Showing posts with label kollam. Show all posts
Showing posts with label kollam. Show all posts

Thursday, May 9, 2024

പ്രസവം : ചെറുകഥ ( with audio)

 

പ്രസവം

  സജീവ്കുമാർ ശശിധരൻ

 

 

മനസ്സിൽ കവിതകളും കഥകളും തുളുമ്പുന്നുണ്ട് . എഴുതാൻ വെമ്പലുണ്ട് . പിറവിയെടുക്കാതെ   മരണം പുൽകുന്ന  എന്റെ കുഞ്ഞുങ്ങൾ .  വിശപ്പെന്ന കാട്ടാളൻ  എന്റെ കുട്ടികളെയെല്ലാം കൊന്നൊടുക്കി . ഇനിയും ഏഴുതാതിരുന്നാൽ എനിക്ക് ഭ്രാന്തുപിടിക്കും , എഴുതാനിരുന്നാലോ വിശന്ന് മരിക്കും . എന്നെ നിങ്ങൾക്ക്‌ അറിയില്ലായിരിക്കും , അറിയണമെങ്കിൽ ഞാൻ എന്തെങ്കിലും എഴുതണ്ടേ . ആദ്യം ഞാൻ എന്റെ വിശപ്പടക്കട്ടെ . അതിലൂടെ എന്റെ ഗർഭശിശുക്കളും ഉണ്ടുകൊള്ളും .

 

ഒരിക്കൽ ഒരു സുഖപ്രസവത്തിൽ അമ്മയായും അച്ഛനായുമൊക്കെ  ഞാൻ വരും . വെറും വാക്കല്ല . ഞാൻ സത്യം ചെയ്യുന്നു .  കുട്ടിയുടുപ്പുകളും കാൽത്തളകളും സമ്മാനപ്പൊതികളുമൊക്കെ ഒരുക്കി വെച്ചോളൂ . 

ഇപ്പൊ വിശപ്പാണ് ; ഞാൻ പോകട്ടെ , അല്ല പോയിവരട്ടെ ?

 

എന്ന്

നിങ്ങളുടെ ഞാൻ .

ചുവപ്പ് : കഥ

 

ചുവപ്പ്

 

സജീവ്കുമാർ ശശിധരൻ

 

 

ചുവപ്പ് വീണ് മരങ്ങൾ നിറം മാറി നിൽക്കുന്നു . അസ്തമനസൂര്യന്റെ ഭംഗി ഉദയസൂര്യനില്ലെന്ന് തോന്നുന്നു . അയാൾ ബാൽക്കണിയിൽ നിന്നും കടലിലേക്ക് താഴ്ന്നുപോകുന്ന സൂര്യനെ നോക്കി പുഞ്ചിരിച്ചു . കൈയ്യിലെ കോഫി ഊറി കുടിച്ചു .അപ്പോഴാണ് കണ്ടത് വെളുത്ത ഷർട്ടിൽ ഒരു ചെറിയ പൊട്ടുപോലെ എന്തോഒന്ന്.  അയാൾ അത് തൊട്ട് നോക്കി . പോകുന്നില്ല . വെള്ളനിറം അയാൾക്ക് ഇഷ്ടമാണ് . വെള്ള നിറമുള്ള ഷർട്ടും കാപ്പിനിറത്തിലുള്ള പാന്റും അയാളുടെ ഇഷ്ട വേഷങ്ങളായിരുന്നു . അയാൾ കൈകൊണ്ട് വീണ്ടും കോറിനോക്കി . ഇല്ല പോകുന്നില്ല . അയാൾ ഒരോനിമിഷവും അസ്വസ്ഥനായികൊണ്ടിരുന്നു . കണ്ണിൽ ഇരുട്ടുകയറി . വീണ്ടും വീണ്ടും കോറി നോക്കി, പോകുന്നില്ല.

വെള്ളനിറമുള്ള അയാളുടെ മുഖം ചുവന്ന് തുടുത്തു . പേശികൾ വലിഞ്ഞുമുറുകി . കോഫി അയാൾ നിലത്തേക്ക് വലിച്ചെറിഞ്ഞു . തറയിൽവീണ്  അത് പൊട്ടിത്തകർന്നു . കോഫിത്തുള്ളികൾ അയാളുടെ വെളുത്ത ഷർട്ടിലും പാന്റിലും തെറിച്ചുവീണു . അയാൾ അലറിവിളിച്ചു .

 

" ഇന്നെന്താ ? " സുന്ദരിയായ പെൺകുട്ടി അയാളുടെ മുന്നിൽ വന്ന് കൈകെട്ടിനിന്നുകൊണ്ട് ചോദിച്ചു .

അയാൾ അവളെ നോക്കി .

പിന്നെ ഷർട്ടിലെ    ചെറിയ 'പൊട്ട് ' കാട്ടികൊടുത്തു  . അവൾ അത് വന്ന് പിടിച്ചുനോക്കി .കോറി നോക്കി . പോകുന്നില്ല .

പിന്നെ കുറച്ചുസമയം ചിന്തിച്ചു നിന്നു .

" ഊര് , രണ്ടും " അവൾ പറഞ്ഞു .

അയാൾ പാന്റും ഷർട്ടും ഊരി അവളുടെ കൈയ്യിൽ കൊടുത്തു .  അവൾ അകത്തേക്ക് പോയി . അയാൾ ഒരിഞ്ചുപോലും മാറാതെ അങ്ങനെ നിന്നു .

അൽപ്പ സമയം .

അവൾ തിരികെവന്നു .

കൈയ്യിൽ മടക്കി വൃത്തിയായ ഷർട്ടും പാന്റും . അയാളുടെ മുഖം പ്രസന്നമായി . 

അവ ധരിച്ച  അയാളുടെ അടുത്തേക്ക് അവൾ വീണ്ടും വന്നു . അപ്പോൾ അവൾ ഒരു ചുവന്ന ഗൗൺ ധരിച്ചിരുന്നു .

അവർ പുറത്തേക്കുനടന്നു . ഗോവണി പടികളിറങ്ങി താഴേനിലയിലെത്തിയപ്പോൾ ഒരു പ്രായമുള്ള മനുഷ്യൻ കമഴ്ന്നുകിടന്നിരുന്നു . സോഫയിൽ ഒരു സ്ത്രീ തല താഴ്ത്തി ഇരിക്കുന്നു . ആ കഴുത്തിൽ നിന്നൊഴുകിയ രക്തം അവർക്കുചുറ്റും തളംകെട്ടിയിരുന്നു .

" കണ്ടോ , നീ തെറിപ്പിച്ചതാ , നെക്സ്റ്റ് ടൈം കെയർ ഫുൾ "

അവൾ സോഫയിലിരുന്ന സ്ത്രീയെ ചൂണ്ടി ,  അവന്റെ മുഖത്ത് നോക്കി പറഞ്ഞു .

അവൻ തലകുനിച്ചു .

പിന്നെ  ഷർട്ട് ഒന്നുകൂടി പിടിച്ചു വൃത്തിയായി വെച്ചു .

"ഓക്കെ ഡിയർ "

അവന്റെ മുഖം പ്രസന്നമായി .

" പെയ്‌മെന്റ് ? "

അവൾ വീണ്ടും ചോദിച്ചു .

അപ്പോൾ മൊബൈലിൽ  ഒരു ബീപ്പ് ശബ്‌ദം കേട്ടു .

അയാൾ മൊബൈൽ  നോക്കി .

" യെസ് , വന്നു "

" നല്ല മക്കളാണല്ലോ ?"

അവൾ ചെറു ചിരിയോടെ അവനോട് പറഞ്ഞു  .

" യെസ് , വളരെ നല്ല മക്കൾ "

അവൻ മൊബൈൽ നോക്കിക്കൊണ്ട് പറഞ്ഞു .

അവന്റെ മുഖം കൂടുതൽ പ്രസന്നമായി .

 

Sunday, May 5, 2024

ക്ലാര : ചെറുകഥ ( with audio )

 

 ക്ലാര

ചെറുകഥ 

  സജീവ്കുമാർ ശശിധരൻ

 

കണ്ണുകൾ ഇറുക്കിയടച്ചു .  ആ ശബ്ദം കാതിൽ മുഴങ്ങി . കാതുകൾ രണ്ടുകൈകളാൽ പൊത്തിപ്പിടിച്ചു .  കേൾക്കേണ്ടല്ലോ ? . കുറേ സമയം , കുറേ അധികസമയം അങ്ങനെ ഇരുന്നു . പന്തയം വച്ചു കയറിയതാണ് .  വേണ്ടായിരുന്നു . അവളുടെ നെഞ്ച് പട പാടാ ഇടിച്ചുകൊണ്ടിരുന്നു . വീടിന് പുറകിൽ ഇത്തിരി ദൂരെയായിട്ട് കുറച്ചുകല്ലറകളുണ്ട് . പഴയത് . പുരാവസ്‌തുക്കാരുടെ പക്കലുള്ള സ്‌ഥലം . സഹോദരിമാരോട് പന്തയം വെച്ച് അവിടെ കയറുമ്പോൾ ആദ്യം  അത്ര പേടിയില്ലായിരുന്നു .

