Thursday, June 27, 2024

പ്രണയമാണ് : കവിത

 പ്രണയമാണ് 


( കവിത : സജീവ്കുമാർ ശശിധരൻ )



നിലവിളക്കിൻ തിരി 

ഉതിരുന്ന നിൻപ്രഭ 

മുഖകാന്തിയെന്നിൽ 

തെളിഞ്ഞുനിൽപ്പൂ  .


നിശ മരിക്കുന്നില്ല 

വിരഹിണിയല്ല നീ 

പ്രണയമെന്നുള്ളിൽ 

നിന്നോടാണ് .


പരിഭമില്ല , ഞാൻ 

പറയുകയില്ലയെൻ 

കരൾ പിടയ്ക്കുന്നൊരാ 

പ്രണയ വാക്ക് .


അറിയാത്ത മുഖമുള്ള 

അഭിനയ പ്രതിഭ ഞാൻ 

ആ വാക്ക് ചൊല്ലുവാൻ 

ആളുമല്ല .


വിധിവരുമാദിനം

വന്നെത്തുമെന്നുടെ 

വഴിവെട്ടി നിന്നെ 

ഞാൻ ആനയിക്കും  .


കരളു കവിഞ്ഞൊരെൻ 

പ്രണയമൊഴുക്കി നിൻ 

കരളുനിറച്ചു ഞാൻ 

പ്രണയമാകും .

എൻ്റെ ഭയം : കവിത

 എൻ്റെ  ഭയം 


കവിത ( സജീവ്കുമാർ ശശിധരൻ )



മാട് ചവച്ചിറക്കും 

വീണ്ടും തിന്നും 

ആള് അയവെട്ടുമോ 


കേളൻ ചിരിച്ചുവെന്നാൽ 

പോഷകൻമാർ

പാഷാണവുംകഴിക്കും 


ആളുകളേറെയുണ്ട് 

വിഡ്ഢിപ്പെട്ടി 

കീറി നീറി ചിലയ്ക്കും .


നാവ് നീളെപറഞ്ഞാൽ 

മാളോർക്കെന്ത് 

നാല് നാളിൽ മറക്കും .


ആതുര വേളയിലും 

ആനന്ദിക്കും 

ആർത്തിപിടിച്ചകൂട്ടം 


കാണുന്ന കണ്ണുകളിൽ 

നാളെയല്ല .ഇന്നിൻ്റെ 

ഭീതിയാണ് .


വീട് കരഞ്ഞുപോയാൽ 

പിന്നെ പിന്നെ 

നാട് കരിഞ്ഞു പോകും .


നാടേ കരിഞ്ഞുപോയി 

പിന്നെയെന്ത്  രാജനും 

രാജവാക്കും .

   

Tuesday, June 25, 2024

എൻ്റെ അക്ഷരങ്ങൾ : കവിത

 എൻ്റെ  അക്ഷരങ്ങൾ 


( കവിത : സജീവ്കുമാർ ശശിധരൻ )


കാലമൊരു കാപട്യ 

ചിരി വരച്ചു .

ഉലയുന്ന വീടിനോ 

തീ പിടിച്ചു .


നോവുകൾ വേവുന്ന 

ഓർമ്മയുടെ മരുഭൂമി 

അക്ഷരം തന്നുപോയി 

ഞാൻ വിളമ്പും  


അക്ഷരത്തുള്ളിയാൽ 

അമ്മാനമാടുന്ന 

അരയർക്കുനൽകുവാൻ 

ഞാൻ ചരിച്ചു .


കടലുകാണാൻ വന്ന 

ഇടയൻ്റെ  കൗതുകം 

കടലു കൊള്ളാമടോ 

മീൻപിടിക്കാം .


അക്ഷര മുത്തുകൾ 

ഏറെ പണിപ്പെട്ട് 

അർത്ഥത്തിലാക്കി

ഞാൻ അരയനായി .


സ്രാവുകൾ വാളകൾ 

അറിയാത്ത മീനുകൾ  

വലപൊട്ടി അരയന്നു 

ക്ഷീണമായി .


അക്ഷരി വരും .

വാക്കുണ്ട് ,വലകെട്ടും

വക്രതയല്ലഞാൻ 

തളരില്ല ഞാൻ

അതിഥി : കവിത

 അതിഥി

കവിത : സജീവ്കുമാർ ശശിധരൻ 



നാടുകാണാൻ വന്നു  വേനൽ 

നാട് നീങ്ങി പോണു മാളോർ 


നാണമില്ലന്നോത്ത് കേട്ട് 

മാരിയെങ്ങോ പോയതാണ് .


മാരി വേണം ,വേനൽ വേണം 

വന്നു പോകാൻ ഊരു വേണം .


വന്നുനിന്നാൽ ഓർമ്മ വേണം 

വിരുന്നുകാരേ പോയിടേണം .

മുഖങ്ങൾ : കവിത ( with audio )

 മുഖങ്ങൾ 


(കവിത : സജീവ്കുമാർ ശശിധരൻ )



നിഴലുള്ള വഴിയേ 

നടക്കാതെ പോകാം 

നിഴലും ചതിക്കും 

നരനാണ് ഞാനും 


നിറമെന്നു ചൊല്ലി 

വാഴ്ത്തുന്നുമാളോർ

പലനിറം പേറുന്ന 

കണ്ണുള്ള മാളോർ 


കവിതയിലും ഒരുവരി 

പറയാതെ വയ്യ 

കള്ളങ്ങളാണ് നാം 

കാണുന്നതെല്ലാം .


അവനെ ചതുപ്പു

ഞാൻ എന്നെ ചതിപ്പൂ 

വീടും ചതിപ്പൂ .

നാടും ചതിപ്പൂ 


Sunday, June 23, 2024

പാതകൾ : കവിത ( with audio )

 പാതകൾ 


(കവിത : സജീവ്കുമാർ ശശിധരൻ )



നേരമില്ലാത്തതാ

എൻ്റെ നേരം 

കാരണം ചൊല്ലുവാൻ  

ഒന്നുമില്ല 


കാടാണ് ,മുള്ളുണ്ട് 

പഥിതനായി ഏകനായ്

കാത് കേൾക്കും വഴി 

പോകുന്നു ഞാൻ .


കൂക്കുവിളി വന്നെൻ്റെ 

കാതിൽ മുഴങ്ങി .

നിറമുള്ള സന്ധ്യ 

ഇതളറ്റു വീണു .


ഇരുളോ ഭയം ചൊല്ലി 

ഇടവഴിമറച്ചു .

കടലാണ് കാട് 

കണ്ണാണ് കാത് . 


മിന്നാമിനുങ്ങുകൾ 

കൂട്ടമായെത്തി .

മിന്നിത്തിളങ്ങിയെൻ 

മുള്ളുള്ള   പാത .


കണ്ണൂ തിരുമി ഞാൻ 

നോക്കുന്ന നേരം 

കണ്ടുമിഴിച്ചു പോയ്  

ആയിരം പാത .


ആകെ വശംകെട്ട് 

കാതുകൂർപ്പിച്ചു .

കാതതോ  ചൊല്ലി 

നേരുള്ള പാത .


Thursday, June 13, 2024

ഞാൻ,എൻ്റെ :കവിത(with audio)


 ഞാൻ , എൻ്റെ 


കവിത : സജീവ്കുമാർ ശശിധരൻ 


കാലങ്ങളെന്നെ

തരം തിരിച്ചു .

കായലുകൊണ്ടു

വളഞ്ഞുവെച്ചു  .


നാൽപ്പതിലെത്തി

തിരിഞ്ഞുനോക്കി .   

ജീവിച്ചിരുന്നു 

ഞാൻ കാലുകെട്ടി .


എന്നോടെനിക്കുള്ള

പ്രണയമെന്നെ 

കെട്ടിവരിഞ്ഞിന്നു 

മുത്തമിട്ടു .


കെട്ടുപൊട്ടിച്ചു

പറന്നുപോകാൻ 

ഉള്ളുപിടഞ്ഞിന്നു   

വീർപ്പുമുട്ടി .


വിധിയെന്നെവടുകൻ    

വളഞ്ഞുനോക്കി .

വടുകനെ നോക്കാതെ 

ഞാൻ നടന്നു .


ഉള്ളു കവിഞ്ഞു

പ്രണയമാണ് .

കായൽ കടന്നിന്ന് 

പോയിടേണം .


അറിയില്ല 

നീന്തലെനിക്കെങ്കിലും 

ആഴത്തിലേക്കു

ഞാനെടുത്തുചാടി .


ഞാൻ മതി 

എൻ്റെ പ്രണയം മതി 

ഒരുനൊടിയാകിലും 

അത് സുന്ദരം .



Tuesday, June 11, 2024

വ്യാപിയുടെ വായ്പ്പ : കവിത ( with audio)

 വ്യാപിയുടെ  വായ്പ്പ


കവിത : സജീവ്കുമാർ ശശിധരൻ 


നേർച്ചകളൊരുപാട് 

ചെയ്യ്തുതീർക്കാനുണ്ട് .

വാക്കുപറഞ്ഞുഞാൻ 

കാത്തിരിപ്പൂ .


കാര്യം നടന്നാലുമില്ലെങ്കിലും 

കടം , കതിരോൻ്റെ  മുന്നിലാ... 

ഓർമ്മവേണം .


വാമമിടർച്ചയോടോതുന്നു 

പരിഭവം .

കതിരവൻമാരിന്നെവിടയാണോ ?


തരിശുപോൽ ജീവിതം 

മഴയും വരുന്നില്ല 

പതിയാണ് പരിഭവം 

കേട്ടുതീർക്കാം .


തോഷകനായിടാം ,

നേർച്ചനടത്തിടാം 

ഭവതിക്കുമനശാന്തി 

വീണുകിട്ടും.


കൂട്ടത്തിലെന്നുടെ 

വാശിനടന്നിടും 

ഭഗവാനിനിയെൻ 

കടക്കാരനാ ...  

Monday, June 10, 2024

സോദരൻ : കവിത

 സോദരൻ 


കവിത ( സജീവ് കുമാർ ശശിധരൻ )



നല്ലതെന്ന് ചൊല്ലുന്നതൊക്കയും 

നല്ലതാർക്കെന്ന ചിന്തയുണ്ടാവണം .


കണ്ടു നിൽപ്പതു കൊടികളെങ്കിലോ 

കോടിയാളിലും ചിന്തയും കോടിയിൽ .



എൻ്റെ ചിന്തയിൽ എന്തിന്നുചേരുന്നു .

നിൻ്റെ ജല്പനം ,ഞാനെന്തു കേൾപ്പേണ്ടു .



ഞാനുമില്ലയെൻ ജല്പനമോതുവാൻ 

ചേർന്ന് പോയിടാം സോദരരായിടാം .

Friday, June 7, 2024

അപ്പൻ : ചെറുകഥ

 അപ്പൻ 

ചെറുകഥ : സജീവ്കുമാർ ശശിധരൻ 


രാവിലെ പത്രം വന്നു . നോക്കി , പതിവുപോലെ തന്നെ  ,ഒന്നുമില്ല , എല്ലാ വാർത്തകളും  പഴയപോലെ  , പഴയ വാർത്തകൾക്ക്  പുതിയ ഉടുപ്പിട്ട്  വന്നിരിക്കുന്നു  അത്ര തന്നെ ,  എങ്കിലും ഒന്നുകൂടി മുഴുവൻ നോക്കി . ഇനി ഉച്ചക്ക് ഒന്നുകൂടി നോക്കണം , വൈകിട്ടും പിന്നെ രാത്രി വീണ്ടും മുഴുവൻ വായിക്കണം . കൊടുത്ത കാശ് മുതലാവണ്ടേ , ഇരുട്ടി വെളുത്താൽ  ആയുസ്സറ്റുപോകുന്ന അപൂർവ്വ ജീവികളിൽ ഒന്നാണ് . രാത്രിയിൽ അയാൾ ഒന്നുകൂടി അതിൽ ഊളിയിട്ടു . തന്നെക്കുറിച്ചുള്ള എന്തെങ്കിലും ;   ഒരു ചെറിയ കോളം വാർത്തയെങ്കിലും   , അല്ലെങ്കിൽ ഒരു വരിയെങ്കിലും   ,  താനും ഒരു എഴുത്തുകാരനല്ലേ ? സ്വന്തം പേരിൽ എഴുതിയാൽ മതിയായിരുന്നു . ഒന്നുമില്ലേൽ നാട്ടുകാരെങ്കിലും മനസ്സിലാക്കിയേനെ താനൊരു എഴുത്തുകാരനാണെന്ന് . ഇതിപ്പോ ആർക്കുമറിയില്ല . ആ   ചിലപ്പോൾ നാളെയുണ്ടാവും . അയാൾ സമാധാനത്തോടെ അന്ന് കണ്ണടച്ചു . രാവിലെ പത്രം വന്നു . ആദ്യ പേജിൽ  വലിയ അക്ഷരത്തിൽ  ' ഈ വർഷത്തെ മികച്ച കൃതിക്കുള്ള അവാർഡ് " അപ്പന് " അയാൾ അതും വായിച്ചു , പിന്നെ ബാക്കി എല്ലാ പേജും വായിച്ചു തീർത്തു . ഇനി ഉച്ചക്ക് , പിന്നെ വൈകിട്ട് അവസാനം രാത്രി ഒരിക്കൽ കൂടി . അയാൾ അതോർത്ത് ചിരിച്ചുകൊണ്ട്  അകത്തേക്ക് പോയി . പിറ്റേന്ന് രാവിലെ പത്രം വന്നു . പിന്നെയും രാവിലകളിൽ പത്രം വന്നു . അയാളുടെ വീടിന് മുന്നിൽ അത്  കുമിഞ്ഞു കൂടി . പിന്നെ പിന്നെ ആ  വീട്ടിൽ ദുർഗന്ധം നിറഞ്ഞു . അയാളൊരുദുർഗന്ധമായി തീർന്നിരിക്കുന്നു . അപ്പൻ വിടവാങ്ങി . ആദ്യത്തേതും അവസാനത്തേതുമായ  കൃതി  പൊലിഞ്ഞുപോയ ഭാര്യക്കും പിന്നെ നാട്ടുകാർക്കും സമർപ്പിച്ചുകൊണ്ട് . കൃതിയുടെ അവസാന താളുകളെ പുനർജീവിപ്പിച്ചുകൊണ്ട്  തൻ്റെ ആത്മകഥയ്ക്ക്  വിരാമമിട്ടുകൊണ്ട്. 

ഹൃദയം തരട്ടെ : കവിത (with audio)

 


ഹൃദയം  തരട്ടെ 

സജീവ്കുമാർ ശശിധരൻ 



നിറമുള്ള ജീവിത

തളികയെറിഞ്ഞിട്ടു പോയിനമ്മൾ 


കടലുകാണേണം . 


കടലുകാണേണം ,കടൽത്തിരയിൽ 

ആര്‍ദ്രമാം നുരയിലലിയേണം   .   


മരണം വരട്ടെ .


മരണം വരട്ടെയെന്നൊരുമിച്ചു ചൊല്ലുവാൻ 

കൈകൾ കോർക്കേണം .


ഹൃദയം  തരട്ടെ.


ഇല്ല , ആളില്ല , തീരദൂരത്തിൽ 

മുന്തിരിച്ചാറുപോൽ പതയും നുര .


മതിയെന്ന് ചൊല്ലിയെൻ കൈയ്യുംപിടിച്ചവൾ 

ചുരുളുന്ന നുരയിൽ ചുരുണ്ടു ചേർന്നു .


എൻ്റെ  മരണം വരുന്നതും ഞാനറിഞ്ഞു .

എൻ്റെ  ഹൃദയം നിലപ്പതും ഞാനറിഞ്ഞു .



ഹൃദയമെന്നോതിയോൾ കൈകൾ 

ഇറുത്തുകൊണ്ടകലേക്ക് നീന്തുന്ന കാഴ്ച്ച കണ്ടു .


എൻ്റെ  ഹൃദയം നിലപ്പതും ഞാനറിഞ്ഞു .

എൻ്റെ പ്രണയം ചതിച്ചതും ഞാനറിഞ്ഞു .


Thursday, June 6, 2024

കവിയുടെ മരണം : കവിത ( with audio )

 കവിയുടെ മരണം 


സജീവ്കുമാർ ശശിധരൻ 



കവിതയെഴുതുന്നകരളിന് വേദന 

വിഷയം ഒരു തരിയുംവരുന്നതില്ല .

ചന്ദ്രികയില്ല പ്രണയമില്ല 

പരിണയകഥകളൊന്നുമില്ല .


ജനവാതിലപ്പുറം മതിലുകാണാം 

മതിൽകെട്ടിനപ്പുറം എന്ത് കാണാൻ  ?.

വിഷയം ഒരു തരിയും വരുന്നില്ലടോ  .

മതിൽകെട്ടിനിപ്പുറം ഞാനെന്ത്  കാണാൻ  ?.



വാതിൽപടിയിലാരക്കയോ 

ഏന്തി വലിഞ്ഞു നോക്കിടുമ്പോൾ 

വെള്ളയുടുപ്പുകൾ ഓടിടുന്നു  .

വെള്ളിവെളിച്ചത്തിൽ പോകുമോ ഞാൻ .



ഒരു കവിത കൂടിയെഴുതണം ഹേ ..

ഞാനെന്ന   വിഷയം വീണുകിട്ടി . 

ആരാനും ഒരുമാത്ര ചേർന്നുനിൽക്കൂ 

കോറുവാൻ വയ്യ ഞാൻ ചൊല്ലിത്തെരാം .


പേരെൻ്റെ ചേർക്കേണ്ട ഒന്ന് കേൾക്കൂ .

അവസാന ഗർഭം പെറ്റോട്ടെ ഞാൻ .

ആരാനും ഒരുമാത്ര ചേർന്നുനിൽക്കൂ 

കോറുവാൻ വയ്യ ഞാൻ ചൊല്ലിത്തെരാം .


തലവഴി ആരോ തൂവെള്ളമൂടി 

ചൊല്ലിയതോ ആരും കേട്ടതില്ല .

ആ ചൊല്ല് മെല്ലെ പറന്നുപൊങ്ങി 

കവിയേയും കൊണ്ട് പറന്നുപോയി .


Monday, June 3, 2024

ഒഴുക്ക് :കവിത

 


ഒഴുക്ക് 


സജീവ്കുമാർ ശശിധരൻ 


 നാവു പിഴച്ചുപോയാൽ 

കാലങ്ങളാ നോവ് നിനച്ചിരിക്കും 


നീളുന്ന മൺവഴിയിൽ  

മഴവന്നാൽ ആകെ നനഞ്ഞിരിക്കും 


വീടുകരഞ്ഞിരുന്നാൽ

നാടിനെന്ത് , നാട് നടന്നു പോകും .


നീയും മടിച്ചിരുന്നാൽ 

നിന്നെ വിട്ട് ഞാനും കടന്നുപോകും .


Sunday, June 2, 2024

കുഞ്ഞു കവിതകൾ


കുഞ്ഞു കവിതകൾ 

സജീവ്കുമാർ ശശിധരൻ 


 01 . വെമ്പൽ 

തിരയെ 

പുണരുവാൻ വെമ്പി 

കര തിരയോട് ചൊല്ലി 

പ്രണയമെന്ന് .


ഉള്ളിൽ ചിരിപൊട്ടി 

അവളുചൊല്ലി  

ഞാനിന്ന് പുൽകട്ടെ 

പ്രണയമാണ് .



02. കൊടുക്കൽ വാങ്ങൽ 


അവളൊരു സ്വർണ്ണമായി 

മാറിയപ്പോൾ 

അവരത് വിറ്റിട്ട് 

വേലി തീർത്തു .


വീട്ടിലെ സ്വർണ്ണം 

മറിച്ചുനൽകി .

മറ്റൊരാൾ അതുവിറ്റ്  

വേലി തീർത്തു .


03. കറുപ്പ് 


കറുത്ത കോട്ടിട്ട 

രാക്ഷസ രാജാവ് 

ചട്ടങ്ങൾ  കൊണ്ടിന്ന് 

കൊഞ്ഞനം കുത്തുന്നു .


വിധി അത് 

ചൊല്ലുവാനേറുന്ന താമസം   

കാലത്തിലെല്ലാം  

നിറയ്ക്കുന്നു  മാലിന്യം .


എത്താത്ത വിധികളും 

തീരാത്ത വ്യഥകളും 

അറിയാത്ത  വീഥിയിൽ

അലയും മനുജരും  .


കാർമുകിൽ പെയ്യുമോ 

പാലിൽനിലാവൊളിപോലെ 

പെയ്യുകിൽ സുന്ദരം 

നാളകൾ സുന്ദരം .