Tuesday, May 7, 2024

ഒരുവൾ : ചെറുകഥ

 

ഒരുവൾ

 

ചെറുകഥ  by  സജീവ്കുമാർ ശശിധരൻ

 

ഭൂമി ഇരുളുന്നതും വെളുക്കുന്നതും അവൾ കണ്ടില്ല . അവിടെ ഇപ്പോഴും എപ്പോഴും ഇരുട്ടാണ് . ആദ്യം  കാലിൽ കെട്ടുണ്ടായിരുന്നു . പ്രതിഷേധം നിന്നപ്പോൾ അവർ ആഴിച്ചുമാറ്റി .

ഞാനൊരു ഭ്രാന്തിയാണോ . അവൾക്ക് ഇപ്പോഴും സംശയമാണ് . ഒരുകാര്യം ഉറപ്പാണ് . എല്ലാവരുടേയും കണ്ണുകളിൽ  ഭ്രാന്തിയാണ് .  കാലിലെ ചങ്ങലകൾക്ക് വേദനകലശലായപ്പോൾ  അവൾ  മനസ്സിൽ  പറഞ്ഞു തുടങ്ങി ,എനിക്ക് ഭ്രാന്താണ് . എനിക്ക് ഭ്രാന്താണ് . അവളുടെ ദേഷ്യം , സങ്കടം , സംസാരം എല്ലാം നിലച്ചു . അവർ കാലിലെ ചങ്ങലയഴിച്ചു . പിന്നെയും മാസങ്ങൾ കടന്നുപോയി . ഇരുന്ന ഇരിപ്പിടത്തിൽ നിന്നും അവൾ എഴുന്നേൽക്കാതെയായി. ഒരടി പോലും നടക്കാതെ ഇരുപ്പായി . അവർ അവൾക്ക് വാരിക്കൊടുത്തു . അവളെ കുളിപ്പിച്ചു . നല്ലവസ്ത്രങ്ങൾ ഇടുവിച്ചു . പിന്നെ പുറത്തേക്ക് കൊണ്ടുവന്നു .

അവളുടെ  കണ്ണുകളിൽ  സൂര്യപ്രകാശകിരണങ്ങൾ പതിച്ചു. പിന്നെ  ജീവിതം ഒരു പാട് പേരുടെ കൂടെയായി. രമണി , അമ്മിണി , ഭാർഗ്ഗവി , സീനത്ത് , മറിയമ്മ അങ്ങനെ നീണ്ടുപോകുന്നൂ പേരുകൾ .

ഓരോ പേരുകൾക്കും ഓരോ കഥകൾ , ആ കഥകൾക്കും നൂറ് നൂറ് ഉപകഥകൾ .

ആരതി എന്നുപേരിട്ട് ആരുമറിയാതെ  ഞാൻ എഴുതിയ ആ ഫെസ്ബുക്ക്  പേജ്  ഇപ്പോഴും ഉണ്ടാകുമോ ? ആകെ അതാണ് ഇനിയുള്ള അടയാളം . 

ബന്ധുക്കൾ കാണാൻ വന്ന് തുടങ്ങിയിരിക്കുന്നു .

അമ്മ വന്ന് നെറുകയിൽ തലോടി , അറപ്പ് തോന്നി ; മറക്കാതെ മറന്നുപോയെന്ന്  കാര്യങ്ങളെ നടിക്കുന്ന മുഖങ്ങൾ , വെറുത്തുപോയി . അവൻ എനിക്ക് സുഹൃത്താണെന്ന് നൂറ് വെട്ടം അമ്മയെന്ന സ്ത്രീയോട് പറഞ്ഞതാണ് . അവർ കൂടി ചേർന്ന് കൊന്നുകളഞ്ഞു . അവന്റെ പെണ്ണിനോട് ഞാനെന്തുപറയും . . അവന്റെ അമ്മയോട് ഞാനെന്തുപറയും . ആണിനും പെണ്ണിനും സൗഹൃദം പാടില്ലാന്നുണ്ടോ .

കുറേ  പഴയ നരകൾ ചത്തുതീരണം ,പുതിയതും .

വീട് ഭരിച്ചും , നാട് ഭരിച്ചും കട്ടുമുടിച്ചും അസഹിഷ്ണതയോടെ  ജീവിക്കുന്ന കുറെ പഴയ നരകൾ . അവർക്ക് പിൻഗാമികളേപ്പോലെ  പുതിയ കുറേ റാൻ മൂളികൾ .

അവളുടെ സുന്ദരമായ ചുണ്ടുകൾക്കകത്ത്‌ പല്ലുകൾ ഉറുമി, ഉള്ളിൽ ഒരു കത്തി തേഞ്ഞുമിനുങ്ങികൊണ്ടിരുന്നു .

സ്വതന്ത്രതയുടെ വാതിൽ തുറക്കാൻ ഇനി കുറച്ചുനാൾ കൂടി . വളരെ കുറച്ചുനാൾ .

അവൾ കാത്തിരിക്കുന്നു .

No comments: