Friday, May 3, 2024

പ്രതികരണം : ചെറുകഥ

 

 

പ്രതികരണം

  ചെറുകഥ 

 സജീവ്കുമാർ ശശിധരൻ 

 

 

നദി ഒഴുകുന്നു .

അവൻ രാവിലെ , അതിരാവിലെ അവിടെ പാറയുടെ മുകളിൽ കയറിയിരുപ്പായി  . അമ്മിണി വരും അവൾ അതിരാവിലെ ഈ തണുത്ത വെള്ളത്തിലേ കുളിക്കൂ . അവളുടെ നീരാട്ട് കാണുവാൻ തന്നെ ഒരു ഭംഗിയാണ് . അവൾ വന്നു നേരെ നദിയുടെ മാറിലേക്ക് ഇറങ്ങിപ്പോയി . മുങ്ങി നിവർന്ന അവളെ അവൻ ആരാധനയോടെ നോക്കി, അമ്മിണി ; അവൻ അവൾക്കിട്ട പേരാണ് . അവന്റെ അമ്മയുടെ പേരും അമ്മിണിയെന്നായിരുന്നു . മരിച്ചുപോയി. ഇപ്പൊ അച്ഛനും രണ്ടാനമ്മക്കും അവരുടെ മകൾക്കുമൊപ്പമാണ് അവന്റെ  താമസം . കാടിനോട് ചേർന്നാണവർ താമസിച്ചിരുന്നത് .

അമ്മിണി അവനെകണ്ടു . അവരുടെ കണ്ണുകളിടഞ്ഞു .

അതാ വരുന്നു , കേശവൻ .

അമ്മിണി ഭയന്നു . അവൾ കുളിനിർത്തി മറുകരയിലേക്ക് ഓടികയറി . അവന്റെ തറയിൽ മുട്ടുന്ന വെള്ളകൊമ്പിൽ ആരുടേയോ ചോര പുരണ്ടിരുന്നു . കൊല്ലുന്നത് അവന് ഹരമാണ് . കേശവൻ അവളെ തന്നെ നോക്കി .

അമ്മിണി ഭയന്നുവിറച്ചു . അവൾ ഭയന്ന് കാട്ടിലേക്ക് ഓടിപ്പോകുന്നത് കേശവൻ പുച്ഛത്തോടെ നോക്കി നിന്നു .

പിന്നിൽ അവൻ.

അവൻ പാറയിൽ നിന്നും എഴുന്നേറ്റു . അവനെ കേശവൻ കണ്ടില്ല .

അവൻ വിളിച്ചു . " കേശവാ "

ശബ്ദത്തെ പിൻതുടർന്ന്‌ കേശവൻ തിരിഞ്ഞുനോക്കി .

ഒരു വലിയ ശബ്ദം . അവന്റെ മസ്തകം പൊളിച്ചുകൊണ്ട് ഒരു വെടിയുണ്ട പാഞ്ഞുപോയി . പിന്നെയും പിന്നെയും വെടിയുണ്ടകൾ  പാഞ്ഞു.

കേശവൻ നദിയിലേക്ക് വീണു. നദി  ചുവന്നു .    

അവന്റെ കലി തീർന്നിരുന്നില്ല . അവൻ നദിയിലേക്കുചാടി , കൈയ്യിലെ മൂർച്ചയേറിയ കഠാര  കേശവന്റെ  കണ്ണിലേക്ക് കുത്തിയിറക്കി . പലതവണ .

നദിയിൽ നിന്നും കയറുമ്പോൾ അവൻ ചോരയിൽ കുളിച്ചിരുന്നു . അവൻ മുഖത്തെ ചോര രണ്ട് കൈകൊണ്ടും തുടച്ചുകളഞ്ഞു . ആ  മുഖം അപ്പോൾ  ശാന്തമായിരുന്നു . ഉള്ളിലെ പകയുടെ വിഷമിറങ്ങിയിരിക്കുന്നു . കണ്ണുനീരിന്റെ ഉപ്പ് അവന്റെ ചുണ്ടുകളെ നനയിച്ചു . ഉള്ളിൽ  അമ്മയുടെ മുഖമായിരുന്നു. 

No comments: