Friday, May 3, 2024

കസേര : ചെറുകഥ

 

കസേര

(ചെറുകഥ  by  സജീവ്കുമാർ ശശിധരൻ )

 

രാത്രിഒരുപാട് വൈകിയിട്ടും അവന് ഉറക്കം വന്നില്ല . ദൂരെ കടലിരമ്പുന്നത് കേൾക്കാം . അവൻ ബാൽക്കണിയിലേക്കിറങ്ങി . അവിടെ നിന്നാൽ  ദൂരെ കടൽ കാണാം . തണുത്ത കാറ്റുവീശുന്നുണ്ട് . ഇരുണ്ട ആകാശത്ത് മിന്നൽ ചിത്രപ്പണിതീർത്തു .  നാളെ പരീക്ഷയുടെ വിധിയറിയാം .

ഉള്ളിൽ ഒരു കൊള്ളിയാൻ , ജയമായിരിക്കുമോ ? വിശ്വാസമുണ്ട് . പക്ഷെ  ഒരു വെപ്രാളം , ഇനി തോറ്റാൽ  ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം , കുടുംബക്കാർക്ക് , നാട്ടുകാർക്ക് , സോഷ്യൽ മീഡിയ ഫ്രണ്ടുകൾക്ക് അങ്ങനെ അവറ്റകളുടെ ലിസ്റ്റ് നീണ്ടു പോകുന്നു .  ജയിച്ചാൽ ജോലി , കാറ് ,പുതിയ ഫ്ലാറ്റ് പുതിയ കൂട്ടുകാർ , ആറക്ക ശബളം ,അങ്കിളിന്റെ സുന്ദരിയായ  മകളുടെ  ഭർത്താവ് . പിന്നെ അവളുടെ കുട്ടികളുടെ അച്ഛൻ, അവരെ വളർത്തി പഠിപ്പിക്കണം .  ജോലി ആകുമ്പോൾ  കെട്ടിച്ചു വിടണം , അല്ലെങ്കിൽ ഒരു പെണ്ണിനെ കണ്ടു പിടിച്ചു കൊടുക്കണം .  പെൻഷൻ പറ്റി, അങ്ങനെ  ഒരു നാൾ മരിച്ചും  പോകണം .

അവൻ  ദീർഘനിശ്വാസം വിട്ടു .ഇതിൽ ഇവിടെയാണ് ഞാൻ , എന്റെ  ജീവിതം . അച്ഛൻ പലപ്പോഴും ഈ ബാൽക്കണിയിൽ ഒരു കസേരയിട്ട് കടലിനെ നോക്കിയിരിക്കുന്നത് കണ്ടിട്ടുണ്ട്  .ഇതിന് മാത്രം ഇത്ര നോക്കാനെന്താണ്  ആ കടലിലുള്ളതെന്ന്   പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാൻ തല തിരിച്ച് ആ കസേരയിലേക്ക് നോക്കി . അതെന്നെ മാടിവിളിക്കുംപോലെ  . ഞാനാ കസേരയിൽ തടവി . അടിമയുടെ മണമുള്ള കസേര . മനസ്സിലൊരാശ്വാസം . ഒരു വ്യക്തത വന്നിരിക്കുന്നു . വിജയവും പരാജയവും ഒരു വഴിക്ക് നടക്കട്ടെ  . കൈയുടെ കാലിന്റെ മനസ്സിന്റെ ചരട് ആർക്കും നൽകില്ല  . ആർക്കും . അവന്റെ മുഖത്ത് ഒരു സമാധാനത്തിന്റെ ചിരി പടർന്നു . അടിമയുടെ മണമുള്ള കസേരയെ അവൻ ഒന്നുകൂടി തഴുകി . അകത്തേക്ക് നടന്നു . ഒന്ന് സുഖമായി ഉറങ്ങാൻ .

ഇരുട്ടിൽ അച്ഛൻ അവനെ നോക്കി പുഞ്ചരിക്കുന്നുണ്ടായിരുന്നു .

No comments: