Thursday, May 2, 2024

ഒരു സന്തോഷത്തിൻ്റെ കഥ

 

ഒരു സന്തോഷത്തിന്റെ കഥ

 

ചെറുകഥ  

സജീവ്കുമാർ ശശിധരൻ  

 

കാലത്തിന്റെ ആ കണ്ടുപിടുത്തം അയാൾക്ക് നന്നേ ഇഷ്ടപ്പെട്ടു . എത്ര നാളായി ഇതുപോലൊന്ന് വാങ്ങണമെന്ന് ആലോചിക്കുന്നു . ആ ആഗ്രഹത്തിന് വർഷങ്ങളുടെ ആയുസ്സായിരിക്കുന്നു  . ഒരു നാൾ പട്ടണത്തിൽ പോയപ്പോഴാണ് ആദ്യമായി കണ്ടത് . അത്ഭുതമായിരുന്നു . ഉൾഗ്രാമത്തിൽ ജീവിക്കുന്ന അയാൾ വിരളമായേ പുറംലോകത്തേക്ക് എത്തിനോക്കാറുള്ളൂ . വിലകേട്ട് വളരെ വിഷമത്തോടെ അയാൾ തിരികെ പോന്നു. ഒരു നാൾ വർഷങ്ങൾ സമ്പാദിച്ച പണവുമായി അയാളത് വാങ്ങി . ഒരു വെളുത്ത ഫ്രിഡ്‌ജ്‌ .  മനോഹരമായ ഒന്ന് . വാങ്ങിയപ്പോൾ തന്നെ അയാൾ അതിനെ ഇറുകെ പുണർന്നു . കടക്കാരും  അയാളുടെ സന്തോഷത്തിൽ ആനന്തിച്ചു . അവർ സൗജന്യമായി ഫ്രിഡ്‌ജ്‌ വീട്ടിലെത്തിച്ചുകൊടുക്കാൻ തീരുമാനിച്ചു .

ഊടുവഴികൾ പിന്നിട്ട് അയാളുടെ വീടെത്തിയപ്പോഴാണ് അവർക്ക് ആ സത്യം മനസ്സിലായത്‌ .

അയാളുടെ വീട്ടിൽ വൈദ്യുതിയില്ല .

തങ്ങളുടെ നല്ല കസ്‌റ്റമറെ അവർ കൈവെടിഞ്ഞില്ല . ഒരു സോളാറുകൂടി അയാൾക്ക് അവർ വെച്ചുനൽകി . എല്ലാ മാസവും ഒരു നിശ്ചിതതുക കടയിൽ കൊണ്ടുപോയി കൊടുക്കണം.

അവസാനം അയാളുടെ സ്വപ്നം സഫലമായി ഫ്രിഡ്ജ് പ്രവർത്തിച്ചുതുടങ്ങി . അയാളുടെ ആഹാരപ്രശ്‌നവും തീർന്നു . ഒരു മാസത്തേക്കുള്ള ആഹാരം അയാൾ ഫ്രിഡ്ജിൽ സൂക്ഷിക്കും . മാസാമാസം അയാൾ കടയിൽ കാശുമായി പോകും . തിരികെ ഒരു മാസത്തെ ഭക്ഷണവുമായി വരും . ഫ്രിഡ്‌ജ്‌ നിറയ്ക്കും സമാധാനത്തോടെ കിടന്നുറങ്ങും .

അത് ആ ഗ്രാമത്തിലെ ഒരു വലിയ പ്രശ്നത്തിന് പരിഹാരമുണ്ടാക്കി .

വിരലിലെണ്ണാവുന്ന കുടുംബങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത് , ഇപ്പൊ കാട്ടിൽനിന്നും പുലി ഇറങ്ങുന്നില്ല . ആരേയും കൊണ്ട് പോകുന്നില്ല . എല്ലാവരും സന്തോഷത്തോടെ ഉറങ്ങാൻ തുടങ്ങി .

എല്ലാവർക്കും സന്തോഷം.

 പക്ഷേ പട്ടണത്തിൽ ഓരോ മാസവും ഒരോ മനുഷ്യരെ കാണാതെ പോയി . ആരും അറിഞ്ഞില്ല , എന്തിനും തിരക്ക്, എന്തിനും പകരമുണ്ട് , പകരക്കാരുമുണ്ട്  .

എപ്പോൾ അയാൾക്ക് വിശന്നിരിക്കേണ്ടിവരുന്നില്ല .  ഭാര്യ ഇപ്പോൾ സന്തോഷവതിയാണ് . അവൾ ഗർഭിണിയാണ് . 

അയാൾ   സന്തോഷവാനാണ് .

ഫ്രിഡ്ജിന്  നന്ദി .

No comments: