എന്ത് നേടി ?
(കവിത : സജീവ്കുമാർ ശശിധരൻ )
ആ കൊമ്പ് ഞാൻ മുറിച്ചു
അന്തിയിൽ ആയിരം
കൊക്കുകളുരുമുന്നരാ
മരം ഞാൻ മുറിച്ചു .
ആ മല ഞാനിടിച്ചൂ
ആയിരമായിരം
ജീവനുകളൂറുന്ന
മാമല ഞാൻ പൊടിച്ചു .
നാടൊട്ടു ഞാൻ നിറച്ചു
തരിനീര് പോലും
താഴാത്ത മണ്ണിലായ്
വിഷവിത്ത് ഞാൻ വിതച്ചു.
വരികെട്ടി ഞാൻ തിരിച്ചു .
മതമെന്ന വാളിനാൽ
ആളെ വരഞ്ഞിട്ട്
മുളകിൻ്റെ അര നിറച്ചു .
പോർ കണ്ട് ഞാൻ ചിരിച്ചു
ആയിരമാണ്ടുകൾ
ആസ്വദിപ്പാനായി
ഖജനാവ് ഞാൻ നിറച്ചു .
പല വല ഞാൻ വിരിച്ചു
പുൽക്കൊടി തുമ്പിലെ
തുള്ളിവെള്ളത്തിനും
കരമിട്ട് ഞാൻ ചിരിച്ചു .
നാളുകളോ ചരിച്ചു
ചിരിവന്നു ചിരിവന്ന്
ഏറെ ചിരിച്ചൊരെൻ
നെഞ്ചിൻ്റെ ഇടിനിലച്ചു .
ആളുകളും ചിരിച്ചു
ആയിരമാണ്ടുകൾ
ആശിച്ച രാജനെ
ഓടയിലേക്കെറിഞ്ഞു .
No comments:
Post a Comment