നഗരവും അവരും
ചെറുകഥ : സജീവ്കുമാർ ശശിധരൻ
ആളുകൾ ഒഴുകിഎത്തി . നഗരം തല ഉയർത്തിപ്പിടിച്ച് നിന്നു . ആ നഗരം തന്നെ ഒരു രാജ്യമായിരുന്നു . അതിന്റെ തിളക്കത്തിൽ ആളുകൾ അങ്ങോട്ട് ഒഴുകി വന്നു . വളരെ താഴ്ന്ന സ്വദേശികളുടെ എണ്ണവും അവരുടെ അജ്ഞതയും വിദേശികളെ അങ്ങോട്ട് വരുത്തുവാൻ ആ നഗരം തീരുമാനിച്ചു . അനേകം ആതമാവുകൾ അങ്ങോട്ട് ചേക്കേറി . അവർ ആ ആയിരങ്ങൾ തണലുകളായിരുന്നു , ലക്ഷങ്ങളുടെ തണലുകൾ . നാളുകൾ കൊഴിഞ്ഞു . നഗരത്തിന് തലക്കനം വന്നുതുടങ്ങി . അവർ നിയമങ്ങളുണ്ടാക്കി . അവർ വരുമാനമുണ്ടാക്കി . അവർ വന്നവരെ പണിയെടുപ്പിച്ചു . അവർ വന്നവരിൽ നിന്നും പഠിച്ചു . ഒടുവിൽ അവർ വന്നവരെ പഠിപ്പിക്കാനും തുടങ്ങി . വന്നവരുടെ സമ്പാദ്യം ആ നഗരം അവരറിയാതെ തിന്നുകൊണ്ടിരുന്നു .
ഒരിക്കൽ നഗരത്തിന് തോന്നി , ഇനി ഈ ആളുകളെന്തിന് എല്ലാവരും പോകട്ടെ , വെറുതെ പറഞ്ഞാൽ പോകില്ല . അവർ മടുത്ത് പോക്കണം . ഇനി നല്ല നിലയിലുള്ള വരുമാനമുള്ള ആളുകൾ മതി . ഇത് ഞങ്ങൾ സ്വദേശികളുടെ നഗരമാണ് . ഞങ്ങളുടെ നഗരം ഞങ്ങൾക്ക് . അവർ പറഞ്ഞുതുടങ്ങി . അവർ ജോലികൾ കൈയ്യേറിത്തുടങ്ങി . അവശ്യ സാധനവിലകൾ കൂട്ടി , താമസം ചിലവേറി , മരുന്നും വെള്ളവുമൊക്കെ വിലകൂട്ടി . ശമ്പളത്തിലെ അക്കങ്ങൾ വെട്ടിക്കുറക്കപ്പെട്ടു . എന്നിട്ടും ആൾക്കാർ പിടിച്ചു നിന്നു . നഗരം പണിസ്ഥലങ്ങളിൽ അവരുടെ ആളുകളെ തിരുകി കയറ്റി. പതിയെ വന്നവർ തിരിച്ചറിഞ്ഞു , ഞങ്ങൾ വിദേശികളാണ് . അന്നും ഇന്നും എന്നും . ഒരോരുത്തരായി പഴയ കൂട്ടിലേക്ക് പറന്നുതുടങ്ങി . നഗരം ആനന്ദിച്ചു . അങ്ങെ ഒഴിഞ്ഞുതുടങ്ങിയവർ ആദ്യമാദ്യം നഗരത്തിന് സന്തോഷമായിരുന്നെങ്കിൽ അവർ തിരിച്ചറിഞ്ഞു തുടങ്ങി , ആ ആളുകളായിരുന്നു നഗരത്തിൻ്റെ നട്ടെല്ലെന്ന് , പക്ഷേ താമസിച്ചു പോയിരുന്നു . വിശ്വാസം നഷ്ടമായ ലക്ഷങ്ങൾ ഒഴിഞ്ഞുപൊയ്കൊണ്ടിരുന്നു . ഒടുവിൽ അവസാന ആളും പടിയിറങ്ങി .
നഗരത്തിൽ വല്ലപ്പോഴും നാട് കാണാൻ വരുന്നവർ മാത്രമായി . പിന്നെ പിന്നെ അതും നിലച്ചു . താമസിക്കാനാളില്ലാത്ത കെട്ടിടങ്ങൾ . ഓടിക്കാൻ ആൾക്കാരില്ലാത്ത വാഹനങ്ങൾ , പഠിക്കാൻ സ്കൂളുകളിൽ കുട്ടികളില്ല , ഹോട്ടലുകളിൽ ആളുകളില്ല . പല വലിയ മാളുകളും പൂട്ടിപ്പോയിരിക്കുന്നു . ആ നഗരം അപകടം മണത്തു . വീണ്ടും ആൾക്കാരെ തിരികെ വിളിക്കാൻ ശ്രമിച്ചു . ഒരാളുപോലും തിരിഞ്ഞു നോക്കിയില്ല . അവർക്ക് വിശ്വാസം നഷ്ടമായിരുന്നു . നഗരത്തിൽ നിന്നും എല്ലാം ഉപേക്ഷിച്ചുകൊണ്ട് അവർ തങ്ങളുടെ കൂടുകളിൽ വിശ്വാസപൂർവ്വം തിരികെഎത്തി. പക്ഷേ അവിടെയും അവർ വിരുന്നുകാരായിരുന്നു . മധുരവുമായി സമ്മാനങ്ങളുമായി വരുന്ന വിരുന്നുകാർ . തങ്ങൾ തിരികെ പോകാതെ വന്നപ്പോഴാണ് അവർക്ക് അത് മനസ്സിലായത് അവിടേയും അവർ ഒറ്റപ്പെട്ടു . അവഗണ , പരിഹാസം , അവരുടെ നാട് ഒരുപാട് മൂന്നോട്ട് പോയിരുന്നു . അവർ മനസ്സിലാക്കിയിരുന്നതിലും ഒരു പാട് മുന്നിൽ . ആ മാറ്റത്തിൽ അവർക്കിടമുണ്ടായിരുന്നില്ല .
അങ്ങനെ ഇരിക്കെ അങ്ങ് ദൂരെ മറ്റൊരു നഗരം പിറന്നു . അവർ എല്ലാവരേയും കൈയാട്ടി വിളിക്കുന്ന കണ്ട് ആ വിരുന്നുകാർ അങ്ങോട്ടോടി . ആ നഗരത്തിൻ്റെ വാതിൽ കടന്നതും അവൻ ഉറക്കെ ഉറക്കെ ശ്വാസമെടുത്തു. സ്വാതന്ത്യമുള്ള ഒരു പുതിയ കൂടിലേക്ക് വീണ്ടും അവൻ . അവൻ പ്രവാസി .