Tuesday, November 18, 2025

അറിയാതെ : കവിത

അറിയാതെ (കവിത )


നീ തന്നതൊന്നും 

അറിഞ്ഞില്ല ഞാൻ .

അതുനിലയ്‌ക്കുംവരെ 

കണ്ടില്ല ഞാൻ .


കടലും കവിഞ്ഞ നിൻ 

പ്രണയം നിറഞ്ഞൊരാ 

കണ്ണിൻ  മൊഴികളോ  

കണ്ടില്ല  ഞാൻ .


കരളിന് മുന്നിൽ നീ .

കാത്തില്ല ഞാൻ .

അനുവാദമില്ലാതെ 

വന്നില്ല നീ .


അറിയാതെ പോയൊരെൻ 

പറയാതെ പോയനിൻ 

അനുരാഗ നദിയോ 

ഒഴുകിനീങ്ങി .


 സജീവ്കുമാർ ശശിധരൻ 

Tuesday, August 26, 2025

മൗനം : കവിത

 മൗനം 


ഒരുവാക്കിലെല്ലാം 

ഒളിപ്പിച്ചുവെച്ചൊരെൻ 

ചെറുചിരി നിന്നെ തലോടും 


അതിലെന്തറിഞ്ഞുനീ 

എന്നറിയാത്തൊരാ 

കാമുകൻ  കരളിൽ  പിടയ്ക്കും .


കുറുകുമെൻ കരളിലെ 

പ്രാവിൻ്റെ പരിഭവം .

ഞാനത് ചൊല്ലില്ല മേലും .


അറിയാതെ അതുവന്ന് 

മൗനം വെടിയുകിൽ 

അവളിലെൻ മൗനം നിറഞ്ഞാലോ .



സജീവ്കുമാർ ശശിധരൻ 


Friday, April 11, 2025

നാണുവും മീനും : കവിത

 നാണുവും  മീനും 

(കവിത : സജീവ്കുമാർ ശശിധരൻ )


നടവരമ്പോരത്തിരുന്നു നാണു .

ചെറുചൂണ്ട ഇരകുത്തി 

മടയിൽ മുക്കി .


ഒരു കൊക്കുപോലെ 

കാത്തിരുന്നു 

ഇര കൊത്തി , മീനതും  

കൊണ്ട് പോയി 


ഒരു മാസമായത് 

ചീർത്ത കാണും 

ഇരയൊക്കെ തിന്നത് 

വീർത്തുകാണും .


കലികയറി , 

നാളെയും  എത്തുമെടാ ...

മടനോക്കി നാണു 

പറഞ്ഞകന്നു .

Wednesday, March 26, 2025

എൻ്റെ ഏകന്തത :കവിത

 എൻ്റെ ഏകന്തത 

(സജീവ്കുമാർ ശശിധരൻ )


ഏകനായ് നിന്നെൻ്റെ 

കദനം പറഞ്ഞുഞാൻ 

ചിരികേട്ട് പുറകിൽ 

തിരിഞ്ഞു നോക്കി .


കദനങ്ങൾ കേട്ടു 

ഉറക്കെ ചിരിക്കുന്ന 

കരിനിറ നിഴലാണ് 

അതെൻ്റെയാണ് .


ഏറെച്ചിരിച്ചാൽ 

വെള്ളയൊഴിച്ചിടും 

ഭീഷണിയോട്ടു 

മുഴക്കി ഞാനും 


ഞാനില്ലയെങ്കിലോ 

നീയില്ല എന്നോതി 

വീണ്ടും ചിരിച്ചു 

ഞാൻ കരഞ്ഞു .

Friday, March 21, 2025

ഒരു നിമിഷം : കവിത

 ഒരു നിമിഷം 

(കവിത : സജീവ്കുമാർ ശശിധരൻ )


എഴുതുന്ന കവിതകൾ 

പകരുന്ന നിറമതിൽ 

നുകരാനിരിക്കുന്ന 

ശലഭങ്ങളെ .


കാത്തിരിക്കൂ നിങ്ങൾ 

ഓർത്തിരിക്കൂ എന്നേ 

നിറമുള്ളപൂക്കൾ 

ഞാനിനിയും തരാം .


കഴിഞ്ഞതുമല്ല 

ഞാനെഴുതാത്തതല്ല

എൻ വഴികളിലൊക്കെ 

മുള്ളുവീണു .


തൂത്തുകളഞ്ഞു

ഞാനെത്തുന്ന നേരത്ത് 

ഓർക്കാതെ പോകുമോ 

എൻ്റെ പാര് 

Friday, October 25, 2024

ചായ ( കവിത)

 ചായ 

(കവിത : സജീവ്കുമാർ ശശിധരൻ )



നാട് തിളച്ചു 

തുളുമ്പിതെറിക്കുന്നു 

നിറമുള്ള കോപ്പയിലെ 

ചായപോലെ .


ആറിതണുത്താലും 

കൊള്ളുകില്ല .

ഏറെ തിളച്ചാലും 

കൊള്ളുകില്ല .


പലരുചി ചായയെ

മോന്തികുടിച്ചിട്ട് 

അവരുപറഞ്ഞു 

രുചി ഒന്നുതന്നെ .  


രുചി ചത്ത നാവിനെ 

ഞാനെന്ത് ചൊല്ലുവാൻ 

ചില തിള തുള്ളികൾ

ചെന്ന് വീണതാവാം . 



Monday, October 7, 2024

ദിനം : ചെറുകഥ

 ദിനം 

(ചെറുകഥ )


ഒരു വെളുത്ത് വരയിട്ട പേപ്പർ മുന്നിൽ  കൈയ്യിൽ കറുത്ത മഷിയിൽ ഹീറോ പെൻ . ചുറ്റും പത്തോളം പെൺകുട്ടികൾ  എല്ലാവരും ഓർമ്മകളിൽ പരതുന്നു . കഥ എഴുത്ത് മത്സരം . പേര് കൊടുക്കുമ്പോൾ  അറിഞ്ഞിരുന്നില്ല . ആണായി ഞാൻ മാത്രമായിരിക്കുമെന്ന് . മത്സരത്തിന് കയറുമ്പോൾ ആൺകുട്ടികളിൽ പലരും പറഞ്ഞു . " ഡാ , നീ എന്ത് എഴുതിയാലും കാര്യമില്ല . പെണ്ണെഴുത്തിലാ കാര്യം , മറിയാമ്മ ടീച്ചർ വെട്ടി വെയിലത്ത് വെയ്ക്കും " 

മറിയാമ്മ ; ആൺകുട്ടികളുടെ പേടിസ്വപ്നം . വേണ്ടായിരുന്നു , ഞാൻ എന്ത് എഴുതിയാലും അവർ വെട്ടും  . വരകൾ നിറഞ്ഞ  പേപ്പർ എന്നെ നോക്കി കളിയാക്കി . 'ദിനം 'എന്ന വിഷയം മറിയാമ്മ ടീച്ചർ ബോർഡിൽ എഴുതിയിട്ടു . " മുപ്പത് മിനിറ്റ് സമയം "  ടീച്ചർ  പറഞ്ഞു . പിന്നെ എൻ്റെ അടുത്തേയ്ക്ക് വന്നു , ചിരിച്ചു . " ആ  നീയുമുണ്ടോ ? " , ഞാനും ഒരു ചിരിവരുത്തി . ചുറ്റുമുള്ള തരുണീമണികളെ ഒളികണ്ണിട്ട് നോക്കി . എല്ലാരിലും ഒരു പുച്ഛഭാവം .  ഞാൻ എൻ്റെ ചിന്തയിൽ തിരഞ്ഞു . ഒന്നുമില്ല . രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ അച്ഛൻ പറഞ്ഞ കാര്യം ഓർമ്മവന്നു . " വിഷയം ചുറ്റിലുമുണ്ട് . ഒന്നും കിട്ടിയില്ലേ നിനക്ക് ഇന്ന് നടന്ന കാര്യങ്ങൾ ഏഴുതിവെയ്ക്ക് , ഒന്നും എഴുതാതിരിക്കരുത് ." ഇതാണ് എൻ്റെ ദിനം , നിങ്ങൾ വായിക്കുന്ന ഈവരികൾ . ഈ നിമിഷം . ഇനി ഞാൻ എൻ്റെ പേര്കൂടി എഴുതി ചേർക്കുമ്പോൾ ഈ ചെറുകഥ പൂർത്തിയാകും . വെട്ടിയെറിഞ്ഞാലും ഇല്ലെങ്കിലും .


സജീവ്കുമാർ ശശിധരൻ 

Sunday, September 29, 2024

ജലകന്യക : കവിത

 ജലകന്യക 

കവിത : സജീവ്കുമാർ ശശിധരൻ 



കടലവൾ 

മുടിയാഴിച്ചടുന്ന നേരമാ 

കരിമണൽ 

കൂടിയൊരു ശിൽപ്പമായി .


ഈടയിലായെപ്പഴോ 

ഒരു മുത്ത് വന്നൊരാ 

പ്രതിമയെ തോട്ടതിൽ 

ജീവനായി .


ഞാൻ നോക്കി നിൽക്കവേ 

ആ പെൺ പ്രതിമയെ 

ഒരു തിര വന്നങ്ങ് 

കൊണ്ടുപോയി .


ദൂരേയ്ക്ക് നീന്തി 

അകലുന്ന പെണ്ണെന്നെ 

കണ്ടവൾ മാടി 

വിളിച്ചു പിന്നെ .


നീന്തുവാനറിയാതെ  

ചാടുന്ന ഞാനുമാ  

ആഴത്തിലെവിടെയോ 

താണുപോയി .


കണ്ണ് തുറന്നു ഞാൻ 

നോക്കുന്ന നേരത്ത് 

മുത്തുകൾ ചിപ്പികൾ 

പവിഴമല .


വട്ടം വലംവെച്ച 

പെണ്ണിനെ കണ്ടുഞാൻ 

കാലുകളില്ലാത്ത 

ജലകന്യക .



Thursday, September 5, 2024

ആത്മഹത്യ : കവിത

 ആത്മഹത്യ 

കവിത :സജീവ്കുമാർ ശശിധരൻ 


നേരുള്ള നുണയൊന്നു 

ചൊല്ലി ഞാനവളോട് .

അവളുടെ ചിരിയിൽ 

കണ്ടെൻ്റെ  ആനന്ദം .


തള്ളുവാനിനിയില്ല 

കൈകൾക്ക് ബലമില്ല 

ഒരുതുള്ളി വിഷമുണ്ട് 

അത് ഞാൻ പകുക്കില്ല 


ദിനമെന്നെ വരിയുന്ന 

വിഷമുള്ള കരിസർപ്പം 

നൊടി,പോലുമോടാതെ 

നോക്കിച്ചിരിക്കുന്നു .


കടലുപോലിളകുന്നു 

ചിന്തതൻ  കാഠിന്യം .

മുഷ്‌ടിയിൽ ചിരിക്കുന്നു  

വിഷമെന്ന ആ തുള്ളി .


ഇരുളാണ് ചുറ്റുമെൻ 

നെഞ്ചിലുമിരുളാണ്. 

നേരുള്ള നുണയിലോ  

ഉറങ്ങുന്നു  സുന്ദരി .


ചുണ്ടിലാ ചിരിയുണ്ട് 

എന്നിലെ   ആനന്ദം .

ആ  നൊടി ആ തുള്ളി 

ദൂരേക്കെറിഞ്ഞു ഞാൻ 


അറിയാതെ അവളോട്‌ 

ചേർന്ന് കിടന്നു ഞാൻ 

അവളുടെ ആ ചിരി 

എന്നിൽ പടർന്നുവോ 


ദിനമുണ്ട് ,ഈ ചിരി 

മായാതെ നോക്കണം 

കരി സർപ്പം വരിയട്ടെ  

ചരിക്കണം ചിരിയോടെ .

Sunday, August 25, 2024

എൻ്റെ പക:കവിത

 എൻ്റെ പക 

(കവിത : സജീവ്കുമാർ ശശിധരൻ )

 

കൈബലമല്ലയെൻ 

കടലാസ് പകചൊല്ലും .


ഒരു വരി നൂറാണ് 

ആ നൂറിൽ ഞാനുണ്ട് .


തിളകോരി വെച്ചപോൽ 

പൊഴിയുന്ന വാക്കുണ്ട് .


അതിലോരോ വാക്കിലും 

പകയുണ്ട് ,പൊരുളുണ്ട് .


വരുണുണ്ട് മാരിപോൽ 

മറക്കണ്ട പങ്കാളി .

Tuesday, August 20, 2024

യക്ഷിയും ഞാനും : കവിത

 യക്ഷിയും ഞാനും 

(കവിത : സജീവ്കുമാർ ശശിധരൻ )



ഒരിക്കൽ ,ഒരുനാൾ 

ഒരു പാതിരാവിൽ .

ഓമനയാളെത്തി 

ഓരോല തന്നു .


പ്രണയമൂറി 

പടരുന്ന പോൽ  

പകിടകളിപോലൊരു 

മധുരലേഖനം 


നിണ മിറ്റ്‌ വീഴുന്ന 

ലിപികളിൽ 

കണ്ടെൻ്റെ ഗളമതിൽ 

ആഴുന്ന ദ്രമ്ഷ്ഠകളും 


നേരം വെളുക്കുവാൻ 

കാക്കാതെയന്നുഞാൻ 

പാഞ്ഞും പറന്നും  

നഗരമെത്തി .


നിലകളിലൊന്നിൽ 

നീളുന്ന ജീവിതം

ഇടതടമില്ലെയെൻ 

നിണമിറ്റുപോയ്‌ .


നടന്നുമിഴഞ്ഞും

വീടെത്തിയെന്നുടെ 

ജനവാതിൽ തള്ളി 

തുറന്നിട്ടു ഞാൻ .


പട്ടിട്ട് ചാന്തിട്ട് 

കരിവളയിട്ടവൾ 

കാറ്റായ് വരുന്നതും 

നോക്കിനിന്നു .


എൻ്റെ ഭയമെന്ന 

ചിന്തയും ഞാൻ മറന്നു.

എൻ്റെ ഹൃദയം തുറന്ന് 

ഞാൻ കാത്തിരുന്നു .

Tuesday, August 13, 2024

പ്രജയുടെ സ്വതന്ത്രത : കവിത

 

പ്രജയുടെ സ്വതന്ത്രത

കവിത : സജീവ്കുമാർ ശശിധരൻ 

 

ഉണ്ടെന്നുചൊല്ലി 

ഞാൻ കേട്ടിരുന്നു .

നെഞ്ചിലൊരായിരം 

പൂവിടർന്നു .


വെള്ള നിറമുള്ള 

പൂക്കളെ ഞാൻ  

തോളോട് ചേർത്തു 

പറന്നു പൊങ്ങാൻ .


ഞാനുമെൻകൂട്ടരും 

ഓടിയോടി 

ചെന്നൊരു മാമല    

ഉച്ചത്തിലായ് 


താഴേക്ക്  പാറി

പറന്നുപൊങ്ങാൻ 

താഴേക്ക് ചാടി 

ചിറകടിച്ചു .


ഏറെ പറന്നില്ല

ചിറക് ചോർന്നു .

പാറിപ്പറന്നവർ 

ചിതറിവീണു 


വാടിക്കരിഞ്ഞൊരെൻ 

ചിറകുമെൻ്റെ 

വാടയും ചേർത്ത് 

പറന്നകന്നു .


 വായുവിൽ കാലു 

ചവിട്ടിഞാനും 

വീഴാതെ ചുറ്റും 

പതറി നോക്കി 


ഉണ്ടത് കോടികൾ 

ഉണ്ടുകൂടെ 

ഗന്ധം മറഞ്ഞൊരാ 

മൂഢ ജനം .

Sunday, August 11, 2024

കുട്ടികവിതകൾ

  കുട്ടികവിതകൾ 


1. വോട്ടുകൾ 

കവിത : സജീവ്കുമാർ ശശിധരൻ 


അവനാണ് നല്ലവൻ 

ഇവനാണ് നല്ലവൻ 

വിരലിലെ പൊട്ടിൽ 

കറുത്ത ലോകം  


2.ആഴം 

കവിത : സജീവ്കുമാർ ശശിധരൻ 


ഒരുകുടംവെള്ളത്തിനാഴം പറഞ്ഞവർ , 

കടലിന്റെ  ആഴം മറന്നു പോയി.

അളവില്ലയെന്നവർ ഊറിച്ചിരിച്ചിട്ട് 

കൈയ്യിട്ട്‌ കാലിട്ട് താഴ്ന്നുപോയി 


3.ആ നിമിഷം 

കവിത : സജീവ്കുമാർ ശശിധരൻ 


ആ നിമിഷം ഞാൻ 

അറിഞ്ഞൂ   പ്രീയേ

നിൻ്റെയേറുന്ന നോവിലെൻ   

ജന്മത്തിൻ ആകുലത .

 

Friday, August 9, 2024

പ്രണയമാനസം : കവിത

 

പ്രണയമാനസം 

കവിത : സജീവ്കുമാർ ശശിധരൻ 


നിറയാതിരിക്കുന്ന 

ഹൃദയത്തിലാത്തുള്ളി 

നിണമായിരുന്നു നീ 

കൂട്ടുകാരി . 


കരിനീല മിഴിയാൽ 

കവർന്നുനീയെന്നെ നിൻ 

കരളിൻ്റെയുള്ളിൽ 

അടച്ചു പെണ്ണേ . 


താഴിട്ടുപൂട്ടിയാ   

വാതിലിൻ  ചാവിനീ 

വാകമരത്തിൽ  

എറിഞ്ഞുടച്ചു . 


തീ പൂക്കളുതിരുന്ന 

വാകമരച്ചോട്ടിൽ

ആയിരം ചാവി 

അതിലൊന്നു  ഞാനോ 


പ്രണയത്തിലെന്ത് 

ഞാൻ പറയേണ്ടു 

പരിഭവമില്ല

നീയെൻ പ്രണയമാണ് . 

Thursday, August 8, 2024

ഒരു വിളി : കവിത

 ഒരു വിളി : 


കവിത : സജീവ് കുമാർ ശശിധരൻ 


കവിതയായ് മൂളി നിന്നെ 

കൂടെ ഞാൻ കൊണ്ട് പോകാം .

കരിവള വാങ്ങിത്തരാം , പെണ്ണേ 

കടലും കടന്നു പോകാം .


പ്രണയമറിയാത്തവർ 

പ്രാകൃതചേഷ്ടയോടെ 

പലതും പറഞ്ഞിടുമ്പോൾ, പെണ്ണേ 

പതറണ്ട ഞാനുണ്ടടോ .


നീണ്ടു നിവർന്ന് ലോകം 

നിൻ്റെ  മുൾമുനപോലുള്ള ദേശം 

താമസ്സമെന്തു പെണ്ണേ 

നമ്രത വേണ്ട പോരൂ .

Monday, July 29, 2024

എന്ത് നേടി : കവിത

 എന്ത് നേടി ?

(കവിത : സജീവ്കുമാർ ശശിധരൻ ) 


ആ കൊമ്പ് ഞാൻ മുറിച്ചു 

അന്തിയിൽ ആയിരം 

കൊക്കുകളുരുമുന്നരാ 

മരം ഞാൻ മുറിച്ചു .


ആ മല ഞാനിടിച്ചൂ 

ആയിരമായിരം 

ജീവനുകളൂറുന്ന 

മാമല ഞാൻ പൊടിച്ചു .


നാടൊട്ടു ഞാൻ നിറച്ചു 

തരിനീര് പോലും 

താഴാത്ത മണ്ണിലായ് 

വിഷവിത്ത് ഞാൻ വിതച്ചു. 


വരികെട്ടി ഞാൻ തിരിച്ചു .

മതമെന്ന വാളിനാൽ 

ആളെ വരഞ്ഞിട്ട് 

മുളകിൻ്റെ  അര നിറച്ചു . 


പോർ കണ്ട് ഞാൻ ചിരിച്ചു 

ആയിരമാണ്ടുകൾ 

ആസ്വദിപ്പാനായി 

ഖജനാവ് ഞാൻ നിറച്ചു . 


പല വല ഞാൻ വിരിച്ചു 

പുൽക്കൊടി തുമ്പിലെ 

തുള്ളിവെള്ളത്തിനും 

കരമിട്ട് ഞാൻ  ചിരിച്ചു .


നാളുകളോ ചരിച്ചു 

ചിരിവന്നു ചിരിവന്ന് 

ഏറെ ചിരിച്ചൊരെൻ 

നെഞ്ചിൻ്റെ ഇടിനിലച്ചു .  


ആളുകളും ചിരിച്ചു 

ആയിരമാണ്ടുകൾ 

ആശിച്ച രാജനെ

ഓടയിലേക്കെറിഞ്ഞു .

Wednesday, July 24, 2024

ഒരു മുറി : കവിത

 ഒരു മുറി 

( കവിത : സജീവ്കുമാർ ശശിധരൻ )



എവിടെയിരുന്നാ 

മനം ചിരിപ്പൂ .

കനമൊട്ടു കൂടി 

കരഞ്ഞിരിപ്പൂ .


കടലാസിലെഴുതി 

കളയുന്നുഞാൻ 

ചിരികളും കണ്ണുനീർ 

കഥനങ്ങളും .


ചിലർ അതെല്ലാം 

ഒതുക്കി വെക്കും 

അറിയാതെ അവിടെ 

അടഞ്ഞുപോകും 


മനസ്സൊരു മാന്ത്രിക 

മുറിയല്ലയോ 

അറിയണം താഴും 

നീയല്ലയോ .


ചുമടുകൾ കൂടി 

എടുത്തുവെച്ചാൽ 

അടയുന്ന വാതിൽ 

തുറക്കുകില്ല .


തരി തരിയായി 

പുറത്തെറിയൂ 

ചുമടുകൾ പോട്ടെ 

മനം തളിർക്കും .


നീ തന്നെ നിൻ താങ്ങും  

അറിയണം നീ 

ആ മുറി വാതിൽ 

കാക്കണം നീ .

Thursday, July 18, 2024

നഗരവും അവരും : ചെറുകഥ

 നഗരവും അവരും 

ചെറുകഥ : സജീവ്കുമാർ ശശിധരൻ 


ആളുകൾ ഒഴുകിഎത്തി . നഗരം തല ഉയർത്തിപ്പിടിച്ച് നിന്നു . ആ നഗരം തന്നെ ഒരു രാജ്യമായിരുന്നു . അതിന്റെ തിളക്കത്തിൽ  ആളുകൾ അങ്ങോട്ട് ഒഴുകി വന്നു . വളരെ താഴ്ന്ന സ്വദേശികളുടെ എണ്ണവും അവരുടെ അജ്ഞതയും വിദേശികളെ അങ്ങോട്ട് വരുത്തുവാൻ ആ നഗരം തീരുമാനിച്ചു . അനേകം ആതമാവുകൾ അങ്ങോട്ട് ചേക്കേറി . അവർ ആ ആയിരങ്ങൾ തണലുകളായിരുന്നു , ലക്ഷങ്ങളുടെ  തണലുകൾ . നാളുകൾ കൊഴിഞ്ഞു . നഗരത്തിന് തലക്കനം വന്നുതുടങ്ങി . അവർ നിയമങ്ങളുണ്ടാക്കി . അവർ വരുമാനമുണ്ടാക്കി . അവർ വന്നവരെ പണിയെടുപ്പിച്ചു . അവർ വന്നവരിൽ നിന്നും പഠിച്ചു . ഒടുവിൽ അവർ  വന്നവരെ പഠിപ്പിക്കാനും  തുടങ്ങി . വന്നവരുടെ സമ്പാദ്യം ആ നഗരം അവരറിയാതെ തിന്നുകൊണ്ടിരുന്നു .

ഒരിക്കൽ നഗരത്തിന് തോന്നി , ഇനി ഈ ആളുകളെന്തിന് എല്ലാവരും പോകട്ടെ , വെറുതെ പറഞ്ഞാൽ പോകില്ല . അവർ മടുത്ത് പോക്കണം . ഇനി നല്ല നിലയിലുള്ള വരുമാനമുള്ള ആളുകൾ മതി . ഇത് ഞങ്ങൾ  സ്വദേശികളുടെ നഗരമാണ് . ഞങ്ങളുടെ നഗരം ഞങ്ങൾക്ക് .  അവർ  പറഞ്ഞുതുടങ്ങി . അവർ ജോലികൾ കൈയ്യേറിത്തുടങ്ങി . അവശ്യ സാധനവിലകൾ കൂട്ടി , താമസം ചിലവേറി , മരുന്നും വെള്ളവുമൊക്കെ വിലകൂട്ടി . ശമ്പളത്തിലെ അക്കങ്ങൾ വെട്ടിക്കുറക്കപ്പെട്ടു . എന്നിട്ടും ആൾക്കാർ പിടിച്ചു നിന്നു .  നഗരം പണിസ്ഥലങ്ങളിൽ അവരുടെ ആളുകളെ തിരുകി കയറ്റി.  പതിയെ വന്നവർ തിരിച്ചറിഞ്ഞു , ഞങ്ങൾ വിദേശികളാണ് . അന്നും ഇന്നും എന്നും . ഒരോരുത്തരായി പഴയ കൂട്ടിലേക്ക് പറന്നുതുടങ്ങി . നഗരം ആനന്ദിച്ചു . അങ്ങെ ഒഴിഞ്ഞുതുടങ്ങിയവർ ആദ്യമാദ്യം നഗരത്തിന് സന്തോഷമായിരുന്നെങ്കിൽ  അവർ തിരിച്ചറിഞ്ഞു തുടങ്ങി , ആ ആളുകളായിരുന്നു നഗരത്തിൻ്റെ  നട്ടെല്ലെന്ന് , പക്ഷേ താമസിച്ചു പോയിരുന്നു . വിശ്വാസം നഷ്ടമായ ലക്ഷങ്ങൾ ഒഴിഞ്ഞുപൊയ്കൊണ്ടിരുന്നു . ഒടുവിൽ അവസാന ആളും പടിയിറങ്ങി . 


                     നഗരത്തിൽ  വല്ലപ്പോഴും നാട് കാണാൻ വരുന്നവർ മാത്രമായി . പിന്നെ പിന്നെ അതും നിലച്ചു . താമസിക്കാനാളില്ലാത്ത  കെട്ടിടങ്ങൾ . ഓടിക്കാൻ ആൾക്കാരില്ലാത്ത വാഹനങ്ങൾ , പഠിക്കാൻ സ്കൂളുകളിൽ കുട്ടികളില്ല , ഹോട്ടലുകളിൽ ആളുകളില്ല . പല വലിയ മാളുകളും പൂട്ടിപ്പോയിരിക്കുന്നു .  ആ നഗരം അപകടം മണത്തു . വീണ്ടും ആൾക്കാരെ തിരികെ വിളിക്കാൻ ശ്രമിച്ചു . ഒരാളുപോലും തിരിഞ്ഞു നോക്കിയില്ല . അവർക്ക്     വിശ്വാസം നഷ്ടമായിരുന്നു . നഗരത്തിൽ നിന്നും എല്ലാം ഉപേക്ഷിച്ചുകൊണ്ട് അവർ തങ്ങളുടെ  കൂടുകളിൽ  വിശ്വാസപൂർവ്വം  തിരികെഎത്തി.   പക്ഷേ അവിടെയും അവർ വിരുന്നുകാരായിരുന്നു . മധുരവുമായി സമ്മാനങ്ങളുമായി വരുന്ന വിരുന്നുകാർ . തങ്ങൾ തിരികെ  പോകാതെ വന്നപ്പോഴാണ് അവർക്ക്   അത് മനസ്സിലായത്  അവിടേയും  അവർ  ഒറ്റപ്പെട്ടു . അവഗണ , പരിഹാസം , അവരുടെ നാട് ഒരുപാട് മൂന്നോട്ട് പോയിരുന്നു . അവർ മനസ്സിലാക്കിയിരുന്നതിലും ഒരു പാട് മുന്നിൽ . ആ മാറ്റത്തിൽ അവർക്കിടമുണ്ടായിരുന്നില്ല . 

അങ്ങനെ ഇരിക്കെ  അങ്ങ് ദൂരെ മറ്റൊരു നഗരം പിറന്നു . അവർ എല്ലാവരേയും  കൈയാട്ടി വിളിക്കുന്ന കണ്ട് ആ വിരുന്നുകാർ  അങ്ങോട്ടോടി . ആ നഗരത്തിൻ്റെ   വാതിൽ കടന്നതും അവൻ ഉറക്കെ ഉറക്കെ ശ്വാസമെടുത്തു. സ്വാതന്ത്യമുള്ള  ഒരു പുതിയ കൂടിലേക്ക്  വീണ്ടും  അവൻ . അവൻ പ്രവാസി . 

Tuesday, July 16, 2024

ഞാനും അവളും : കവിത

 ഞാനും അവളും 


കവിത ( സജീവ്കുമാർ ശശിധരൻ ) 


ചില്ലായിരുന്നു ഞാൻ 

കൂട്ടുകാരീ 

അന്നും കടന്നു നീ 

പോയിരുന്നു .


കാർമുകിൽ  നോക്കി  

കറുത്തു വീണ്ടും .

കാരണം

മാരിവില്ലായിരുന്നു .


കേരം തകർക്കുന്ന 

മിന്നൽ വിട്ടാ  

ജനയിതാവെന്നെ  

ഭയപ്പെടുത്തി . 


ഇല്ല പിന്നോട്ടില്ല 

ഞാനുറച്ചു .

എന്നില്ലാ വർണ്ണങ്ങൾ 

ഞാൻ നിറച്ചു .


ഏഴ് വർണ്ണം ചേർന്ന് 

ഞാൻ കറുത്തു . 

കരിമുകിൽ താതനും 

പുഞ്ചിരിച്ചു .


അവൾ വരും കാലം 

നോക്കി നിൽപ്പൂ  

മഴവില്ലവൾ

എൻ്റെ മഴയാണവൾ 

Thursday, July 11, 2024

വനദേവത : കവിത

 വനദേവത 

(കവിത : സജീവ്കുമാർ ശശിധരൻ )



ഉളെളൻ്റെ   ഉള്ളിൽ 

ഇരുളാണ് പെണ്ണേ 

കാടാണ് പെണ്ണേ  

മൃഗങ്ങളുണ്ട് .


നടവഴി വിട്ടുനീ 

ഉള്ളുകണ്ടാൽ 

മറുവഴിയില്ല 

തിരിച്ചുപോകാൻ .


എവിടേയോ 

ഉള്ളിൽ പൂക്കളുണ്ട് .

മിന്നിത്തിളങ്ങും 

വെളിച്ചമുണ്ട് .


പിന്നെ കഴിപ്പാൻ

ഫലങ്ങളുണ്ട് 

നിന്നെയുറക്കാൻ 

കിളികളുണ്ട് .


അറിയില്ല , നീ 

വന്നെടുത്തുകൊൾക

വനമാണ് ഞാൻ,

നീ വനദേവത .