Sunday, May 5, 2024

ക്ലാര : ചെറുകഥ ( with audio )

 

 ക്ലാര

ചെറുകഥ 

  സജീവ്കുമാർ ശശിധരൻ

 

കണ്ണുകൾ ഇറുക്കിയടച്ചു .  ആ ശബ്ദം കാതിൽ മുഴങ്ങി . കാതുകൾ രണ്ടുകൈകളാൽ പൊത്തിപ്പിടിച്ചു .  കേൾക്കേണ്ടല്ലോ ? . കുറേ സമയം , കുറേ അധികസമയം അങ്ങനെ ഇരുന്നു . പന്തയം വച്ചു കയറിയതാണ് .  വേണ്ടായിരുന്നു . അവളുടെ നെഞ്ച് പട പാടാ ഇടിച്ചുകൊണ്ടിരുന്നു . വീടിന് പുറകിൽ ഇത്തിരി ദൂരെയായിട്ട് കുറച്ചുകല്ലറകളുണ്ട് . പഴയത് . പുരാവസ്‌തുക്കാരുടെ പക്കലുള്ള സ്‌ഥലം . സഹോദരിമാരോട് പന്തയം വെച്ച് അവിടെ കയറുമ്പോൾ ആദ്യം  അത്ര പേടിയില്ലായിരുന്നു .

അവിടെ ഇരുപതോളം കൂടീരങ്ങൾക്ക് നടുവിൽ  ചില്ലുകൊണ്ട് നിർമ്മിതമായ ഒരു മുറിയുണ്ട് . അതിൽ രാത്രി പതിനൊന്ന് മണിമുതൽ രാവിലെ അഞ്ചുമണിവരെ ഇരിക്കാമെന്നായിരുന്നു പന്തയം . വീണ്ടും  ആ ശബ്‌ദം  . അടച്ചുവെച്ച കൈകളെ തുരന്നുകൊണ്ട് അത് ചെവിയിലെത്തി . എവിടെയോ കേട്ടപോലെ . അവളുടെ പേടിക്ക് ഇത്തിരി കുറവുണ്ടായി . അച്ഛനല്ലേ അത് അതേ , അച്ഛൻ , ആ പൊളിഞ്ഞ ഗിറ്റാർ  ,അത് തന്നെ  . ഇങ്ങനെയുള്ള ശബ്ദം ഗിറ്റാറിൽ നിന്നും വരുന്നത് എനിക്ക് പലപ്പോഴും അത്ഭുതമായിരുന്നു . എന്തൊരുഭീകരം . ഈ പാതിരാത്രിയിൽ ഈ മനുഷ്യന് ഇവിടെന്താ , വീട്ടിലിരുന്ന് വായിക്കാൻ പറ്റാത്ത വിഷമം തീർക്കാൻ വന്നതാവും , അവൾക്ക് ചിരിവന്നു . അമ്മ ഇല്ലാത്തതിന്റെ ഒരു കുറവും അറിയിക്കാതെയാണ് അച്ഛൻ നാല് പെൺകുട്ടികളെ വളർത്തുന്നത് . അവൾ ആ മനുഷ്യനെ സന്തോഷത്തോടെ നോക്കിയിരുന്നു .

അപ്പോൾ ഇരുട്ടിൽ നിന്നും ഒരു വെളിച്ചം . അത് അടുത്തടുത്ത്  വന്നും . അച്ഛന്റെ അടുത്ത് വന്നു നിന്ന് . ക്ലാര ചേച്ചി , അടുത്ത വീട്ടിലെ , അവർ കല്യാണം കഴിക്കാതെ ഒറ്റയ്ക്ക്  താമസിക്കുന്ന സ്ത്രീയാണ് . രണ്ട് പേരും പരസ്പരം നോക്കി .

" ഇതൊന്ന് വൃത്തിക്ക് വായിച്ചൂടായോ ?"  അവർ അച്ഛനോട് ചോദിച്ചു .

അവർ കൂട്ടുകാരായിരുന്നെന്ന് കേട്ടിട്ടുണ്ട് . അവർ അച്ഛനോട് സംസാരിക്കുന്ന അധികാരം അവർക്കിടയിലെ സൗഹൃദം വിളിച്ചോദി. ക്ലാര ചേച്ചിയുടെ കയ്യിൽ ഒരു പാത്രമുണ്ടായിരുന്നു . അവരത്‌ തുറന്നു വെച്ചു . അവിടമാകെ നല്ല മുളകിട്ടമീൻകറിയുടെ മണം പടർന്നു . അച്ഛൻ രണ്ട് ബീയർ കുപ്പികൾ എടുത്ത് വെച്ചു . പിന്നെ ഒരു കേക്കും .

ക്ലാര ചേച്ചി കേക്ക് മുറിച്ചു . അച്ഛൻ അവർക്ക് , പിറന്നാൾ ആശംസകൾ നേർന്നു . പിന്നെ വർണ്ണക്കടലാസിൽ പൊതിഞ്ഞ സമ്മാനം കൊടുത്തു .    

 ആ കേക്ക്  മുറിച്ച് ,ബീയർ കുടിച്ച് ,കപ്പയും മീൻകറിയും കഴിച്ച്  അവർ  പഴയ കാര്യങ്ങൾ പരസ്പരം പറഞ്ഞു സന്തോഷിച്ചുകൊണ്ടിരുന്നു .

 അത് പുലരും വരെ തുടർന്നു .

അവസാനം  പരസ്പരം കൈകൾ വീശി അവർ പിരിഞ്ഞു . അപ്പോഴും രണ്ട് പേരും തിരിഞ്ഞുതിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു .

ആദ്യമായിട്ടാണ്  അച്ഛനെ ഞാൻ ഇത്ര സന്തോഷത്തോടെ കാണുന്നത് .  

 വീട്ടിലെത്തിയിട്ടും ആ രംഗങ്ങൾ അവൾക്ക്  മറക്കാൻ കഴിഞ്ഞില്ല . ചെല്ലുമ്പോൾ അച്ഛൻ  കട്ടിലിൽ കിടപ്പുണ്ട് .  അവൾ അടുത്ത് കിടന്ന് അയാളെ കെട്ടിപ്പിടിച്ചു . അയാൾ കണ്ണുതുറന്ന് അവളെ നോക്കി .  മകൾക്ക് നെറ്റിയിൽ അയാളൊരുമുത്തം നൽകി . പിന്നെ ഉറക്കത്തിലേക്ക്  വഴുതി .

 അവളുറപ്പിച്ചു രണ്ട്ദിവസം കഴിഞ്ഞാൽ അച്ഛന് പിറന്നാളാണ് . അന്ന് ഒരു സമ്മാനം കൊടുക്കണം . ഇനി അച്ഛന് ജീവിതത്തിൽ വേണ്ട ഏറ്റവും വലിയ സമ്മാനം .  എന്റെ പേരുള്ള അവരെ . ക്ലാര

No comments: