

ഇനിയും മരിക്കണോ ?

ഒരുവൾ : ചെറുകഥ

 

ഒരുവൾ

 

ചെറുകഥ  by  സജീവ്കുമാർ ശശിധരൻ

 

ഭൂമി ഇരുളുന്നതും വെളുക്കുന്നതും അവൾ കണ്ടില്ല . അവിടെ ഇപ്പോഴും എപ്പോഴും ഇരുട്ടാണ് . ആദ്യം  കാലിൽ കെട്ടുണ്ടായിരുന്നു . പ്രതിഷേധം നിന്നപ്പോൾ അവർ ആഴിച്ചുമാറ്റി .

ഞാനൊരു ഭ്രാന്തിയാണോ . അവൾക്ക് ഇപ്പോഴും സംശയമാണ് . ഒരുകാര്യം ഉറപ്പാണ് . എല്ലാവരുടേയും കണ്ണുകളിൽ  ഭ്രാന്തിയാണ് .  കാലിലെ ചങ്ങലകൾക്ക് വേദനകലശലായപ്പോൾ  അവൾ  മനസ്സിൽ  പറഞ്ഞു തുടങ്ങി ,എനിക്ക് ഭ്രാന്താണ് . എനിക്ക് ഭ്രാന്താണ് . അവളുടെ ദേഷ്യം , സങ്കടം , സംസാരം എല്ലാം നിലച്ചു . അവർ കാലിലെ ചങ്ങലയഴിച്ചു . പിന്നെയും മാസങ്ങൾ കടന്നുപോയി . ഇരുന്ന ഇരിപ്പിടത്തിൽ നിന്നും അവൾ എഴുന്നേൽക്കാതെയായി. ഒരടി പോലും നടക്കാതെ ഇരുപ്പായി . അവർ അവൾക്ക് വാരിക്കൊടുത്തു . അവളെ കുളിപ്പിച്ചു . നല്ലവസ്ത്രങ്ങൾ ഇടുവിച്ചു . പിന്നെ പുറത്തേക്ക് കൊണ്ടുവന്നു .

അവളുടെ  കണ്ണുകളിൽ  സൂര്യപ്രകാശകിരണങ്ങൾ പതിച്ചു. പിന്നെ  ജീവിതം ഒരു പാട് പേരുടെ കൂടെയായി. രമണി , അമ്മിണി , ഭാർഗ്ഗവി , സീനത്ത് , മറിയമ്മ അങ്ങനെ നീണ്ടുപോകുന്നൂ പേരുകൾ .

ഓരോ പേരുകൾക്കും ഓരോ കഥകൾ , ആ കഥകൾക്കും നൂറ് നൂറ് ഉപകഥകൾ .

ആരതി എന്നുപേരിട്ട് ആരുമറിയാതെ  ഞാൻ എഴുതിയ ആ ഫെസ്ബുക്ക്  പേജ്  ഇപ്പോഴും ഉണ്ടാകുമോ ? ആകെ അതാണ് ഇനിയുള്ള അടയാളം . 

ബന്ധുക്കൾ കാണാൻ വന്ന് തുടങ്ങിയിരിക്കുന്നു .

അമ്മ വന്ന് നെറുകയിൽ തലോടി , അറപ്പ് തോന്നി ; മറക്കാതെ മറന്നുപോയെന്ന്  കാര്യങ്ങളെ നടിക്കുന്ന മുഖങ്ങൾ , വെറുത്തുപോയി . അവൻ എനിക്ക് സുഹൃത്താണെന്ന് നൂറ് വെട്ടം അമ്മയെന്ന സ്ത്രീയോട് പറഞ്ഞതാണ് . അവർ കൂടി ചേർന്ന് കൊന്നുകളഞ്ഞു . അവന്റെ പെണ്ണിനോട് ഞാനെന്തുപറയും . . അവന്റെ അമ്മയോട് ഞാനെന്തുപറയും . ആണിനും പെണ്ണിനും സൗഹൃദം പാടില്ലാന്നുണ്ടോ .

കുറേ  പഴയ നരകൾ ചത്തുതീരണം ,പുതിയതും .

വീട് ഭരിച്ചും , നാട് ഭരിച്ചും കട്ടുമുടിച്ചും അസഹിഷ്ണതയോടെ  ജീവിക്കുന്ന കുറെ പഴയ നരകൾ . അവർക്ക് പിൻഗാമികളേപ്പോലെ  പുതിയ കുറേ റാൻ മൂളികൾ .

അവളുടെ സുന്ദരമായ ചുണ്ടുകൾക്കകത്ത്‌ പല്ലുകൾ ഉറുമി, ഉള്ളിൽ ഒരു കത്തി തേഞ്ഞുമിനുങ്ങികൊണ്ടിരുന്നു .

സ്വതന്ത്രതയുടെ വാതിൽ തുറക്കാൻ ഇനി കുറച്ചുനാൾ കൂടി . വളരെ കുറച്ചുനാൾ .

അവൾ കാത്തിരിക്കുന്നു .

Monday, May 6, 2024

പരൽ : കവിത

  പരൽ 


തട തടഞ്ഞു .

പല പരൽ പിടഞ്ഞു .


ചില പരൽ 


വറവ് ചട്ടിയിൽ 

തിമിതിമിർത്തു .


തട തടഞ്ഞു .

പരൽ പിടഞ്ഞു .


ഒരു പരൽ 


ചിറകുമില്ലാ 

തട കടന്നു .


തട കടന്നു .

തറ കടന്നു . 


ഒരു പരൽ 


കടല് നോക്കി 

പറപറന്നു .

..............................................................................

സജീവ്കുമാർ ശശിധരൻ 



Sunday, May 5, 2024

ക്ലാര : ചെറുകഥ

 

 ക്ലാര

ചെറുകഥ 

  സജീവ്കുമാർ ശശിധരൻ

 

കണ്ണുകൾ ഇറുക്കിയടച്ചു .  ആ ശബ്ദം കാതിൽ മുഴങ്ങി . കാതുകൾ രണ്ടുകൈകളാൽ പൊത്തിപ്പിടിച്ചു .  കേൾക്കേണ്ടല്ലോ ? . കുറേ സമയം , കുറേ അധികസമയം അങ്ങനെ ഇരുന്നു . പന്തയം വച്ചു കയറിയതാണ് .  വേണ്ടായിരുന്നു . അവളുടെ നെഞ്ച് പട പാടാ ഇടിച്ചുകൊണ്ടിരുന്നു . വീടിന് പുറകിൽ ഇത്തിരി ദൂരെയായിട്ട് കുറച്ചുകല്ലറകളുണ്ട് . പഴയത് . പുരാവസ്‌തുക്കാരുടെ പക്കലുള്ള സ്‌ഥലം . സഹോദരിമാരോട് പന്തയം വെച്ച് അവിടെ കയറുമ്പോൾ ആദ്യം  അത്ര പേടിയില്ലായിരുന്നു .

അവിടെ ഇരുപതോളം കൂടീരങ്ങൾക്ക് നടുവിൽ  ചില്ലുകൊണ്ട് നിർമ്മിതമായ ഒരു മുറിയുണ്ട് . അതിൽ രാത്രി പതിനൊന്ന് മണിമുതൽ രാവിലെ അഞ്ചുമണിവരെ ഇരിക്കാമെന്നായിരുന്നു പന്തയം . വീണ്ടും  ആ ശബ്‌ദം  . അടച്ചുവെച്ച കൈകളെ തുരന്നുകൊണ്ട് അത് ചെവിയിലെത്തി . എവിടെയോ കേട്ടപോലെ . അവളുടെ പേടിക്ക് ഇത്തിരി കുറവുണ്ടായി . അച്ഛനല്ലേ അത് അതേ , അച്ഛൻ , ആ പൊളിഞ്ഞ ഗിറ്റാർ  ,അത് തന്നെ  . ഇങ്ങനെയുള്ള ശബ്ദം ഗിറ്റാറിൽ നിന്നും വരുന്നത് എനിക്ക് പലപ്പോഴും അത്ഭുതമായിരുന്നു . എന്തൊരുഭീകരം . ഈ പാതിരാത്രിയിൽ ഈ മനുഷ്യന് ഇവിടെന്താ , വീട്ടിലിരുന്ന് വായിക്കാൻ പറ്റാത്ത വിഷമം തീർക്കാൻ വന്നതാവും , അവൾക്ക് ചിരിവന്നു . അമ്മ ഇല്ലാത്തതിന്റെ ഒരു കുറവും അറിയിക്കാതെയാണ് അച്ഛൻ നാല് പെൺകുട്ടികളെ വളർത്തുന്നത് . അവൾ ആ മനുഷ്യനെ സന്തോഷത്തോടെ നോക്കിയിരുന്നു .

അപ്പോൾ ഇരുട്ടിൽ നിന്നും ഒരു വെളിച്ചം . അത് അടുത്തടുത്ത്  വന്നും . അച്ഛന്റെ അടുത്ത് വന്നു നിന്ന് . ക്ലാര ചേച്ചി , അടുത്ത വീട്ടിലെ , അവർ കല്യാണം കഴിക്കാതെ ഒറ്റയ്ക്ക്  താമസിക്കുന്ന സ്ത്രീയാണ് . രണ്ട് പേരും പരസ്പരം നോക്കി .

" ഇതൊന്ന് വൃത്തിക്ക് വായിച്ചൂടായോ ?"  അവർ അച്ഛനോട് ചോദിച്ചു .

അവർ കൂട്ടുകാരായിരുന്നെന്ന് കേട്ടിട്ടുണ്ട് . അവർ അച്ഛനോട് സംസാരിക്കുന്ന അധികാരം അവർക്കിടയിലെ സൗഹൃദം വിളിച്ചോദി. ക്ലാര ചേച്ചിയുടെ കയ്യിൽ ഒരു പാത്രമുണ്ടായിരുന്നു . അവരത്‌ തുറന്നു വെച്ചു . അവിടമാകെ നല്ല മുളകിട്ടമീൻകറിയുടെ മണം പടർന്നു . അച്ഛൻ രണ്ട് ബീയർ കുപ്പികൾ എടുത്ത് വെച്ചു . പിന്നെ ഒരു കേക്കും .

ക്ലാര ചേച്ചി കേക്ക് മുറിച്ചു . അച്ഛൻ അവർക്ക് , പിറന്നാൾ ആശംസകൾ നേർന്നു . പിന്നെ വർണ്ണക്കടലാസിൽ പൊതിഞ്ഞ സമ്മാനം കൊടുത്തു .    

 ആ കേക്ക്  മുറിച്ച് ,ബീയർ കുടിച്ച് ,കപ്പയും മീൻകറിയും കഴിച്ച്  അവർ  പഴയ കാര്യങ്ങൾ പരസ്പരം പറഞ്ഞു സന്തോഷിച്ചുകൊണ്ടിരുന്നു .

 അത് പുലരും വരെ തുടർന്നു .

അവസാനം  പരസ്പരം കൈകൾ വീശി അവർ പിരിഞ്ഞു . അപ്പോഴും രണ്ട് പേരും തിരിഞ്ഞുതിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു .

ആദ്യമായിട്ടാണ്  അച്ഛനെ ഞാൻ ഇത്ര സന്തോഷത്തോടെ കാണുന്നത് .  

 വീട്ടിലെത്തിയിട്ടും ആ രംഗങ്ങൾ അവൾക്ക്  മറക്കാൻ കഴിഞ്ഞില്ല . ചെല്ലുമ്പോൾ അച്ഛൻ  കട്ടിലിൽ കിടപ്പുണ്ട് .  അവൾ അടുത്ത് കിടന്ന് അയാളെ കെട്ടിപ്പിടിച്ചു . അയാൾ കണ്ണുതുറന്ന് അവളെ നോക്കി .  മകൾക്ക് നെറ്റിയിൽ അയാളൊരുമുത്തം നൽകി . പിന്നെ ഉറക്കത്തിലേക്ക്  വഴുതി .

 അവളുറപ്പിച്ചു രണ്ട്ദിവസം കഴിഞ്ഞാൽ അച്ഛന് പിറന്നാളാണ് . അന്ന് ഒരു സമ്മാനം കൊടുക്കണം . ഇനി അച്ഛന് ജീവിതത്തിൽ വേണ്ട ഏറ്റവും വലിയ സമ്മാനം .  എന്റെ പേരുള്ള അവരെ . ക്ലാര

യാത്ര : ചെറുകഥ

 

യാത്ര

ചെറുകഥ  

സജീവ്കുമാർ ശശിധരൻ

 

എല്ലാവരും ഉറങ്ങുകയാണോ ? , അതെ ഉറങ്ങുന്നു. നിശബ്ദം , ഓരോ മനസ്സിലും എന്തൊക്കെ സ്വപ്‌നങ്ങളാകും ഉണ്ടാവുക . അവൾ പതിയെ ജാലകവാതിൽ തുറന്നു . തണുത്ത കാറ്റ് അവളുടെ മുടി ഇഴകളെ പാറിപ്പറത്തി . ചെറിയ മഴത്തുള്ളികൾ മുഖത്ത് പതിച്ചപ്പോൾ എന്തോ ഒരു സുഖം . മരങ്ങളും മലകളും പുറകോട്ടോടികൊണ്ടിരുന്നു. ഓർമ്മകൾ തികട്ടിവരുന്നു , ആ കഴിഞ്ഞുപോയ നശിച്ച വർഷങ്ങൾ പോലെ.

മുഖത്ത് തെറിച്ച തണുത്ത  മഴത്തുള്ളികൾ അവൾ തുടച്ചുകളഞ്ഞില്ല . അത് പൊട്ടിയ ചുണ്ടിലും മുറിവേറ്റ നെറ്റിത്തടത്തിലും തൂവൽകൊണ്ട് തഴുകുന്നപോലെ  അവൾക്ക് തോന്നി . കൈയ്യിലെ തുകൽ സഞ്ചി അവൾ ഒന്നുകൂടി നെഞ്ചോട് ഇറുക്കി ചേർത്തു .  കഴിഞ്ഞുപോയ വർഷങ്ങളിൽ കിട്ടിയ ഒരേഒരു അവസരം . പരീക്ഷണങ്ങൾക്കൊടുവിൽ ചിലപ്പോൾ ദൈവം തന്നതാവും . കൈയ്യിൽ കിട്ടിയതൊക്കെ എടുത്തു . സ്വർണ്ണമോ , പണമോ എന്തൊക്കയോ , പിന്നെയൊരു പാച്ചിലായിരുന്നു . പല പല വണ്ടികൾ കയറിയിറങ്ങി . ആയിരകണക്കിന് കിലോമീറ്ററുകൾ താണ്ടിയിട്ടുണ്ടാവും . ഈ വണ്ടിയും എങ്ങോട്ടാണ് പോകുന്നതെന്നറിയില്ല . ഒരു സ്വതന്ത്രയാത്ര . അവൾ കണ്ണുകളടച്ചു ഒരു ദീർഘനിശ്വാസത്തോടെ ആ കാറ്റിൽ അലിഞ്ഞുചേർന്നു നനയട്ടെ .

സ്വാതന്ത്ര്യം

Friday, May 3, 2024

പ്രതികരണം : ചെറുകഥ

 

 

പ്രതികരണം

  ചെറുകഥ 

 സജീവ്കുമാർ ശശിധരൻ 

 

 

നദി ഒഴുകുന്നു .

അവൻ രാവിലെ , അതിരാവിലെ അവിടെ പാറയുടെ മുകളിൽ കയറിയിരുപ്പായി  . അമ്മിണി വരും അവൾ അതിരാവിലെ ഈ തണുത്ത വെള്ളത്തിലേ കുളിക്കൂ . അവളുടെ നീരാട്ട് കാണുവാൻ തന്നെ ഒരു ഭംഗിയാണ് . അവൾ വന്നു നേരെ നദിയുടെ മാറിലേക്ക് ഇറങ്ങിപ്പോയി . മുങ്ങി നിവർന്ന അവളെ അവൻ ആരാധനയോടെ നോക്കി, അമ്മിണി ; അവൻ അവൾക്കിട്ട പേരാണ് . അവന്റെ അമ്മയുടെ പേരും അമ്മിണിയെന്നായിരുന്നു . മരിച്ചുപോയി. ഇപ്പൊ അച്ഛനും രണ്ടാനമ്മക്കും അവരുടെ മകൾക്കുമൊപ്പമാണ് അവന്റെ  താമസം . കാടിനോട് ചേർന്നാണവർ താമസിച്ചിരുന്നത് .

അമ്മിണി അവനെകണ്ടു . അവരുടെ കണ്ണുകളിടഞ്ഞു .

അതാ വരുന്നു , കേശവൻ .

അമ്മിണി ഭയന്നു . അവൾ കുളിനിർത്തി മറുകരയിലേക്ക് ഓടികയറി . അവന്റെ തറയിൽ മുട്ടുന്ന വെള്ളകൊമ്പിൽ ആരുടേയോ ചോര പുരണ്ടിരുന്നു . കൊല്ലുന്നത് അവന് ഹരമാണ് . കേശവൻ അവളെ തന്നെ നോക്കി .

അമ്മിണി ഭയന്നുവിറച്ചു . അവൾ ഭയന്ന് കാട്ടിലേക്ക് ഓടിപ്പോകുന്നത് കേശവൻ പുച്ഛത്തോടെ നോക്കി നിന്നു .

പിന്നിൽ അവൻ.

അവൻ പാറയിൽ നിന്നും എഴുന്നേറ്റു . അവനെ കേശവൻ കണ്ടില്ല .

അവൻ വിളിച്ചു . " കേശവാ "

ശബ്ദത്തെ പിൻതുടർന്ന്‌ കേശവൻ തിരിഞ്ഞുനോക്കി .

ഒരു വലിയ ശബ്ദം . അവന്റെ മസ്തകം പൊളിച്ചുകൊണ്ട് ഒരു വെടിയുണ്ട പാഞ്ഞുപോയി . പിന്നെയും പിന്നെയും വെടിയുണ്ടകൾ  പാഞ്ഞു.

കേശവൻ നദിയിലേക്ക് വീണു. നദി  ചുവന്നു .    

അവന്റെ കലി തീർന്നിരുന്നില്ല . അവൻ നദിയിലേക്കുചാടി , കൈയ്യിലെ മൂർച്ചയേറിയ കഠാര  കേശവന്റെ  കണ്ണിലേക്ക് കുത്തിയിറക്കി . പലതവണ .

നദിയിൽ നിന്നും കയറുമ്പോൾ അവൻ ചോരയിൽ കുളിച്ചിരുന്നു . അവൻ മുഖത്തെ ചോര രണ്ട് കൈകൊണ്ടും തുടച്ചുകളഞ്ഞു . ആ  മുഖം അപ്പോൾ  ശാന്തമായിരുന്നു . ഉള്ളിലെ പകയുടെ വിഷമിറങ്ങിയിരിക്കുന്നു . കണ്ണുനീരിന്റെ ഉപ്പ് അവന്റെ ചുണ്ടുകളെ നനയിച്ചു . ഉള്ളിൽ  അമ്മയുടെ മുഖമായിരുന്നു. 

കസേര : ചെറുകഥ

 

കസേര

(ചെറുകഥ  by  സജീവ്കുമാർ ശശിധരൻ )

 

രാത്രിഒരുപാട് വൈകിയിട്ടും അവന് ഉറക്കം വന്നില്ല . ദൂരെ കടലിരമ്പുന്നത് കേൾക്കാം . അവൻ ബാൽക്കണിയിലേക്കിറങ്ങി . അവിടെ നിന്നാൽ  ദൂരെ കടൽ കാണാം . തണുത്ത കാറ്റുവീശുന്നുണ്ട് . ഇരുണ്ട ആകാശത്ത് മിന്നൽ ചിത്രപ്പണിതീർത്തു .  നാളെ പരീക്ഷയുടെ വിധിയറിയാം .

ഉള്ളിൽ ഒരു കൊള്ളിയാൻ , ജയമായിരിക്കുമോ ? വിശ്വാസമുണ്ട് . പക്ഷെ  ഒരു വെപ്രാളം , ഇനി തോറ്റാൽ  ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം , കുടുംബക്കാർക്ക് , നാട്ടുകാർക്ക് , സോഷ്യൽ മീഡിയ ഫ്രണ്ടുകൾക്ക് അങ്ങനെ അവറ്റകളുടെ ലിസ്റ്റ് നീണ്ടു പോകുന്നു .  ജയിച്ചാൽ ജോലി , കാറ് ,പുതിയ ഫ്ലാറ്റ് പുതിയ കൂട്ടുകാർ , ആറക്ക ശബളം ,അങ്കിളിന്റെ സുന്ദരിയായ  മകളുടെ  ഭർത്താവ് . പിന്നെ അവളുടെ കുട്ടികളുടെ അച്ഛൻ, അവരെ വളർത്തി പഠിപ്പിക്കണം .  ജോലി ആകുമ്പോൾ  കെട്ടിച്ചു വിടണം , അല്ലെങ്കിൽ ഒരു പെണ്ണിനെ കണ്ടു പിടിച്ചു കൊടുക്കണം .  പെൻഷൻ പറ്റി, അങ്ങനെ  ഒരു നാൾ മരിച്ചും  പോകണം .

അവൻ  ദീർഘനിശ്വാസം വിട്ടു .ഇതിൽ ഇവിടെയാണ് ഞാൻ , എന്റെ  ജീവിതം . അച്ഛൻ പലപ്പോഴും ഈ ബാൽക്കണിയിൽ ഒരു കസേരയിട്ട് കടലിനെ നോക്കിയിരിക്കുന്നത് കണ്ടിട്ടുണ്ട്  .ഇതിന് മാത്രം ഇത്ര നോക്കാനെന്താണ്  ആ കടലിലുള്ളതെന്ന്   പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാൻ തല തിരിച്ച് ആ കസേരയിലേക്ക് നോക്കി . അതെന്നെ മാടിവിളിക്കുംപോലെ  . ഞാനാ കസേരയിൽ തടവി . അടിമയുടെ മണമുള്ള കസേര . മനസ്സിലൊരാശ്വാസം . ഒരു വ്യക്തത വന്നിരിക്കുന്നു . വിജയവും പരാജയവും ഒരു വഴിക്ക് നടക്കട്ടെ  . കൈയുടെ കാലിന്റെ മനസ്സിന്റെ ചരട് ആർക്കും നൽകില്ല  . ആർക്കും . അവന്റെ മുഖത്ത് ഒരു സമാധാനത്തിന്റെ ചിരി പടർന്നു . അടിമയുടെ മണമുള്ള കസേരയെ അവൻ ഒന്നുകൂടി തഴുകി . അകത്തേക്ക് നടന്നു . ഒന്ന് സുഖമായി ഉറങ്ങാൻ .

ഇരുട്ടിൽ അച്ഛൻ അവനെ നോക്കി പുഞ്ചരിക്കുന്നുണ്ടായിരുന്നു .

Thursday, May 2, 2024

ഒരു സന്തോഷത്തിൻ്റെ കഥ

 

ഒരു സന്തോഷത്തിന്റെ കഥ

 

ചെറുകഥ  

സജീവ്കുമാർ ശശിധരൻ  

 

കാലത്തിന്റെ ആ കണ്ടുപിടുത്തം അയാൾക്ക് നന്നേ ഇഷ്ടപ്പെട്ടു . എത്ര നാളായി ഇതുപോലൊന്ന് വാങ്ങണമെന്ന് ആലോചിക്കുന്നു . ആ ആഗ്രഹത്തിന് വർഷങ്ങളുടെ ആയുസ്സായിരിക്കുന്നു  . ഒരു നാൾ പട്ടണത്തിൽ പോയപ്പോഴാണ് ആദ്യമായി കണ്ടത് . അത്ഭുതമായിരുന്നു . ഉൾഗ്രാമത്തിൽ ജീവിക്കുന്ന അയാൾ വിരളമായേ പുറംലോകത്തേക്ക് എത്തിനോക്കാറുള്ളൂ . വിലകേട്ട് വളരെ വിഷമത്തോടെ അയാൾ തിരികെ പോന്നു. ഒരു നാൾ വർഷങ്ങൾ സമ്പാദിച്ച പണവുമായി അയാളത് വാങ്ങി . ഒരു വെളുത്ത ഫ്രിഡ്‌ജ്‌ .  മനോഹരമായ ഒന്ന് . വാങ്ങിയപ്പോൾ തന്നെ അയാൾ അതിനെ ഇറുകെ പുണർന്നു . കടക്കാരും  അയാളുടെ സന്തോഷത്തിൽ ആനന്തിച്ചു . അവർ സൗജന്യമായി ഫ്രിഡ്‌ജ്‌ വീട്ടിലെത്തിച്ചുകൊടുക്കാൻ തീരുമാനിച്ചു .

ഊടുവഴികൾ പിന്നിട്ട് അയാളുടെ വീടെത്തിയപ്പോഴാണ് അവർക്ക് ആ സത്യം മനസ്സിലായത്‌ .

അയാളുടെ വീട്ടിൽ വൈദ്യുതിയില്ല .

തങ്ങളുടെ നല്ല കസ്‌റ്റമറെ അവർ കൈവെടിഞ്ഞില്ല . ഒരു സോളാറുകൂടി അയാൾക്ക് അവർ വെച്ചുനൽകി . എല്ലാ മാസവും ഒരു നിശ്ചിതതുക കടയിൽ കൊണ്ടുപോയി കൊടുക്കണം.

അവസാനം അയാളുടെ സ്വപ്നം സഫലമായി ഫ്രിഡ്ജ് പ്രവർത്തിച്ചുതുടങ്ങി . അയാളുടെ ആഹാരപ്രശ്‌നവും തീർന്നു . ഒരു മാസത്തേക്കുള്ള ആഹാരം അയാൾ ഫ്രിഡ്ജിൽ സൂക്ഷിക്കും . മാസാമാസം അയാൾ കടയിൽ കാശുമായി പോകും . തിരികെ ഒരു മാസത്തെ ഭക്ഷണവുമായി വരും . ഫ്രിഡ്‌ജ്‌ നിറയ്ക്കും സമാധാനത്തോടെ കിടന്നുറങ്ങും .

അത് ആ ഗ്രാമത്തിലെ ഒരു വലിയ പ്രശ്നത്തിന് പരിഹാരമുണ്ടാക്കി .

വിരലിലെണ്ണാവുന്ന കുടുംബങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത് , ഇപ്പൊ കാട്ടിൽനിന്നും പുലി ഇറങ്ങുന്നില്ല . ആരേയും കൊണ്ട് പോകുന്നില്ല . എല്ലാവരും സന്തോഷത്തോടെ ഉറങ്ങാൻ തുടങ്ങി .

എല്ലാവർക്കും സന്തോഷം.

 പക്ഷേ പട്ടണത്തിൽ ഓരോ മാസവും ഒരോ മനുഷ്യരെ കാണാതെ പോയി . ആരും അറിഞ്ഞില്ല , എന്തിനും തിരക്ക്, എന്തിനും പകരമുണ്ട് , പകരക്കാരുമുണ്ട്  .

എപ്പോൾ അയാൾക്ക് വിശന്നിരിക്കേണ്ടിവരുന്നില്ല .  ഭാര്യ ഇപ്പോൾ സന്തോഷവതിയാണ് . അവൾ ഗർഭിണിയാണ് . 

അയാൾ   സന്തോഷവാനാണ് .

ഫ്രിഡ്ജിന്  നന്ദി .

ഒരു പ്രണയകഥ

 

ഒരു പ്രണയകഥ

(ചെറുകഥ : by സജീവ്കുമാർ ശശിധരൻ )

 

 

അപ്പോഴും അവന്‍റെ ജനൽ വാതിൽ തുറന്നുകിടന്നു . നിലാവും വെയിലും അവന്‍റെ കാലുകളെ പുണർന്നിരുന്നു . പാലപ്പൂമണം വീശിയിരുന്ന കാറ്റിൽ അവന്‍റെ മാംസത്തിന്‍റെ ചീഞ്ഞമണം ഇല്ലാതെയായി . അത് പുറംലോകർ കണ്ടില്ല . അറിഞ്ഞില്ല . അവൻ തനിച്ചായിരുന്നു എന്നും .

ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കഴിഞ്ഞു . ആ അസ്ഥികൂടം അവിടെ തൂങ്ങിയാടി .

"കർമ്മം ചെയ്യണ്ടേ ? "അവൾ അവനോട് ചോദിച്ചു .

 അവൻ ചിരിച്ചു .

 "വീടിന് ഐശ്വര്യകേടാ "

അവൾ ഓർമ്മിപ്പിച്ചു .

അവൻ ചിരിച്ചു .

അന്ന് രാത്രി അവർ ആ വീടിന്‍റെ തെക്കേമൂലയിൽ ആ അസ്ഥികൾ ആറടി മണ്ണിൽ സംസ്കരിച്ചു .

അവിടമാകെ പാലപ്പൂമണം നിറഞ്ഞിരുന്നു .

 

അവർ കൈകൾ കോർത്ത്നിന്നു .

നിലാവെളിച്ചവും  മഞ്ഞവെയിലും  അവരെ പുണർന്ന്പോയ്കൊണ്ടിരിക്കുന്നു . ഇന്നും.

അതു പ്രണയമായിരുന്നു.