Showing posts with label sajeevkollam. Show all posts
Showing posts with label sajeevkollam. Show all posts

Thursday, September 5, 2024

ആത്മഹത്യ : കവിത

 ആത്മഹത്യ 

കവിത :സജീവ്കുമാർ ശശിധരൻ 


നേരുള്ള നുണയൊന്നു 

ചൊല്ലി ഞാനവളോട് .

അവളുടെ ചിരിയിൽ 

കണ്ടെൻ്റെ  ആനന്ദം .


തള്ളുവാനിനിയില്ല 

കൈകൾക്ക് ബലമില്ല 

ഒരുതുള്ളി വിഷമുണ്ട് 

അത് ഞാൻ പകുക്കില്ല 


ദിനമെന്നെ വരിയുന്ന 

വിഷമുള്ള കരിസർപ്പം 

നൊടി,പോലുമോടാതെ 

നോക്കിച്ചിരിക്കുന്നു .


കടലുപോലിളകുന്നു 

ചിന്തതൻ  കാഠിന്യം .

മുഷ്‌ടിയിൽ ചിരിക്കുന്നു  

വിഷമെന്ന ആ തുള്ളി .


ഇരുളാണ് ചുറ്റുമെൻ 

നെഞ്ചിലുമിരുളാണ്. 

നേരുള്ള നുണയിലോ  

ഉറങ്ങുന്നു  സുന്ദരി .


ചുണ്ടിലാ ചിരിയുണ്ട് 

എന്നിലെ   ആനന്ദം .

ആ  നൊടി ആ തുള്ളി 

ദൂരേക്കെറിഞ്ഞു ഞാൻ 


അറിയാതെ അവളോട്‌ 

ചേർന്ന് കിടന്നു ഞാൻ 

അവളുടെ ആ ചിരി 

എന്നിൽ പടർന്നുവോ 


ദിനമുണ്ട് ,ഈ ചിരി 

മായാതെ നോക്കണം 

കരി സർപ്പം വരിയട്ടെ  

ചരിക്കണം ചിരിയോടെ .

Thursday, June 27, 2024

പ്രണയമാണ് : കവിത

 പ്രണയമാണ് 


( കവിത : സജീവ്കുമാർ ശശിധരൻ )



നിലവിളക്കിൻ തിരി 

ഉതിരുന്ന നിൻപ്രഭ 

മുഖകാന്തിയെന്നിൽ 

തെളിഞ്ഞുനിൽപ്പൂ  .


നിശ മരിക്കുന്നില്ല 

വിരഹിണിയല്ല നീ 

പ്രണയമെന്നുള്ളിൽ 

നിന്നോടാണ് .


പരിഭമില്ല , ഞാൻ 

പറയുകയില്ലയെൻ 

കരൾ പിടയ്ക്കുന്നൊരാ 

പ്രണയ വാക്ക് .


അറിയാത്ത മുഖമുള്ള 

അഭിനയ പ്രതിഭ ഞാൻ 

ആ വാക്ക് ചൊല്ലുവാൻ 

ആളുമല്ല .


വിധിവരുമാദിനം

വന്നെത്തുമെന്നുടെ 

വഴിവെട്ടി നിന്നെ 

ഞാൻ ആനയിക്കും  .


കരളു കവിഞ്ഞൊരെൻ 

പ്രണയമൊഴുക്കി നിൻ 

കരളുനിറച്ചു ഞാൻ 

പ്രണയമാകും .

Thursday, May 30, 2024

പക്ഷെ ... : കഥ

 പക്ഷെ ...


സജീവ്കുമാർ ശശിധരൻ 



നങ്ങേലി നടന്നു വരുന്നു . അവൾക്ക്  മേൽമുണ്ടില്ല , അവൾക്ക് മേൽവസ്ത്രവുമില്ല . ആൾക്കാരുടെ നോട്ടം അവളുടെ പ്രസന്നമുഖത്തായിരുന്നില്ല .  അവളുടെ മുഖത്ത്  നാണം , അപമാനം , ദേഷ്യം തുടങ്ങി പല  പല  ഭാവങ്ങൾ  വന്നുപോയ് ക്കൊണ്ടിരുന്നു . ആരുമത് നോക്കിയതേ ഇല്ല . വർഷങ്ങൾ കൊഴിഞ്ഞു . അവൾക്കും മകളുണ്ടായി  അവൾ സുന്ദിയായിരുന്നു . അവളുടെ മുഖം ആൾക്കാർക്ക് ഒരുപാട് ഇഷ്ടമായിരുന്നു . ഇപ്പൊ നങ്ങേലിക്കും മകൾക്കും അവരുടെ  മാനം മറയ്ക്കാൻ അവകാശമുണ്ട് . ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ട് .  വർഷങ്ങൾ പിന്നെയും കൊഴിഞ്ഞു . നങ്ങേലി മരിച്ചു , മകൾ മരിച്ചു , മകളുടെ കൊച്ചുമക്കളും മരിച്ചു . വീണ്ടും നങ്ങേലി ജനിച്ചു . ഇപ്പോൾ   മാനം മറയ്ക്കാൻ അവകാശമുണ്ട് , ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ട് . ഇഷ്ടമുള്ളപോലെ  ജീവിക്കാൻ അവകാശമുണ്ട് .  പക്ഷെ ...


Thursday, May 9, 2024

പ്രസവം : ചെറുകഥ ( with audio)

 

പ്രസവം

  സജീവ്കുമാർ ശശിധരൻ

 

 

മനസ്സിൽ കവിതകളും കഥകളും തുളുമ്പുന്നുണ്ട് . എഴുതാൻ വെമ്പലുണ്ട് . പിറവിയെടുക്കാതെ   മരണം പുൽകുന്ന  എന്റെ കുഞ്ഞുങ്ങൾ .  വിശപ്പെന്ന കാട്ടാളൻ  എന്റെ കുട്ടികളെയെല്ലാം കൊന്നൊടുക്കി . ഇനിയും ഏഴുതാതിരുന്നാൽ എനിക്ക് ഭ്രാന്തുപിടിക്കും , എഴുതാനിരുന്നാലോ വിശന്ന് മരിക്കും . എന്നെ നിങ്ങൾക്ക്‌ അറിയില്ലായിരിക്കും , അറിയണമെങ്കിൽ ഞാൻ എന്തെങ്കിലും എഴുതണ്ടേ . ആദ്യം ഞാൻ എന്റെ വിശപ്പടക്കട്ടെ . അതിലൂടെ എന്റെ ഗർഭശിശുക്കളും ഉണ്ടുകൊള്ളും .

 

ഒരിക്കൽ ഒരു സുഖപ്രസവത്തിൽ അമ്മയായും അച്ഛനായുമൊക്കെ  ഞാൻ വരും . വെറും വാക്കല്ല . ഞാൻ സത്യം ചെയ്യുന്നു .  കുട്ടിയുടുപ്പുകളും കാൽത്തളകളും സമ്മാനപ്പൊതികളുമൊക്കെ ഒരുക്കി വെച്ചോളൂ . 

ഇപ്പൊ വിശപ്പാണ് ; ഞാൻ പോകട്ടെ , അല്ല പോയിവരട്ടെ ?

 

എന്ന്

നിങ്ങളുടെ ഞാൻ .

ചുവപ്പ് : കഥ

 

ചുവപ്പ്

 

സജീവ്കുമാർ ശശിധരൻ

 

 

ചുവപ്പ് വീണ് മരങ്ങൾ നിറം മാറി നിൽക്കുന്നു . അസ്തമനസൂര്യന്റെ ഭംഗി ഉദയസൂര്യനില്ലെന്ന് തോന്നുന്നു . അയാൾ ബാൽക്കണിയിൽ നിന്നും കടലിലേക്ക് താഴ്ന്നുപോകുന്ന സൂര്യനെ നോക്കി പുഞ്ചിരിച്ചു . കൈയ്യിലെ കോഫി ഊറി കുടിച്ചു .അപ്പോഴാണ് കണ്ടത് വെളുത്ത ഷർട്ടിൽ ഒരു ചെറിയ പൊട്ടുപോലെ എന്തോഒന്ന്.  അയാൾ അത് തൊട്ട് നോക്കി . പോകുന്നില്ല . വെള്ളനിറം അയാൾക്ക് ഇഷ്ടമാണ് . വെള്ള നിറമുള്ള ഷർട്ടും കാപ്പിനിറത്തിലുള്ള പാന്റും അയാളുടെ ഇഷ്ട വേഷങ്ങളായിരുന്നു . അയാൾ കൈകൊണ്ട് വീണ്ടും കോറിനോക്കി . ഇല്ല പോകുന്നില്ല . അയാൾ ഒരോനിമിഷവും അസ്വസ്ഥനായികൊണ്ടിരുന്നു . കണ്ണിൽ ഇരുട്ടുകയറി . വീണ്ടും വീണ്ടും കോറി നോക്കി, പോകുന്നില്ല.

വെള്ളനിറമുള്ള അയാളുടെ മുഖം ചുവന്ന് തുടുത്തു . പേശികൾ വലിഞ്ഞുമുറുകി . കോഫി അയാൾ നിലത്തേക്ക് വലിച്ചെറിഞ്ഞു . തറയിൽവീണ്  അത് പൊട്ടിത്തകർന്നു . കോഫിത്തുള്ളികൾ അയാളുടെ വെളുത്ത ഷർട്ടിലും പാന്റിലും തെറിച്ചുവീണു . അയാൾ അലറിവിളിച്ചു .

 

" ഇന്നെന്താ ? " സുന്ദരിയായ പെൺകുട്ടി അയാളുടെ മുന്നിൽ വന്ന് കൈകെട്ടിനിന്നുകൊണ്ട് ചോദിച്ചു .

അയാൾ അവളെ നോക്കി .

പിന്നെ ഷർട്ടിലെ    ചെറിയ 'പൊട്ട് ' കാട്ടികൊടുത്തു  . അവൾ അത് വന്ന് പിടിച്ചുനോക്കി .കോറി നോക്കി . പോകുന്നില്ല .

പിന്നെ കുറച്ചുസമയം ചിന്തിച്ചു നിന്നു .

" ഊര് , രണ്ടും " അവൾ പറഞ്ഞു .

അയാൾ പാന്റും ഷർട്ടും ഊരി അവളുടെ കൈയ്യിൽ കൊടുത്തു .  അവൾ അകത്തേക്ക് പോയി . അയാൾ ഒരിഞ്ചുപോലും മാറാതെ അങ്ങനെ നിന്നു .

അൽപ്പ സമയം .

അവൾ തിരികെവന്നു .

കൈയ്യിൽ മടക്കി വൃത്തിയായ ഷർട്ടും പാന്റും . അയാളുടെ മുഖം പ്രസന്നമായി . 

അവ ധരിച്ച  അയാളുടെ അടുത്തേക്ക് അവൾ വീണ്ടും വന്നു . അപ്പോൾ അവൾ ഒരു ചുവന്ന ഗൗൺ ധരിച്ചിരുന്നു .

അവർ പുറത്തേക്കുനടന്നു . ഗോവണി പടികളിറങ്ങി താഴേനിലയിലെത്തിയപ്പോൾ ഒരു പ്രായമുള്ള മനുഷ്യൻ കമഴ്ന്നുകിടന്നിരുന്നു . സോഫയിൽ ഒരു സ്ത്രീ തല താഴ്ത്തി ഇരിക്കുന്നു . ആ കഴുത്തിൽ നിന്നൊഴുകിയ രക്തം അവർക്കുചുറ്റും തളംകെട്ടിയിരുന്നു .

" കണ്ടോ , നീ തെറിപ്പിച്ചതാ , നെക്സ്റ്റ് ടൈം കെയർ ഫുൾ "

അവൾ സോഫയിലിരുന്ന സ്ത്രീയെ ചൂണ്ടി ,  അവന്റെ മുഖത്ത് നോക്കി പറഞ്ഞു .

അവൻ തലകുനിച്ചു .

പിന്നെ  ഷർട്ട് ഒന്നുകൂടി പിടിച്ചു വൃത്തിയായി വെച്ചു .

"ഓക്കെ ഡിയർ "

അവന്റെ മുഖം പ്രസന്നമായി .

" പെയ്‌മെന്റ് ? "

അവൾ വീണ്ടും ചോദിച്ചു .

അപ്പോൾ മൊബൈലിൽ  ഒരു ബീപ്പ് ശബ്‌ദം കേട്ടു .

അയാൾ മൊബൈൽ  നോക്കി .

" യെസ് , വന്നു "

" നല്ല മക്കളാണല്ലോ ?"

അവൾ ചെറു ചിരിയോടെ അവനോട് പറഞ്ഞു  .

" യെസ് , വളരെ നല്ല മക്കൾ "

അവൻ മൊബൈൽ നോക്കിക്കൊണ്ട് പറഞ്ഞു .

അവന്റെ മുഖം കൂടുതൽ പ്രസന്നമായി .

 

Sunday, May 5, 2024

ക്ലാര : ചെറുകഥ ( with audio )

 

 ക്ലാര

ചെറുകഥ 

  സജീവ്കുമാർ ശശിധരൻ

 

കണ്ണുകൾ ഇറുക്കിയടച്ചു .  ആ ശബ്ദം കാതിൽ മുഴങ്ങി . കാതുകൾ രണ്ടുകൈകളാൽ പൊത്തിപ്പിടിച്ചു .  കേൾക്കേണ്ടല്ലോ ? . കുറേ സമയം , കുറേ അധികസമയം അങ്ങനെ ഇരുന്നു . പന്തയം വച്ചു കയറിയതാണ് .  വേണ്ടായിരുന്നു . അവളുടെ നെഞ്ച് പട പാടാ ഇടിച്ചുകൊണ്ടിരുന്നു . വീടിന് പുറകിൽ ഇത്തിരി ദൂരെയായിട്ട് കുറച്ചുകല്ലറകളുണ്ട് . പഴയത് . പുരാവസ്‌തുക്കാരുടെ പക്കലുള്ള സ്‌ഥലം . സഹോദരിമാരോട് പന്തയം വെച്ച് അവിടെ കയറുമ്പോൾ ആദ്യം  അത്ര പേടിയില്ലായിരുന്നു .

അവിടെ ഇരുപതോളം കൂടീരങ്ങൾക്ക് നടുവിൽ  ചില്ലുകൊണ്ട് നിർമ്മിതമായ ഒരു മുറിയുണ്ട് . അതിൽ രാത്രി പതിനൊന്ന് മണിമുതൽ രാവിലെ അഞ്ചുമണിവരെ ഇരിക്കാമെന്നായിരുന്നു പന്തയം . വീണ്ടും  ആ ശബ്‌ദം  . അടച്ചുവെച്ച കൈകളെ തുരന്നുകൊണ്ട് അത് ചെവിയിലെത്തി . എവിടെയോ കേട്ടപോലെ . അവളുടെ പേടിക്ക് ഇത്തിരി കുറവുണ്ടായി . അച്ഛനല്ലേ അത് അതേ , അച്ഛൻ , ആ പൊളിഞ്ഞ ഗിറ്റാർ  ,അത് തന്നെ  . ഇങ്ങനെയുള്ള ശബ്ദം ഗിറ്റാറിൽ നിന്നും വരുന്നത് എനിക്ക് പലപ്പോഴും അത്ഭുതമായിരുന്നു . എന്തൊരുഭീകരം . ഈ പാതിരാത്രിയിൽ ഈ മനുഷ്യന് ഇവിടെന്താ , വീട്ടിലിരുന്ന് വായിക്കാൻ പറ്റാത്ത വിഷമം തീർക്കാൻ വന്നതാവും , അവൾക്ക് ചിരിവന്നു . അമ്മ ഇല്ലാത്തതിന്റെ ഒരു കുറവും അറിയിക്കാതെയാണ് അച്ഛൻ നാല് പെൺകുട്ടികളെ വളർത്തുന്നത് . അവൾ ആ മനുഷ്യനെ സന്തോഷത്തോടെ നോക്കിയിരുന്നു .

അപ്പോൾ ഇരുട്ടിൽ നിന്നും ഒരു വെളിച്ചം . അത് അടുത്തടുത്ത്  വന്നും . അച്ഛന്റെ അടുത്ത് വന്നു നിന്ന് . ക്ലാര ചേച്ചി , അടുത്ത വീട്ടിലെ , അവർ കല്യാണം കഴിക്കാതെ ഒറ്റയ്ക്ക്  താമസിക്കുന്ന സ്ത്രീയാണ് . രണ്ട് പേരും പരസ്പരം നോക്കി .

" ഇതൊന്ന് വൃത്തിക്ക് വായിച്ചൂടായോ ?"  അവർ അച്ഛനോട് ചോദിച്ചു .

അവർ കൂട്ടുകാരായിരുന്നെന്ന് കേട്ടിട്ടുണ്ട് . അവർ അച്ഛനോട് സംസാരിക്കുന്ന അധികാരം അവർക്കിടയിലെ സൗഹൃദം വിളിച്ചോദി. ക്ലാര ചേച്ചിയുടെ കയ്യിൽ ഒരു പാത്രമുണ്ടായിരുന്നു . അവരത്‌ തുറന്നു വെച്ചു . അവിടമാകെ നല്ല മുളകിട്ടമീൻകറിയുടെ മണം പടർന്നു . അച്ഛൻ രണ്ട് ബീയർ കുപ്പികൾ എടുത്ത് വെച്ചു . പിന്നെ ഒരു കേക്കും .

ക്ലാര ചേച്ചി കേക്ക് മുറിച്ചു . അച്ഛൻ അവർക്ക് , പിറന്നാൾ ആശംസകൾ നേർന്നു . പിന്നെ വർണ്ണക്കടലാസിൽ പൊതിഞ്ഞ സമ്മാനം കൊടുത്തു .    

 ആ കേക്ക്  മുറിച്ച് ,ബീയർ കുടിച്ച് ,കപ്പയും മീൻകറിയും കഴിച്ച്  അവർ  പഴയ കാര്യങ്ങൾ പരസ്പരം പറഞ്ഞു സന്തോഷിച്ചുകൊണ്ടിരുന്നു .

 അത് പുലരും വരെ തുടർന്നു .

അവസാനം  പരസ്പരം കൈകൾ വീശി അവർ പിരിഞ്ഞു . അപ്പോഴും രണ്ട് പേരും തിരിഞ്ഞുതിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു .

ആദ്യമായിട്ടാണ്  അച്ഛനെ ഞാൻ ഇത്ര സന്തോഷത്തോടെ കാണുന്നത് .  

 വീട്ടിലെത്തിയിട്ടും ആ രംഗങ്ങൾ അവൾക്ക്  മറക്കാൻ കഴിഞ്ഞില്ല . ചെല്ലുമ്പോൾ അച്ഛൻ  കട്ടിലിൽ കിടപ്പുണ്ട് .  അവൾ അടുത്ത് കിടന്ന് അയാളെ കെട്ടിപ്പിടിച്ചു . അയാൾ കണ്ണുതുറന്ന് അവളെ നോക്കി .  മകൾക്ക് നെറ്റിയിൽ അയാളൊരുമുത്തം നൽകി . പിന്നെ ഉറക്കത്തിലേക്ക്  വഴുതി .

 അവളുറപ്പിച്ചു രണ്ട്ദിവസം കഴിഞ്ഞാൽ അച്ഛന് പിറന്നാളാണ് . അന്ന് ഒരു സമ്മാനം കൊടുക്കണം . ഇനി അച്ഛന് ജീവിതത്തിൽ വേണ്ട ഏറ്റവും വലിയ സമ്മാനം .  എന്റെ പേരുള്ള അവരെ . ക്ലാര

Thursday, May 2, 2024

ഒരു പ്രണയകഥ : ചെറുകഥ

 

ഒരു പ്രണയകഥ

(ചെറുകഥ : by സജീവ്കുമാർ ശശിധരൻ )

 

 

അപ്പോഴും അവന്‍റെ ജനൽ വാതിൽ തുറന്നുകിടന്നു . നിലാവും വെയിലും അവന്‍റെ കാലുകളെ പുണർന്നിരുന്നു . പാലപ്പൂമണം വീശിയിരുന്ന കാറ്റിൽ അവന്‍റെ മാംസത്തിന്‍റെ ചീഞ്ഞമണം ഇല്ലാതെയായി . അത് പുറംലോകർ കണ്ടില്ല . അറിഞ്ഞില്ല . അവൻ തനിച്ചായിരുന്നു എന്നും .

ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കഴിഞ്ഞു . ആ അസ്ഥികൂടം അവിടെ തൂങ്ങിയാടി .

"കർമ്മം ചെയ്യണ്ടേ ? "അവൾ അവനോട് ചോദിച്ചു .

 അവൻ ചിരിച്ചു .

 "വീടിന് ഐശ്വര്യകേടാ "

അവൾ ഓർമ്മിപ്പിച്ചു .

അവൻ ചിരിച്ചു .

അന്ന് രാത്രി അവർ ആ വീടിന്‍റെ തെക്കേമൂലയിൽ ആ അസ്ഥികൾ ആറടി മണ്ണിൽ സംസ്കരിച്ചു .

അവിടമാകെ പാലപ്പൂമണം നിറഞ്ഞിരുന്നു .

 

അവർ കൈകൾ കോർത്ത്നിന്നു .

നിലാവെളിച്ചവും  മഞ്ഞവെയിലും  അവരെ പുണർന്ന്പോയ്കൊണ്ടിരിക്കുന്നു . ഇന്നും.

അതു പ്രണയമായിരുന്നു.

Sunday, April 16, 2023

ഒരു മരുന്നുണ്ട് ( കവിത)

 

  ഒരു മരുന്നുണ്ട് 

     ( കവിത)


     ഒരു മരുന്നുണ്ട് ..

     കാറ്റിൽ പറന്നെത്തും 

     പാലപ്പൂ മണവും 

     പുന്നെല്ല് പുഴുങ്ങി 

     എടുത്തതിൻ മണവും 

    തൊട്ടാവാടിതൻ 

    കൂമ്പാത്ത ഇതളും 

    സമം ചേർത്തെടുത്ത് 


കരിമഷി ചാലിച്ച് 

നാവിൽ പുരട്ടിയാൽ 

തേനൂറും ഈണത്തിൽ 

പാട്ടുപാടാം .

നാടൻ പാട്ടു പാടാം.



സജീവ്കുമാർ