അവിടെ ഇരുപതോളം കൂടീരങ്ങൾക്ക് നടുവിൽ  ചില്ലുകൊണ്ട് നിർമ്മിതമായ ഒരു മുറിയുണ്ട് . അതിൽ രാത്രി പതിനൊന്ന് മണിമുതൽ രാവിലെ അഞ്ചുമണിവരെ ഇരിക്കാമെന്നായിരുന്നു പന്തയം . വീണ്ടും  ആ ശബ്‌ദം  . അടച്ചുവെച്ച കൈകളെ തുരന്നുകൊണ്ട് അത് ചെവിയിലെത്തി . എവിടെയോ കേട്ടപോലെ . അവളുടെ പേടിക്ക് ഇത്തിരി കുറവുണ്ടായി . അച്ഛനല്ലേ അത് അതേ , അച്ഛൻ , ആ പൊളിഞ്ഞ ഗിറ്റാർ  ,അത് തന്നെ  . ഇങ്ങനെയുള്ള ശബ്ദം ഗിറ്റാറിൽ നിന്നും വരുന്നത് എനിക്ക് പലപ്പോഴും അത്ഭുതമായിരുന്നു . എന്തൊരുഭീകരം . ഈ പാതിരാത്രിയിൽ ഈ മനുഷ്യന് ഇവിടെന്താ , വീട്ടിലിരുന്ന് വായിക്കാൻ പറ്റാത്ത വിഷമം തീർക്കാൻ വന്നതാവും , അവൾക്ക് ചിരിവന്നു . അമ്മ ഇല്ലാത്തതിന്റെ ഒരു കുറവും അറിയിക്കാതെയാണ് അച്ഛൻ നാല് പെൺകുട്ടികളെ വളർത്തുന്നത് . അവൾ ആ മനുഷ്യനെ സന്തോഷത്തോടെ നോക്കിയിരുന്നു .

അപ്പോൾ ഇരുട്ടിൽ നിന്നും ഒരു വെളിച്ചം . അത് അടുത്തടുത്ത്  വന്നും . അച്ഛന്റെ അടുത്ത് വന്നു നിന്ന് . ക്ലാര ചേച്ചി , അടുത്ത വീട്ടിലെ , അവർ കല്യാണം കഴിക്കാതെ ഒറ്റയ്ക്ക്  താമസിക്കുന്ന സ്ത്രീയാണ് . രണ്ട് പേരും പരസ്പരം നോക്കി .

" ഇതൊന്ന് വൃത്തിക്ക് വായിച്ചൂടായോ ?"  അവർ അച്ഛനോട് ചോദിച്ചു .

അവർ കൂട്ടുകാരായിരുന്നെന്ന് കേട്ടിട്ടുണ്ട് . അവർ അച്ഛനോട് സംസാരിക്കുന്ന അധികാരം അവർക്കിടയിലെ സൗഹൃദം വിളിച്ചോദി. ക്ലാര ചേച്ചിയുടെ കയ്യിൽ ഒരു പാത്രമുണ്ടായിരുന്നു . അവരത്‌ തുറന്നു വെച്ചു . അവിടമാകെ നല്ല മുളകിട്ടമീൻകറിയുടെ മണം പടർന്നു . അച്ഛൻ രണ്ട് ബീയർ കുപ്പികൾ എടുത്ത് വെച്ചു . പിന്നെ ഒരു കേക്കും .

ക്ലാര ചേച്ചി കേക്ക് മുറിച്ചു . അച്ഛൻ അവർക്ക് , പിറന്നാൾ ആശംസകൾ നേർന്നു . പിന്നെ വർണ്ണക്കടലാസിൽ പൊതിഞ്ഞ സമ്മാനം കൊടുത്തു .    

 ആ കേക്ക്  മുറിച്ച് ,ബീയർ കുടിച്ച് ,കപ്പയും മീൻകറിയും കഴിച്ച്  അവർ  പഴയ കാര്യങ്ങൾ പരസ്പരം പറഞ്ഞു സന്തോഷിച്ചുകൊണ്ടിരുന്നു .

 അത് പുലരും വരെ തുടർന്നു .

അവസാനം  പരസ്പരം കൈകൾ വീശി അവർ പിരിഞ്ഞു . അപ്പോഴും രണ്ട് പേരും തിരിഞ്ഞുതിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു .

ആദ്യമായിട്ടാണ്  അച്ഛനെ ഞാൻ ഇത്ര സന്തോഷത്തോടെ കാണുന്നത് .  

 വീട്ടിലെത്തിയിട്ടും ആ രംഗങ്ങൾ അവൾക്ക്  മറക്കാൻ കഴിഞ്ഞില്ല . ചെല്ലുമ്പോൾ അച്ഛൻ  കട്ടിലിൽ കിടപ്പുണ്ട് .  അവൾ അടുത്ത് കിടന്ന് അയാളെ കെട്ടിപ്പിടിച്ചു . അയാൾ കണ്ണുതുറന്ന് അവളെ നോക്കി .  മകൾക്ക് നെറ്റിയിൽ അയാളൊരുമുത്തം നൽകി . പിന്നെ ഉറക്കത്തിലേക്ക്  വഴുതി .

 അവളുറപ്പിച്ചു രണ്ട്ദിവസം കഴിഞ്ഞാൽ അച്ഛന് പിറന്നാളാണ് . അന്ന് ഒരു സമ്മാനം കൊടുക്കണം . ഇനി അച്ഛന് ജീവിതത്തിൽ വേണ്ട ഏറ്റവും വലിയ സമ്മാനം .  എന്റെ പേരുള്ള അവരെ . ക്ലാര

യാത്ര : ചെറുകഥ

 

യാത്ര

ചെറുകഥ  

സജീവ്കുമാർ ശശിധരൻ

 

എല്ലാവരും ഉറങ്ങുകയാണോ ? , അതെ ഉറങ്ങുന്നു. നിശബ്ദം , ഓരോ മനസ്സിലും എന്തൊക്കെ സ്വപ്‌നങ്ങളാകും ഉണ്ടാവുക . അവൾ പതിയെ ജാലകവാതിൽ തുറന്നു . തണുത്ത കാറ്റ് അവളുടെ മുടി ഇഴകളെ പാറിപ്പറത്തി . ചെറിയ മഴത്തുള്ളികൾ മുഖത്ത് പതിച്ചപ്പോൾ എന്തോ ഒരു സുഖം . മരങ്ങളും മലകളും പുറകോട്ടോടികൊണ്ടിരുന്നു. ഓർമ്മകൾ തികട്ടിവരുന്നു , ആ കഴിഞ്ഞുപോയ നശിച്ച വർഷങ്ങൾ പോലെ.

മുഖത്ത് തെറിച്ച തണുത്ത  മഴത്തുള്ളികൾ അവൾ തുടച്ചുകളഞ്ഞില്ല . അത് പൊട്ടിയ ചുണ്ടിലും മുറിവേറ്റ നെറ്റിത്തടത്തിലും തൂവൽകൊണ്ട് തഴുകുന്നപോലെ  അവൾക്ക് തോന്നി . കൈയ്യിലെ തുകൽ സഞ്ചി അവൾ ഒന്നുകൂടി നെഞ്ചോട് ഇറുക്കി ചേർത്തു .  കഴിഞ്ഞുപോയ വർഷങ്ങളിൽ കിട്ടിയ ഒരേഒരു അവസരം . പരീക്ഷണങ്ങൾക്കൊടുവിൽ ചിലപ്പോൾ ദൈവം തന്നതാവും . കൈയ്യിൽ കിട്ടിയതൊക്കെ എടുത്തു . സ്വർണ്ണമോ , പണമോ എന്തൊക്കയോ , പിന്നെയൊരു പാച്ചിലായിരുന്നു . പല പല വണ്ടികൾ കയറിയിറങ്ങി . ആയിരകണക്കിന് കിലോമീറ്ററുകൾ താണ്ടിയിട്ടുണ്ടാവും . ഈ വണ്ടിയും എങ്ങോട്ടാണ് പോകുന്നതെന്നറിയില്ല . ഒരു സ്വതന്ത്രയാത്ര . അവൾ കണ്ണുകളടച്ചു ഒരു ദീർഘനിശ്വാസത്തോടെ ആ കാറ്റിൽ അലിഞ്ഞുചേർന്നു നനയട്ടെ .

സ്വാതന്ത്ര്യം

Friday, May 3, 2024

കസേര : ചെറുകഥ

 

കസേര

(ചെറുകഥ  by  സജീവ്കുമാർ ശശിധരൻ )

 

രാത്രിഒരുപാട് വൈകിയിട്ടും അവന് ഉറക്കം വന്നില്ല . ദൂരെ കടലിരമ്പുന്നത് കേൾക്കാം . അവൻ ബാൽക്കണിയിലേക്കിറങ്ങി . അവിടെ നിന്നാൽ  ദൂരെ കടൽ കാണാം . തണുത്ത കാറ്റുവീശുന്നുണ്ട് . ഇരുണ്ട ആകാശത്ത് മിന്നൽ ചിത്രപ്പണിതീർത്തു .  നാളെ പരീക്ഷയുടെ വിധിയറിയാം .

ഉള്ളിൽ ഒരു കൊള്ളിയാൻ , ജയമായിരിക്കുമോ ? വിശ്വാസമുണ്ട് . പക്ഷെ  ഒരു വെപ്രാളം , ഇനി തോറ്റാൽ  ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം , കുടുംബക്കാർക്ക് , നാട്ടുകാർക്ക് , സോഷ്യൽ മീഡിയ ഫ്രണ്ടുകൾക്ക് അങ്ങനെ അവറ്റകളുടെ ലിസ്റ്റ് നീണ്ടു പോകുന്നു .  ജയിച്ചാൽ ജോലി , കാറ് ,പുതിയ ഫ്ലാറ്റ് പുതിയ കൂട്ടുകാർ , ആറക്ക ശബളം ,അങ്കിളിന്റെ സുന്ദരിയായ  മകളുടെ  ഭർത്താവ് . പിന്നെ അവളുടെ കുട്ടികളുടെ അച്ഛൻ, അവരെ വളർത്തി പഠിപ്പിക്കണം .  ജോലി ആകുമ്പോൾ  കെട്ടിച്ചു വിടണം , അല്ലെങ്കിൽ ഒരു പെണ്ണിനെ കണ്ടു പിടിച്ചു കൊടുക്കണം .  പെൻഷൻ പറ്റി, അങ്ങനെ  ഒരു നാൾ മരിച്ചും  പോകണം .

അവൻ  ദീർഘനിശ്വാസം വിട്ടു .ഇതിൽ ഇവിടെയാണ് ഞാൻ , എന്റെ  ജീവിതം . അച്ഛൻ പലപ്പോഴും ഈ ബാൽക്കണിയിൽ ഒരു കസേരയിട്ട് കടലിനെ നോക്കിയിരിക്കുന്നത് കണ്ടിട്ടുണ്ട്  .ഇതിന് മാത്രം ഇത്ര നോക്കാനെന്താണ്  ആ കടലിലുള്ളതെന്ന്   പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാൻ തല തിരിച്ച് ആ കസേരയിലേക്ക് നോക്കി . അതെന്നെ മാടിവിളിക്കുംപോലെ  . ഞാനാ കസേരയിൽ തടവി . അടിമയുടെ മണമുള്ള കസേര . മനസ്സിലൊരാശ്വാസം . ഒരു വ്യക്തത വന്നിരിക്കുന്നു . വിജയവും പരാജയവും ഒരു വഴിക്ക് നടക്കട്ടെ  . കൈയുടെ കാലിന്റെ മനസ്സിന്റെ ചരട് ആർക്കും നൽകില്ല  . ആർക്കും . അവന്റെ മുഖത്ത് ഒരു സമാധാനത്തിന്റെ ചിരി പടർന്നു . അടിമയുടെ മണമുള്ള കസേരയെ അവൻ ഒന്നുകൂടി തഴുകി . അകത്തേക്ക് നടന്നു . ഒന്ന് സുഖമായി ഉറങ്ങാൻ .

ഇരുട്ടിൽ അച്ഛൻ അവനെ നോക്കി പുഞ്ചരിക്കുന്നുണ്ടായിരുന്നു .