Tuesday, April 30, 2024

വെള്ളമരം : ചെറുകഥ

                                                               



                                                           വെള്ളമരം


                                             സജീവ്കുമാർ ശശിധരൻ  



ആ മരം അനങ്ങാതെ നിന്നു . ഇലകൾക്ക് വെള്ളനിറം , തൂവെള്ള നിറം . മഴയില്ല , വെയിലില്ല , ഒന്നുമില്ല . 

മുഴുവൻ മഞ്ഞുകലർന്ന അന്തരീക്ഷം .കാലം മുന്നോട്ട് പോയി ഒരുനാൾ  എവിടെ നിന്നോ ഒരാൾ നടന്ന് നടന്ന്  വന്നു . തന്റെ സഞ്ചിയിൽനിന്നും ഒരുകുപ്പി കറുത്ത മഷിയെടുത്ത് ആ മരത്തെ വലംവെച്ചുകൊണ്ട് വീശിയെറിഞ്ഞു . ഇലകൾക്ക് തൂവെള്ള നിറം നഷ്ടമായി . അവയിൽ കറുത്ത പാടുകൾ വീണു . വെള്ളനിറം മാത്രം കണ്ട് ശീലിച്ചവർക്ക്‌ അത് പുതിയ അനുഭവമായിരുന്നു . കറുപ്പിനെ അവർ ആസ്വദിച്ചു . വീണ്ടും വീണ്ടും കറുപ്പ് നിറക്കാൻ അവർ വരിവരിയായി നിന്നു . ഒടുവിൽ ആ വലിയ മരം മുഴുവൻ കറുപ്പ് നിറഞ്ഞു . മഴയില്ല , വെയിലില്ല , ഒന്നുമില്ല . പിന്നൊന്നുകൂടി ഇല്ലാതായി . വെളിച്ചം , ആ മഞ്ഞുകലർന്ന അന്തരീക്ഷമുള്ള വെളിച്ചം . 

ആ മരത്തിന്റെ വെള്ളനിറമായിരുന്നു ആ വെളിച്ചം.  അവിടമാകെ കറുപ്പ് നിറഞ്ഞു . ആർക്കും ഒന്നും കാണാനാകാത്ത അവസ്ഥ . എല്ലാം കറുപ്പ് . ഇനിയൊരു മഴപെയ്യണം ആ കറുപ്പിനെ കഴുകിക്കളയാൻ . ആ മഴ പെയ്യുമോ ?